ഭാര്യയെ വിവരമറിയിക്കണം; കേസ് നടത്തണം: അഭിഭാഷകനോട് അമീർ

തിരുവനന്തപുരം: ജയിലിലായ കാര്യം കൊല്‍ക്കത്തയിലുള്ള ഭാര്യയെയും ബന്ധുക്കളെയും അറിയിക്കണമെന്നും തനിക്ക് വേണ്ടി കേസ് നടത്തണമെന്നും ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്‌ലാം. പ്രതിഭാഗം അഭിഭാഷകനായ പി.രാജനോടാണ് അമീര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. കോടതി അനുമതിയോടെയാണ് അഭിഭാഷകന്‍ കാക്കനാട് ജില്ലാ ജയിലില്‍ അമീറിനെ കണ്ടത്. ദ്വിഭാഷിയുടെ സഹായത്തോടെയായിരുന്നു കൂടിക്കാഴ്ച. മൃഗപീഡന കേസ് റജിസ്റ്റര്‍ ചെയ്ത കാര്യം പ്രതി അറിഞ്ഞിട്ടില്ല. ഇക്കാര്യം അറിയില്ലെന്നാണ് ചോദ്യത്തിനു മറുപടിയായി പറഞ്ഞത്. കേസ് നടത്തിപ്പിനായി ചില ചോദ്യങ്ങള്‍ തയാറാക്കിയിരുന്നെങ്കിലും അതിനുള്ള ഉത്തരങ്ങള്‍ വ്യക്തമായി ലഭിച്ചില്ല.
ജയില്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. കേസിനെക്കുറിച്ചു പൊലീസിനു നല്‍കിയ മൊഴി തന്നെയാണ് അമീര്‍ ആവര്‍ത്തിച്ചത്. കുറ്റം ചെയ്തിട്ടില്ലെന്നു പറഞ്ഞില്ല. ഇന്നലെ വൈകിട്ടു നാലിനായിരുന്നു കൂടിക്കാഴ്ച. ഒരു മണിക്കൂര്‍ സമയം അനുവദിച്ചിരുന്നെങ്കിലും 20 മിനിറ്റിനുള്ളില്‍ കൂടിക്കാഴ്ച അവസാനിപ്പിച്ചു. ഹിന്ദിയും ബംഗാളിയും നന്നായി സംസാരിച്ചു. എന്നാല്‍ അസമീസ് ഭാഷ അധികം വശമില്ല. മലയാളത്തിലെ പല വാക്കുകളും ആശയ വിനിമയത്തിനു ഉപയോഗിച്ചതായി പി.രാജന്‍ പറഞ്ഞു.