കുറവിലങ്ങാട് മഠത്തില്‍ വൈദികന്‍ എത്തിയത് കൊലക്കേസ് പ്രതിക്കൊപ്പം


കോട്ടയം: ബിഷപ്പിനെതിരെ പീഡന പരാതി നല്‍കിയ കന്യാസ്ത്രീ താമസിക്കുന്ന കുറവിലങ്ങാട്ടെ മഠത്തില്‍ ഫാ. നിക്കോളാസ് മണിപ്പറമ്പില്‍ കഴിഞ്ഞ ദിവസം എത്തിയത് കൊലക്കേസ് പ്രതിക്കൊപ്പമെന്ന് വെളിപ്പെടുത്തല്‍. കോളിളക്കം സൃഷ്ടിച്ച തൊമ്മി വധക്കേസിലെ പ്രതി സജി മൂക്കന്നൂരാണ് വൈദികനൊപ്പം മഠത്തിലെത്തിയതെന്നാണ് വെളിപ്പെടുത്തല്‍. 2011 ല്‍ കര്‍ഷക നേതാവ് തോമസ് എന്ന തൊമ്മിയെ റബ്ബര്‍ തോട്ടത്തില്‍ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സജി.

വൈദികന്‍ മഠത്തിലെത്തിയ വാഹനം ഓടിച്ചിരുന്നത് സജി ആയിരുന്നു. വൈദികനൊപ്പം സജി മഠത്തിനകത്തും പ്രവേശിച്ച ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. തന്റെ മുന്‍ ഇടവകാംഗമാണെന്ന് പറഞ്ഞാണ് വൈദികന്‍ മഠത്തില്‍ സജിയെ പരിചയപ്പെടുത്തിയത്. കോഴിയിറച്ചി വ്യാപാരവുമായി ബന്ധപ്പെട്ട വ്യക്തി വൈരാഗ്യവും തര്‍ക്കവുമാണ് തോമസിന്റെ കൊലയിലേക്ക് നയിച്ചതെന്നാണ് സജിക്കെതിരായ കേസ്. തമിഴ്നാട്ടിലെ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ചായിരുന്നു കൊലപാതകം. വധ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് അറസ്റ്റിലായ സജി അറുപത് ദിവസം റിമാന്‍ഡിലായിരുന്നു.

കേസില്‍ വിചാരണ നേരിടുന്നതിനിടെയാണ് സജി വൈദികനൊപ്പം മഠത്തിലെത്തിയത്. എന്നാല്‍, സജി കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് ഫാ.നിക്കോളാസ് മണിപ്പറമ്പില്‍ പ്രതികരിച്ചു. ഏറെ മാധ്യമശ്രദ്ധ ലഭിച്ച കൊലക്കേസായിരുന്നു തൊമ്മിവധക്കേസ്. ഇടവക വികാരി ഫാ. നിക്കോളാസ് മണിപ്പറമ്പില്‍ കുറവിലങ്ങാട് മഠത്തിലെത്തിയത് കന്യാസ്ത്രീകളെ സ്വാധീനിക്കാനാണെന്ന് സിസ്റ്റര്‍ അനുപമ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed