ഫ്‌ളാറ്റിലും വിദ്യാലയങ്ങളിലും വീർപ്പുമുട്ടി പ്രവാസി കുട്ടികൾ; ഇന്ന് ശിശു ദിനം
രാജീവ് വെള്ളിക്കോത്ത്
മനാമ : കുട്ടികൾക്ക് വേണ്ടി മാത്രം ഒരു ദിനം ഇന്ത്യയിൽ എല്ലായിടത്തും കൊണ്ടാടുമ്പോൾ പ്രവാസലോകത്തെ ഇന്ത്യൻ സമൂഹത്തിലെ കുട്ടികളും ശിശുദിനം ആഘോഷിക്കുകയാണ്. കുട്ടികള്‍ക്ക് അവരുടെ ജീവിതം ആവോളം ആസ്വദിക്കാനും ആരോഗ്യവും സംസ്‌കാരവുമുള്ള ഉത്തമ പൗരന്മാരായി വളരാനുമുള്ള അവസരങ്ങളും ശിശുദിനാഘോഷങ്ങള്‍ പ്രദാനം ചെയ്യുന്നു എന്നാണ് വയ്പെങ്കിലും പ്രവാസലോകത്തെ എത്ര കുട്ടികൾക്ക് ഉത്തമ പൗരന്മാരായി വളരാനുള്ള സ്വാതന്ത്ര്യവും സാഹചര്യവും ഉണ്ടാകുന്നു എന്നത് ചിന്തിക്കേണ്ട വിഷയമാണ്.
ഇന്നത്തെ കുട്ടികളാണ് നാളത്തെ രാഷ്ട്ര ശിൽപ്പികൾ എന്ന് ഉറച്ചു വിശ്വസിച്ചിരുന്ന ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ജവഹർ ലാൽ നെഹ്രുവിനെപോലും അറിയാത്ത തലമുറയാണ് പ്രവാസലോകത്ത് വളരുന്നത് .അല്ലെങ്കിൽ വളർത്തുന്നത്. ഫ്‌ളാറ്റുകളിലെ ജീവിതവും മാതാപിതാക്കളുടെ ജോലിത്തിരക്കുമാണ് കുട്ടികളുടെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നത്. ഒന്ന് സൂര്യപ്രകാശമേറ്റ് നടന്നു സ്‌കൂളിൽ പോകാൻ പോലും സ്വാതന്ത്ര്യമില്ലാത്ത സ്‌കൂൾ യാത്ര ശീതീകരിച്ച ബസുകളിൽ തുടങ്ങി ക്ലാസ് മുറിയിൽ മാത്രം ഒതുങ്ങുകയാണ് പ്രവാസി കുട്ടികളുടെ സ്വാതന്ത്ര്യം.സമയക്രമം അനുസരിച്ചു വല്ലപ്പോഴും ലഭിക്കുന്ന കളി സ്‌ഥലങ്ങൾ ആവട്ടെ ഏതെങ്കിലും പരിശീലകരുടെയോ ക്ലബ് സംഘടകരുടെയോ നിയന്ത്രണത്തിലുള്ള ഒരു ജയിൽ തന്നെയാണ് അവിടെയും അവർക്കു ലഭിക്കുന്നത്.
പ്രവാസലോകത്തെ ഇന്ത്യൻ സമൂഹത്തിന്റെ വളരെ ചുരുക്കം ചില സ്‌കൂളുകളിൽ മാത്രമാണ് കുറച്ചെങ്കിലും നിയന്ത്രണത്തിന് അയവ് വരുത്തി കുട്ടികൾക്ക് അൽപ്പം സ്വാതന്ത്ര്യം നൽകുന്നത്. ഇത്തരത്തിൽ നൽകുന്ന സ്വാതന്ത്ര്യമാകട്ടെ ചില രക്ഷിതാക്കളുടെ കണ്ണിൽ നിലവാരമില്ലാത്ത സ്‌കൂൾ ആയി മാറും എന്ന് ഭയം ഉള്ളത് കൊണ്ട് അങ്ങനെയൊരു സ്വാതന്ത്ര്യം നൽകാൻ സ്‌കൂൾ അധികൃതരും ഭയപ്പെടുന്നു. ബഹ്‌റൈനിലെ ചില സ്‌കൂളുകളിൽ ക്ലാസ് മുറികളിൽ ഇരുന്ന് മര്യാദയ്ക്ക് ഭക്ഷണം കഴിക്കുവാനോ സമയത്തിന് വെള്ളം കുടിക്കാനോ പോലുമുള്ള സ്വാതന്ത്ര്യമോ സംവിധാനമോ ഇല്ലാ എന്ന് കുട്ടികൾ പരാതിപ്പെടുന്ന സ്‌കൂളുകളിലെ അധ്യാപകരാണ് ശിശുദിനത്തിൽ കുട്ടികൾക്ക് മുന്നിൽ നൃത്തം ചെയ്തു അവരെ സന്തോഷിപ്പിക്കുന്നത് എന്നത് തന്നെ വിരോധാഭാസമാണ്.
ഇന്ത്യൻ സമൂഹത്തിന്റെ പല സ്‌കൂളുകളിലും കുട്ടികളുടെ ആരോഗ്യത്തെയോ മാനസിക പ്രശനങ്ങളെയോ വേണ്ട വിധത്തിൽ ശ്രദ്ധിക്കുന്നില്ലെന്ന പരാതിയാണ് നിലനിൽക്കുന്നത്.രക്ഷിതാക്കളും ഇക്കാര്യത്തിൽ വേണ്ട ശ്രദ്ധ ചെലുത്തുന്നില്ലെന്നു വേണം പറയാൻ.
പ്രവാസലോകത്തെ കുട്ടികളുടെ പുസ്തകഭാരമാണ് മറ്റൊന്ന്. ഓരോ വിഷയത്തിനുമുള്ള നോട്ടു ബുക്കുകൾ അടക്കം കുറഞ്ഞത് 6 കിലോഗ്രം എങ്കിലും ഭാരമുള്ള സ്‌കൂൾ ബാഗുകൾ എടുത്താണ് വിദ്യാർഥികൾ സ്‌കൂൾ ബസിലേയ്ക്കും തുടർന്ന് മൂന്നും നാലും നിലയുള്ള കെട്ടിടങ്ങളിലേയ്ക്കും നടന്നു കയറുന്നത്. കുടിവെള്ളം, ലഞ്ച് ബോക്സ് തുടങ്ങിയവ വേറെയും.അമിതഭാരമുള്ള സ്‌കൂൾ പുസ്തകങ്ങൾ സ്‌കൂളിൽ തന്നെ സൂക്ഷിച്ചുവെക്കാനുള്ള സംവിധാനം നടപ്പിൽ വരുത്തണമെന്ന് സി ബി എസ് ഇ യോട് കോടതി അടക്കം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇപ്പോഴും അതിനും ഇതുവരെയും ഒരു പരിഹാരവുമായിട്ടില്ല.
സ്‌കൂൾ വിട്ട് വീട്ടിൽ വരുന്ന കുട്ടികളെ കാത്തിരിക്കുന്നത് നീണ്ട മണിക്കൂറുകളിലെ ട്യൂഷൻ ആണ്. പ്രവാസലോകത്തെ മിക്ക കുട്ടികൾക്കും ട്യൂഷൻ ഉണ്ട്. കുട്ടികൾക്ക് ട്യൂഷൻ ആവശ്യമില്ലെങ്കിൽ പോലും മാതാപിതാക്കൾ ജോലി കഴിഞ്ഞെത്താൻ സമയമെടുക്കുന്നത് വരെ കുട്ടികളെ ഒറ്റയ്ക്ക് ഇരുത്താതിരിക്കാനും അവർ മറ്റു മേഖലകളിൽ ശ്രദ്ധ തിരിക്കാതിരിക്കാനുൻ രക്ഷിതാക്കൾ കണ്ടെത്തുന്ന ഒരു പോംവഴി കൂടിയാണ് ഈ ട്യൂഷൻ എന്ന് ചില ട്യൂഷൻ അധ്യാപകർ പറയുന്നു. ഇങ്ങനെ എല്ലാ തരത്തിലും സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന കുട്ടികൾക്ക് ഈ ശിശുദിനവും വ്യത്യസ്തമായ ഒരു അനുഭവവും സമ്മാനിക്കപ്പെടുന്നില്ല.
അന്യ രാജ്യങ്ങളിലെ സംസ്കാരവും ജീവിതവും ചെറുപ്പം തൊട്ടേ കണ്ടു പഠിച്ചു വളരുന്ന കുട്ടികളിൽ ഭൂരിഭാഗവും മാതാപിതാക്കളുടെ പരിചരണങ്ങളിൽ നിന്നും അകന്നു കഴിയുന്നു. രാഷ്ട്രബോധത്തെയും കുട്ടികൾ ആസ്വദിക്കേണ്ടുന്ന ബാല്യത്തെയും പറ്റി പറഞ്ഞു കൊടുക്കാനോ അല്ലെങ്കിൽ അത് അനുഭവിപ്പിക്കാനോ രക്ഷിതാക്കൾക്ക് സമയം ഇല്ല. സമയം ഉള്ളവർ ആകട്ടെ ഭാവിയിലെ ഉദ്യോഗവും വരുമാനവും മാത്രം ലക്ഷ്യമിട്ട് കുട്ടികളെ പഠനത്തിന് വേണ്ടി മാത്രം തളച്ചിടുന്നു . ജനിച്ച നാടിനെപ്പറ്റിയോ സംസ്കാരത്തെപ്പറ്റിയോ കുട്ടികൾ ബോധവാന്മാരല്ല . അവധി ചെലവഴിക്കാൻ പോകുന്ന ഉല്ലാസ രാജ്യമായി മാത്രം മാറിയിരിക്കുന്നു അവർക്കു ജന്മ നാട്.
കേന്ദ്ര വിദേശകാര്യമന്ത്രിയായിരുന്ന മലയാളിയായ വി കെ കൃഷ്ണമേനോനാണ് അന്തര്‍ദേശീയ ശിശുദിനം എന്ന ആശയം ആദ്യമായി മുന്നോട്ടുവച്ചത്. ഐക്യരാഷ്ട്രസഭയും യുനെസ്‌കോയും അത് അംഗീകരിക്കുകയുമുണ്ടായി. ഇന്ത്യയിൽ ഇന്നാണ് ശിശുദിനം ആഘോഷിക്കപ്പെടുന്നതെങ്കിലും മറ്റു രാജ്യങ്ങളിൽ എല്ലാം വ്യത്യസ്ത ദിവസങ്ങളിൽ ആണ് കുട്ടികൾക്കായുള്ള ദിനം ആഘോഷിക്കുന്നത് .ഒരു ശിശുദിനം കൂടി കടന്നുപോകുമ്പോള്‍ ചാച്ചാജി എന്ന കുട്ടികളുടെ പ്രിയപ്പെട്ട രാഷ്ട്ര നേതാവിനെ ഒരിക്കൽക്കൂടി ഓർമ്മിക്കാനെങ്കിലും അവർക്കു രക്ഷിതാക്കൾ വഴികാട്ടികൾ ആവട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.




