ആത്മഹത്യകൾ പെരുകുന്നു... ആശങ്കകളും
മനാമ : രാജ്യത്ത് ഒരിടവേളയ്ക്ക് ശേഷം പ്രവാസികളുടെ ആത്മഹത്യകളുടെ എണ്ണം കൂടിവരികയാണ്. ഇന്നലെ റിഫയിലെ എക്സ്ചേഞ്ച് ജീവനക്കാരനായ ഹരിനാഥി(29)നെ താമസ സ്‌ഥലത്തും അതിന്റെ തൊട്ടു തലേന്നാൾ സൽമാനിയയിലെ റസ്റ്റോറന്റ് ജീവനക്കാരൻ രംധീഷ് ദിവാകരനെ താമസസ്‌ഥലത്തും വെച്ചാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഏപ്രില്‍ ആദ്യവാരവും രണ്ട് പേര്‍ ആത്മഹത്യ ചെയ്തിരുന്നു.
സൗദിയിൽ നിന്ന് കടലിൽ ചാടി ആത്മഹത്യ ചെയ്ത തമിഴ്‌നാട് സ്വദേശി ശ്രാവണന്റെ മൃതദേഹവും ബഹ്‌റൈനിൽ നിന്നാണ് ലഭിച്ചത്. ആത്മഹത്യ ചെയ്തവർ ഒന്നും തന്നെ അതിനുള്ള കാരണങ്ങളോ മറ്റു കുറിപ്പുകളോ എഴുതിവയ്ക്കാതെയും അടുത്ത സുഹൃത്തുക്കളോട് പോലും പറയാതെയുമാണ് ജീവനൊടുക്കിയിരിക്കുന്നത്. കഴിഞ്ഞ ഫെബ്ബ്രുവരിയിൽ ആത്മഹത്യ ചെയ്ത ഫുട്‌ബോൾ കോച്ച് തിലകന്റെ ആത്മഹത്യയുടെ കാരണങ്ങളും അടുത്ത സൗഹൃത്തുക്കൾക്കുപോലും അജ്ഞാതമാണ്. പ്രവാസത്തിന്റെ സമ്മർദ്ദങ്ങൾ ഏറിവരുന്നതാണ് ഇത്തരം ആത്മഹത്യകൾക്ക് പിന്നിലെന്ന് സാമൂഹ്യ പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു. വീട്ടിൽ നിന്ന് മാറി നിൽക്കുന്നവർ ഒറ്റപ്പെടലിന്റെ തുരുത്തിലേക്ക് പോകുന്നതും ചിലപ്പോൾ ആത്മഹത്യയ്ക്ക് കാരണമായേക്കും എന്ന് കൗൺസിലർമാർ വിലയിരുത്തുന്നു. തൊഴിലിടങ്ങളിലെ സമ്മർദ്ദങ്ങൾ, ജോലിയിലെ അസ്‌ഥിരത, സാമ്പത്തിക പ്രയാസങ്ങൾ ,കുടുംബ പ്രശ്നങ്ങൾ ഇവയെല്ലാം ചിലരെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്നുണ്ട്.

