ബഹ്റൈനിലെത്തുന്നവർക്ക് കോവിഡ് പരിശോധനയ്ക്ക് നൽകേണ്ടത് ഇനി നാൽപ്പത് ദിനാർ

മനാമ:
വിദേശ രാജ്യങ്ങളിൽ നിന്ന് ബഹ്റൈനിലേയ്ക്ക് എത്തുന്നവർക്ക് നിർബന്ധമാക്കിയ കോവിഡ് പരിശോധനയ്ക്കായുള്ള നിരക്ക് അറുപത് ദിനാറിൽ നിന്ന് നാൽപത് ദിനാറായി കുറച്ചുവെന്ന് ദേശീയ പ്രതിരോധ സമിതി അധികൃതർ അറിയിച്ചു. ബഹ്റൈനിലെത്തുന്പോൾ നടത്തുന്ന പിസിആർ പരിശോധനയ്ക്കും, പത്ത് ദിവസത്തിന് ശേഷം വീണ്ടും നടത്തുന്ന എക്സിറ്റ് പിസിആർ പരിശോധനയ്ക്കും കൂടിയാണ് നാൽപത് ദിനാർ നൽകേണ്ടത്. ഇന്ന് മുതൽക്കാണ് പുതുക്കിയ നിരക്ക് നിലവിൽ വരിക.
ബഹ്റൈനിൽ എത്തുന്നവർ മൊബൈൽ ഫോണിൽ ബി അവേർ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് വെക്കണമെന്നും മറ്റ് കോവിഡ് നിർദേശങ്ങൾ പാലിക്കണമെന്നും ആരോഗ്യവകുപ്പ് അധികൃതർ ഓർമ്മിപ്പിച്ചു.