പെട്രോള്‍, ഡീസല്‍ എക്സൈസ് തീരുവ വീണ്ടും വര്‍ധിപ്പിക്കുന്നു

ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ എക്സൈസ് തീരുവ വീണ്ടും വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചന. മാര്‍ച്ചിനു മുന്‍പ് ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കും. ധനക്കമ്മി കുറയ്ക്കുന്നതിന്‍റെ ഭാഗമായാണ് നീക്കം. മൊത്തം ഉത്പാദനത്തിന്‍റെ 3.9 ശതമാനമാണ് ഇപ്പോള്‍ ധനക്കമ്മി. ഈ സാമ്പത്തിക വര്‍ഷം മൂന്നു തവണ സര്‍ക്കാര്‍ എക്സൈസ് തീരുവ വര്‍ധിപ്പിച്ചിരുന്നു. ഈ ഇനത്തില്‍ 10,000 കോടി രൂപയുടെ അധിക വരുമാനമാണ് കേന്ദ്രസര്‍ക്കാരിന് ലഭിച്ചത്. ആഗോളവിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറയുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഈ നീക്കം നടത്തിയത്. വരുമാനം കണ്ടെത്താനുള്ള എളുപ്പ മാര്‍ഗമാണിതെന്ന് ധനകാര്യമന്ത്രാലയ വൃത്തങ്ങള്‍.
ഗള്‍ഫ് മേഖലയില്‍ സൗദിയും ഇറാനും തമ്മിലുള്ള സംഘര്‍ഷം ക്രൂഡ് ഓയില്‍ വില വീണ്ടും കുറയ്ക്കാന്‍ ഇടയാക്കിയേക്കുമെന്നു റിപ്പോര്‍ട്ടുണ്ട്. ഈ സാഹചര്യത്തില്‍ അടുത്ത അവലോകന യോഗത്തില്‍ പെട്രോളിന്‍റെയും ഡീസലിന്‍റെയും വില പെട്രോളിയം കമ്പനികള്‍ കുറച്ചേക്കും. ഇത് മുതലെടുക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം.അടുത്തിടെ പെട്രോളിന് ലിറ്ററിന് 37 പൈസയും ഡീസലിന് രണ്ടു രൂപയുമാണ് എക്സൈസ് തീരുവ കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. ഇതുവഴി 4400 കോടിയുടെ അധിക വരുമാനം കേന്ദ്രസര്‍ക്കാരിന് ലഭിച്ചിരുന്നു. പന്ത്രണ്ടു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 32 ഡോളറിലാണ് ക്രൂഡ് ഓയില്‍ വില്‍പ്പന ഇപ്പോള്‍ നടക്കുന്നത്.