ഇന്ത്യൻ സ്‌കൂൾ തരംഗ് 2018 ന് തുടക്കമായി

മനാമ :ബഹ്‌റൈനിലെ ഇന്ത്യൻ സമൂഹത്തിന്റെ ഏറ്റവും വലിയ സ്‌കൂൾ ആയ ഇന്ത്യൻ സ്‌കൂൾ വിദ്യാർഥികളുടെ ഈ വർഷത്തെ കലാമാമാങ്കം തരംഗ് 2018 നു തുടക്കമായി. ഇസ ടൌൺ ക്യാംപസിൽ സ്റ്റേജിതര മത്സരങ്ങൾക്കാണ് തുടക്കമായത്. ഫ്‌ളവർ അറേഞ്ച്മെന്റ് ,പ്രബന്ധ രചന,ഇംഗ്ലീഷ് കവിതാരചന,പെൻസിൽ ഡ്രോയിങ് തുടങ്ങിയ മത്സരങ്ങളാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്നത്. ഇത്തവണ ഇന്ത്യൻ ശാസ്‌ത്രീയ നൃത്തങ്ങളായ കഥക്,മോഹിനിയാട്ടം,കുച്ചുപ്പുടി ഇനങ്ങൾ കൂടി കൂട്ടിച്ചേർത്തതായി പ്രോഗ്രാം കമ്മിറ്റി അറിയിച്ചു. 130ഓളം ഈവന്റുകളിലായി 2500 വിദ്യാർഥികൾ മാറ്റുരയ്ക്കുന്ന രാജ്യത്തെ ഏറ്റവും വലിയ കലോത്സവമാണ് തരംഗ്. ആര്യഭട്ട,വിക്രം സാരാഭായി,ജെ.സി ബോസ്, സി.വി രാമൻ എന്നീ പേരുകളിലുള്ള ഹൗസുകൾ ആയിട്ടാണ് വിദ്യാർഥികൾ മത്സരിക്കുന്നത്. ഓരോ ഹൗസുകൾക്കും ഉത്തരവാദിത്വപ്പെട്ട ലീഡർമാരും അവരെ സഹായിക്കുന്നതിനായി അധ്യാപകരെയും ഏർപ്പാടാക്കിയിട്ടുണ്ട്.
ഓരോ ഇനങ്ങളിലും വിജയിക്കുന്നവർക്ക് വ്യക്തിഗത ട്രോഫികളും സർട്ടിഫിക്കറ്റുകളും സമ്മാനിക്കുന്നുണ്ട്. വ്യക്തിഗത ഇനങ്ങളിൽ ഏറ്റവും കൂടുതൽ പോയന്റുകൾ കരസ്‌ഥമാക്കുന്ന വിദ്യാർഥി- വിദ്യാർഥിനികൾക്ക് കലാരത്‌ന,കലാശ്രീ പുരസ്കാരം നൽകും. എല്ലാ പരിപാടികളും സമയാസമയം തീർക്കുന്നതിനും സുതാര്യമായ വിധി നിര്ണയത്തിനും അടക്കമുള്ള സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ചാണ് പരിപാടിയുടെ നടത്തിപ്പെന്നും ഇത്തവണ ഗ്രൂപ്പ് ഈവന്റുകളുടെ സമ്മാനങ്ങളും ഫലപ്രഖ്യാപനം കഴിയുമ്പോൾ തന്നെ നൽകുമെന്നും ചെയർമാൻ പ്രിൻസ് നടരാജൻ പറഞ്ഞു.
സ്‌കൂൾ പാഠ്യ വിഷയങ്ങൾക്കൊപ്പം പഠ്യേതര വിഷയങ്ങൾക്കും പ്രാധാന്യം നൽകിക്കൊണ്ട് വിദ്യാർഥികൾക്ക് മികവുറ്റ വിദ്യാഭ്യാസ സമ്പ്രദായം നടപ്പാക്കുക എന്ന ലക്ഷ്യമാണ് ഇത്തരം പരിപാടികളിലൂടെ ലക്ഷ്യമാക്കുന്നെതെന്നും ചെയർമാനും സെക്രട്ടറി സജി ആന്റണിയും അഭിപ്രായപ്പെട്ടു