പുതുവർഷം; ബഹ്‌റൈൻ പ്രവാസികൾക്ക് ആഘോഷമാക്കാൻ നിരവധി പരിപാടികൾ

മനാമ: ബഹ്‌റൈനിൽ പുതുവർഷത്തെ വരവേൽക്കാൻ ഭരണകൂടവും മറ്റു പ്രവാസി സംഘടനകളും നിരവധി പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ ആണ് ഔദ്യോഗിക ആഘോഷങ്ങൾ നടക്കുന്നത്. രാത്രി 8 മണി മുതൽ പുലർച്ചെ 1.30 വരെ അവന്യുസ് പാർക്കിൽ ആണ് വിവിധ പരിപാടികൾ. വിവിധ സംഘങ്ങളുടെ മ്യൂസിക്കൽ ബാൻഡ്, അക്രോബാറ്റിക് ഷോ, 2020 തിലേയ്ക്കുള്ള കൗണ്ട് ഡൌൺ പ്രൊജക്ഷൻ ഷോ,(ഫോർ സീസൺ ഹോട്ടലിനു സമീപം) ബഹ്‌റൈൻ ബേയിൽ 8 മിനുട്ട് ദൈർഘ്യമുള്ള ഫയർ വർക്സ്,ഡി ജെ സോണിക് സ്‌നേർ ഒരുക്കുന്ന സംഗീതം തുടങ്ങിയവയുമാണ് പരിപാടികൾ. കുട്ടികൾക്കായി പ്രത്യേക കളിസ്ഥലവും ഇവിടെ ഉണ്ടാകും.
രാത്രി 7 മണി മുതൽ 12 വരെ സാറിലെ ഓട്രിയം മാളിൽ ഫയർ വർക്‌സും വിവിധ ആഘോഷ പരിപാടികളും നടക്കും. ഷെല്ലാക് സൊഫിടെല്ലിൽ 12 മണിക്ക് ഫയർ വർക്സ് ഉണ്ടാകും. കോറൽ ബെയിലും നിരവധി പരിപാടികൾ നടക്കുന്നുണ്ട്. അവന്യുവിൽ സൗജന്യമായിരിക്കും പരിപാടികൾ. കോറൽ ബേയിൽ മുതിർന്നവർക്ക് 25 ദിനാർ നിരക്കിൽ ടിക്കറ്റ് ഏർപ്പെടുത്തിയിട്ടുണ്ട്.
ബഹ്‌റൈൻ കേരളീയ സമാജം ഇന്ത്യൻ ക്ലബുമായി ചേർന്ന് ഇന്ത്യൻ ക്ലബ്ബിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. അംഗങ്ങൾക്കും മുൻകൂട്ടി ബുക്ക് ചെയ്തവർക്കും മാത്രമായിരിക്കും ഇതിലേക്കുള്ള പ്രവേശനം. വിവിധ ഹോട്ടലുകളിൽ രാവേറെ നീണ്ടു നിൽക്കുന്ന ഡി ജെ പാർട്ടികളും സംഗീത നിശകളും ഡാൻസ് പാർട്ടികളും പുതുവർഷത്തിൽ പ്രവാസികൾക്ക് ആഘോഷമാക്കാൻ ഒരുങ്ങിക്കഴിഞ്ഞു.