‘സിജിലാത്ത്’ന്റെ പുതിയ വേർഷൻ സിജിലാത്ത് 3.0 ലോഞ്ച് ചെയ്തു

ബഹ്റൈനിലെ ബിസിനസുകാർക്കും നിക്ഷേപകർക്കും കൊമേഴ്സ്യൽ രജിസ്ട്രേഷനും മറ്റു നടപടിക്രമങ്ങളും എളുപ്പമാക്കുന്ന തരത്തിൽ സംയോജിത ഇലക്ട്രോണിക് പോർട്ടലായ വാണിജ്യ രജിസ്‌ട്രേഷൻ സംവിധാനം ‘സിജിലാത്ത്’ന്റെ പുതിയ വേർഷൻ സിജിലാത്ത് 3.0 ലോഞ്ച് ചെയ്തു. ബഹ്‌റൈൻ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ വ്യവസായ വാണിജ്യ മന്ത്രി അബ്ദുല്ല ബിൻ ആദിൽ ഫഖ്‌റുവാണ് ലോഞ്ചിങ് നിർവഹിച്ചത്. ബി.സി.സി.ഐ ചെയർമാൻ സമീർ അബ്ദുല്ല നാസ്, ഐ.ജി.എ സി.ഇ.ഒ മുഹമ്മദ് അലി അൽ ഖാഇദ്, ഐ.ജി.എ ഡെപ്യൂട്ടി സി.ഇ.ഒ ഡോ. സക്കരിയ അഹ്‌മദ് അൽ ഖാജ, അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഫോർ കൊമേഴ്സ്യൽ രജിസ്ട്രേഷൻ ആൻഡ് കമ്പനീസ് നിബ് റാസ് മുഹമ്മദ് അലി താലിബ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഇൻഫർമേഷൻ ആൻഡ് ഇ−ഗവൺമെന്റ് അതോറിറ്റി ബഹ്‌റൈൻ പോസ്റ്റ്, സിസ്‌കോ എന്നിവയുടെ സഹകരണത്തോടെയാണ് സിജിലാത്ത് 3.0 ലോഞ്ച് ചെയ്യുന്നത്.
നിക്ഷേപകർക്ക് തങ്ങളുടെ ബിസിനസ് എളുപ്പത്തിലും ലോകത്തെവിടെനിന്നും കൈകാര്യം ചെയ്യാൻ പ്രാപ്തരാക്കുന്ന നൂതന സാങ്കേതികവിദ്യകൾ നടപ്പാക്കുകയുമാണ് സിജിലാത്ത് 3.0ന്റെ ലക്ഷ്യം. നവീകരിച്ച സിജിലാത്ത് സംവിധാനം വഴി ഇ− സേവനങ്ങൾ ലഭ്യമാകുന്നതിനുള്ള ഘട്ടങ്ങൾ 60 ശതമാനം കുറയ്ക്കാൻ കഴിയും. പുതിയ സംവിധാനത്തിൽ സി.ആർ ഹോൾഡർമാർക്ക് 10 പുതിയ സേവനങ്ങൾ നൽകുന്നുണ്ട്. ആവശ്യമായ സർട്ടിഫിക്കറ്റുകളും മറ്റും പ്രിന്റ് ചെയ്യാനുള്ള സൗകര്യവും ഇത് നൽകുന്നു. 2015ലാണ് ‘കമേഴ്‌സ്യൽ രജിസ്‌ട്രേഷൻ’ എന്ന പേരിൽ സിജിലാത്തിന്റെ ആദ്യ പതിപ്പ് പുറത്തിറക്കിയത്. ഇത്തരത്തിൽ ഇ− സേവനം നൽകുന്ന മേഖലയിലെ ആദ്യ രാജ്യമായിരുന്നു ബഹ്‌റൈൻ. 2016−ലാണ് സിജിലാത്ത് 2 ആരംഭിച്ചത്. സിജിലാത്ത് 3.0 സംബന്ധിച്ച സംശയങ്ങൾക്കും മറ്റും 80008001 എന്ന നമ്പറിലാണ് വിളിക്കേണ്ടത്.
dfgdgd