കുട്ടികൾക്ക് ആശ്വാസമായി: ഇനി ആൻഡ്രോ ബുക്കും

മനാമ: സ്കൂൾ വിദ്യാർത്ഥികളുടെ പഠന ഭാരം ലഘൂകരിക്കുന്നതിന്റെ ഭാഗമായി എല്ലാ ടെക്സ്റ്റ്, നോട്ട് പുസ്തകങ്ങളും ഓരോ ടാബിൽ ഉൾപ്പെടുത്തി കുട്ടികൾക്ക് ക്രിയാത്മകമായി പഠിക്കുവാനുള്ള പാഠ്യ പദ്ധതി ബഹ്റിനിലും സജ്ജമായി. സാം ടെക് ഇന്റർനാഷണൽ എന്ന കന്പനിയാണ് ആൻഡ്രോ ബുക്ക് എന്ന ഈ സാങ്കേതിക വിദ്യ ബഹ്റിനിലെ വിദ്യാർത്ഥി സമൂഹത്തിന് പരിചയപ്പെടുത്തുന്നത്.
ബഹ്റിൻ വിദ്യാഭ്യാസ മന്ത്രാലയം തന്നെ കുട്ടികളുടെ പുസ്തകഭാരം കൂടുന്നുവെന്ന അഭിപ്രായം ആരാഞ്ഞ സാഹചര്യത്തിൽ ഇത്തരം നൂതന മാർഗങ്ങളുടെ കണ്ടെത്തൽ ഏറെ പ്രയോജനകരമാകുമെന്ന് സാം ടെക് ഇന്റർനാഷണൽ കന്പനിയുടെ പ്രതിനിധിയും മലയാളിയുമായ സാബു അറിയിച്ചു. യു.എസ് ആസ്ഥാനമായിപ്രവർത്തിക്കുന്ന ഒരു കന്പനിയാണ് ഇത്തരം ഒരു സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തിരിക്കുന്നത്.
ഏതു സിലബസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും ഉപയോഗപ്രദമാകുന്ന രീതിയിൽ വളരെഎളുപ്പത്തിൽ ചെയ്യാവുന്ന പഠന രീതികളാണ് ആൻഡ്രോ ബുക്കിലെ ഓരോ പാഠഭാഗത്തിലും ഉൾപ്പെടുത്തിയിട്ടുള്ളത്. രണ്ടാം ക്ലാസ് തൊട്ടു പ്ലസ് ടു വിദ്യാർത്ഥികൾക്ക് വരെ ഉപയോഗപ്പെടുന്ന രീതിയിൽ ആണ് ആൻഡ്രോ ബുക്ക് വികസിപ്പിച്ചിട്ടുള്ളത്. സി.ബി.എസ്.ഇ സിലബസിലുള്ളതും അല്ലെങ്കിൽ സ്കൂൾ അധികൃതർ നിർദ്ദേശിക്കുന്നതുമായ പാഠഭാഗങ്ങൾ ടെക്സ്റ്റ് പുസ്തകത്തിൽ ഉള്ള അതേ രീതിയിൽ പേജുകൾ ഒന്നൊന്നായി മറിച്ചു കൊണ്ട് ഓരോ പാഠങ്ങളിലേയ്ക്കും പോകാൻ കഴിയുമെന്നുള്ളതാണ് ഇതിന്റെ പ്രത്യേകത. സ്കൂളിൽ നിന്നും അദ്ധ്യാപകർ നൽകുന്ന ഹോം വർക്കുകൾ ഒരു നോട്ടു പുസ്തകത്തിൽ എപ്രകാരമാണോ ചെയ്യേണ്ടത് അത് പോലെതന്നെ ആൻഡ്രോ ബുക്കിലും ചെയ്യാം.
റൂൾഡ്, അൺ റൂൾഡ്, പ്ലെയിൻ, ഗ്രാഫ് ബുക്ക് തുടങ്ങി എല്ലാ ഒപ്ഷനുകളും ഇതിൽ ലഭ്യമാകുന്നു. കുട്ടികൾക്ക് പെൻസിൽ കൊണ്ട് എഴുതാവുന്ന രീതിയിൽ ഇലക്ട്രോണിക് പേന ഉപയോഗിച്ചാണ് ഇതിൽ എഴുതേണ്ടത്. പെൻസിൽ, ഷാർപ് നർ എന്നിവയൊന്നും വേണ്ടതില്ലെന്നത് കൊണ്ട് തികച്ചും എക്കോ ഫ്രണ്ട്ലി ആയ ഈ സംരംഭം വിദേശരാജ്യങ്ങളിൽ പലയിടത്തും മുന്പെ തന്നെ ആരംഭിച്ചിട്ടുള്ളതാണ്.
എന്നാൽ എല്ലാ ടെക്സ്റ്റ് ബുക്കുകളും ഒരൊറ്റ ആൻഡ്രോ ബുക്കിൽ ഉൾപ്പെടുത്തി പുസ്തകഭാരം ലഘൂകരിക്കുന്ന രീതി ആദ്യമായാണ് ബഹ്റിനിൽ എത്തുന്നത്. ഓരോ പാഠ്യ ഭാഗങ്ങളുടെയും വീഡിയോ പ്രസന്റേഷൻ, കുട്ടികൾക്ക് ഗെയിംസ്, ആനിമേഷനുകൾ എന്നിവയും ഇതിനകത്തുണ്ട്. എഴുതുന്നതിന്റെ വ്യക്തത കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാവുന്ന ഒപ്ഷനുകളും ലഭ്യമാണ്. ഫൈനൽ പരീക്ഷകൾക്ക് തയ്യാറാകുന്നവർക്കുള്ള ക്വസ്റ്റ്യൻ ബാങ്കും ഇതോടൊപ്പം ലഭ്യമാണ്.
ഒരു വിദ്യാഭ്യാസ വർഷത്തിൽ ഒരു വിദ്യാർത്ഥിക്ക് വിപണിയിൽ നിന്ന് വാങ്ങേണ്ടുന്ന ടെക്സ്റ്റ്പു സ്തകങ്ങളുടെയും നോട്ട് പുസ്തകങ്ങളുടെയും വിലയുമായി താരതമ്യം ചെയ്യുന്പോൾ ആൻഡ്രോ ബുക്കിന്റെ വില വളരെ കുറവാണെന്നും കമ്പനി പ്രതിനിധികൾ പറഞ്ഞു. വൈഫൈ, ഇന്റർനെറ്റ് എന്നിവയുടെ ആവശ്യം ഇല്ലാതെ തന്നെ ഇത് ഉപയോഗിക്കാൻ കഴിയുമെന്നതാണ് ആൻഡ്രോ ബുക്കിനെ കൂടുതൽ ജനപ്രിയമാക്കുന്നതെന്നും ബഹ്റിനിലെ നിരവധി സ്കൂളുകൾ തങ്ങളുടെ സംരംഭവുമായി സഹകരിക്കാൻ മുന്നോട്ടു വന്നിട്ടുള്ളതായും കമ്പനി അറിയിച്ചു.