ബഹ്റൈൻ പ്രധാനമന്ത്രിയുടെ ഭൗതികശരീരം സംസ്കരിച്ചു
മനാമ: അന്തരിച്ച ബഹ്റൈൻ പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അൽ-ഖലീഫയുടെ ഭൗതിക ശരീരം സംസ്കരിച്ചു. റിഫയിലെ ഹുനൈനിയ ഖബര്‍സ്ഥാനിലായിരുന്നു സംസ്‌കാരം നടന്നത്. കിരീടാവകാശി പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയും മുതിര്‍ന്ന രാജ കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു. ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിപദം വഹിച്ചതിന്‍റെ ലോക റിക്കാർഡ് ഖലീഫ ബിൻ സൽമാന്‍റെ പേരിലാണ്. 1971ൽ ബ്രിട്ടനിൽനിന്നു ബഹ്റൈൻ സ്വാതന്ത്ര്യം നേടിയതുമുതലുള്ള അഞ്ചു പതിറ്റാണ്ടാണ് പദവി വഹിച്ചത്. യുഎസിലെ മയോ ക്ലിനിക് ആശുപത്രിയിലായിരുന്നു അന്ത്യം. സ്വാതന്ത്ര്യത്തിനു മുന്പ് ബഹ്റൈനുമേൽ അവകാശവാദം ഉന്നയിച്ച ഇറാനിലെ ഷാ ഭരണകൂടവുമായി ചർച്ച നയിച്ചത് ഖലീഫ ബിൻ സൽമാനാണ്. തുടർന്നുള്ള ഹിതപരിശോധനയിലാണ് സുന്നി വിഭാഗത്തിൽപ്പെട്ട അൽ-ഖലീഫ കുടുംബത്തിന്‍റെ ഭരണത്തിൽ സ്വതന്ത്ര രാജ്യമാകുന്നത്.
അതേസമയം ജനസംഖ്യയിൽ പകുതിക്കു മുകളിലുള്ള ഷിയാകൾ പിന്നീട് ഖലീഫ ബിൻ സൽമാനെതിരേ തിരിഞ്ഞു. 2011ൽ ഷിയാകൾ നടത്തിയ പ്രക്ഷോഭത്തിലെ പ്രധാന ആവശ്യങ്ങളിലൊന്ന് ഇദ്ദേഹം പദവി ഒഴിയുകയെന്നതായിരുന്നു.

