വയസ് എഴുപതിന് മുകളില്ലെങ്കിൽ വാക്സിനെടുക്കാൻ റെജിസ്ട്രേഷൻ വേണ്ടെന്ന് ബഹ്റൈൻ

മനാമ:
70 വയസിന് മുകളിൽ പ്രായമുള്ളവർക്ക് വാക്സിനേഷൻ റെജിസ്ട്രേഷനില്ലാതെ എടുക്കാമെന്ന് ബഹ്റൈൻ ആരോഗ്യമന്ത്രാലയം. ദേശീയ പ്രതിരോധ സമിതി ഇന്നലെ വിളിച്ച് ചേർത്ത വാർത്താസമ്മേളനത്തിലാണ് ഈക്കാര്യം അറിയിച്ചത്. പുതിയ തീരുമാനപ്രകാരം എഴുപത് വയസിന് മുകളിൽ പ്രായമുള്ളവർക്ക് റജിസ്ട്രേഷൻ നടത്താതെ തന്നെ ഹെൽത്ത് സെന്ററുകളിൽ ചെന്ന് വാക്സിൻ സ്വീകരിക്കാൻ സാധിക്കും.
ഇന്നലെ മുതൽ രാജ്യത്ത് കോവിഡ് പ്രതിരോധ നിർദേശങ്ങളിൽ ഇളവുകൾ വരുത്തിയിട്ടുണ്ട്. ഇത് പ്രകാരം ഇൻഡോർ ഡൈനിങ്ങിനായി ഉപഭോക്താക്കൾ റെസ്റ്റാറന്റുകളിൽ എത്തിതുടങ്ങി. വിദ്ധ്യാഭ്യാസ സ്ഥാപനങ്ങളും നിർദേശങ്ങൾ പാലിച്ചു കൊണ്ട് തുറന്ന് പ്രവർത്തനമാരംഭിച്ചു. മൂന്ന് ലക്ഷം സിനോഫാം വാക്സിൻ കൂടി രാജ്യത്ത് എത്തിയതോടെ വാക്സിനേഷൻ നടപടികൾ ഊർജിതമായിട്ടുണ്ട്. പ്രായമായവർ, ഗർഭിണികൾ, പ്രമേഹം, ഹൃദ്രോഗം, ആസ്തമ, തുടങ്ങിയ രോഗങ്ങൾ ഉള്ളവരും വാക്സിൻ സ്വീകരിക്കാൻ മുന്പോട്ട് വരണമെന്ന് ദേശീയ പ്രതിരോധ സമിതി അംഗങ്ങൾ ആവശ്യപ്പെട്ടു. പുതുതായി രാജ്യത്ത് ഉണ്ടാകുന്ന രോഗബാധകളിൽ എൺപത് ശതമാനവും ജനിതക മാറ്റം സംഭവിച്ച വൈറസ് കാരണമാണെന്നും ഇവർ അറിയിച്ചു.