റോയൽ എൻഫീൽഡ് ഹിമാലയൻ ബൈക്കുകൾ തിരിച്ചു വിളിക്കുന്നു

കൊച്ചി: എഞ്ചിൻ തകരാറിനെ തുടർന്ന് റോയൽ എൻഫീൽഡ് ഹിമാലയൻ ബൈക്കുകൾ തിരിച്ചു വിളിക്കുന്നു. സാഹസിക യാത്രികർ ഏറെ ഇഷ്ടപ്പെടുന്ന ബൈക്കിന്റെ ക്ലച്ചിലും എഞ്ചിനിലുമാണ് തകരാറ് കണ്ടെത്തിയത്. റോക്കർ ഷാഫ്റ്റിലെയും ക്ലച്ച് അസംബ്ലിയിലെയും തകരാറാണ് കാരണം. വിവിധ ഡീലർഷിപ്പുകൾ വാഹനം തിരിച്ചു വിളിക്കുന്ന നടപടി ആരംഭിച്ചു കഴിഞ്ഞു.
വാഹന ഉടമകളെ കന്പനി തന്നെ നേരിട്ട് ബന്ധപ്പെട്ട് പ്രശ്നം പരിഹരിക്കും. മറ്റ് വാഹന ഉടമകൾക്ക് അവരുടെ ഒന്നാം സർവീസിലും പ്രശ്നം പരിഹരിക്കുമെന്നും കന്പനി വൃത്തങ്ങൾ കൂട്ടിച്ചേർത്തു. അംഗീകൃത സർവീസ് സെന്ററുകളിൽ നിന്ന് സൗജന്യമായി തന്നെ എഞ്ചിൻ തകരാറ് പരിഹരിച്ചു നൽകുന്നതാണ്. ദീർഘദൂര സാഹസിക യാത്രികരുടെ പ്രിയപ്പെട്ട വാഹനമായ റോയൽ എൻഫീൽഡ് ഹിമാലയൻ ഈ വർഷം ജനുവരിയിൽ മാത്രം. 49060 യൂണിറ്റ് ബൈക്കുകൾ വിറ്റഴിഞ്ഞു. മുൻ വർഷത്തെ അപേക്ഷിച്ച് ഹിമാലയന്റെ വിൽപ്പനയിൽ 34 ശതമാനത്തിന്റെ വർധനവാണിത്. വാഹനം തിരിച്ചു വിളിക്കുന്നതിനെക്കുറിച്ച് കൂടുതൽ അറിയാൻ ഉടമകൾ ഡീലർമാരുമായി ബന്ധപ്പെടണമെന്നും കന്പനി വൃത്തങ്ങൾ അറിയിച്ചു.