പ്രവാസികൾക്ക് ഇലക്ട്രോണിക് പോസ്റ്റൽ വോട്ട് ഏർപ്പെടുത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ

ന്യൂഡൽഹി: പ്രവാസി ഇന്ത്യക്കാർക്ക് ഇലക്ട്രോണിക് പോസ്റ്റൽ വോട്ട് ഏർപ്പെടുത്താൻ തയാറാണെന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ. കേരളം ഉൾപ്പടെ അടുത്ത വർഷം ഏപ്രിൽ, മേയ് മാസങ്ങളിൽ നടക്കുന്ന അഞ്ചു നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പോസ്റ്റൽ വോട്ട് ഏർപ്പെടുത്താമെന്നാണു കമ്മിഷൻ പറയുന്നത്. പോസ്റ്റൽ വോട്ട് ഏർപ്പെടുത്താൻ സാങ്കേതികമായും ഭരണപരമായും തയ്യാറായതായി തെരഞ്ഞെടുപ്പ് കമ്മിഷൻ കേന്ദ്ര നിയമ മന്ത്രാലയത്തെ അറിയിച്ചു. ഇലക്ട്രോണിക് പോസ്റ്റൽ വോട്ട് രേഖപ്പെടുത്തുന്നതിനുള്ള മാർഗരേഖയും കമ്മീഷൻ നിയമമന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. നിലവിൽ പോസ്റ്റൽ വോട്ട് സർവീസ് വോട്ടർമാർക്ക് മാത്രമേ ഉള്ളൂ. ഇത് പ്രവാസി ഇന്ത്യക്കാർക്കും ബാധകമാക്കണമെങ്കിൽ കേന്ദ്ര സർക്കാർ 1961-ലെ തെരഞ്ഞെടുപ്പ് നടത്തിപ്പ് ചട്ടത്തിൽ കേന്ദ്ര സർക്കാർ ഭേദഗതി കൊണ്ട് വരണം. ഇതിന് പാർലമെന്‍റിന്‍റെ അംഗീകാരം ആവശ്യമില്ല.