കേന്ദ്രം കൂടുതൽ വിമാന സർവ്വീസുകൾക്കോ ചാർട്ടേഡ് വിമാനങ്ങൾക്കോ അനുമതി നൽകണം: ബഹ്‌റൈൻ കെ.എം.സി.സി

മനാമ: കൊവിഡ് പശ്ചാത്തലത്തിൽ ബഹ്‌റൈനിൽ ദുരിതമനുഭവിക്കുന്നവരെ തിരികെ നാട്ടിലെത്തിക്കുന്നതിന് കൂടുതൽ വിമാന സർവ്‍വീസുകൾ നടത്തുകയോ അല്ലെങ്കിൽ പ്രവാസി സംഘടനകൾക്ക് ചാർട്ടേഡ് വിമാന സർവ്‍വീസ് നടത്താനുള്ള അനുമതി നൽകാനോ കേന്ദ്രസർക്കാർ തയ്യാറാകണമെന്ന് ബഹ്‌റൈൻ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി. പ്രതിസന്ധിഘട്ടത്തിൽ തിരികെ നാട്ടിലെത്തണമെന്നത് ഏതൊരു പൗരന്റെയും ആഗ്രഹവും അതിലുപരി അവകാശവുമാണ്. ജോലി നഷ്ടപ്പെട്ടവർ, വിസാ കാലാവധി കഴിഞ്ഞവർ, വിസിറ്റിങ് വിസയിലെത്തി കുടുങ്ങിയവർ, ഗർഭിണികൾ, മറ്റ് ഗുരുതര രോഗബാധിതർ തുടങ്ങി നിരവധി ഇന്ത്യക്കാരാണ് കൊവിഡ് വ്യാപനത്തെ തുടർന്ന് ബഹ്‌റൈനിൽ ദുരിതമനുഭവിക്കുന്നത്.
ഇതുവരെ കൊച്ചി, കോഴിക്കോട്, ഹൈദരാബാദ്, മുബൈ എന്നിവിടങ്ങളിലേക്കായി നാല് വിമാന സർവ്‍വീസ് മാത്രമാണ് ബഹ്‌റൈനിൽ നിന്ന് നടത്തിയത്. ദുരിതമനുഭവിക്കുന്ന ഇരുപതിനായിരത്തോളമാളുകൾ അടിയന്തരമായി തിരികെ സ്വദേശത്തേക്ക് പോകണമെന്ന ആഗ്രഹവുമായി രംഗത്തെത്തിയിട്ടുണ്ട്. ലോക്ക് ഡൗണിനെ തുടർന്ന് വരുമാനമില്ലാത്തതിനാൽ പലരും പ്രവാസി സംഘടനകളുടെ കാരുണ്യത്തിലാണ് കഴിഞ്ഞുപോകുന്നത്. ഇവരുടെ ദുരവസ്ഥ മനസിലാക്കിയാണ് കെ.എം.സി.സി അടക്കമുള്ള പ്രവാസി സംഘടനകൾ ചാർട്ടേഡ് വിമാന സർവ്‍വീസ് നടത്താൻ തയ്യാറായി രംഗത്തെത്തിയത്. ഈ സാഹചര്യത്തിൽ കൂടുതൽ വിമാന സർവ്‍വീസ് നടത്താൻ കഴിയില്ലെങ്കിൽ പ്രവാസി സംഘടനകൾക്ക് ചാർട്ടേഡ് വിമാന സർവ്‍വീസിനുള്ള അനുമതി നൽകാനെങ്കിലും കേന്ദ്രം തയ്യാറാകണം. ഇത് പ്രവാസിലോകത്തിന് ഏറെ ആശ്വാസമാകുമെന്നും ബഹ്‌റൈൻ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ, ജന. സെക്രട്ടറി അസൈനാർ കളത്തിങ്കൽ എന്നിവർ പറഞ്ഞു.
ബഹ്‌റൈനിൽ കഴിയുന്ന മറ്റ് രോഗബാധിതരായ ഇന്ത്യക്കാർക്ക് നാട്ടിൽ നിന്ന് മരുന്ന് പോലും ലഭിക്കാത്ത സ്ഥിതിയാണ്. അടുത്ത ബന്ധുക്കളുടെ വിയോഗ വാർത്തയറിഞ്ഞ് നാട്ടിൽ പോകാൻ പോലും സാധിക്കാതെ സങ്കടപ്പെടുന്ന നിരവധി പ്രവാസികളുമുണ്ട്. ഇവരുടെ പ്രശ്‌നങ്ങളും പ്രയാസങ്ങളും മനസിലാക്കാൻ കേന്ദ്രത്തിന് സാധിക്കണമെന്നും പ്രവാസികൾക്ക് അനുകൂലമായ നടപടി സ്വീകരിക്കാൻ കേന്ദ്രം തയ്യാറാകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.