പണരഹിത ഇടപാടുകൾ പ്രോത്സാഹിപ്പിക്കാൻ നീക്കം
മനാമ : ബഹ്‌റൈനിലെ ഗവൺമെന്റ് സ്ഥാപനങ്ങളിൽ വൗച്ചർ പ്രിന്റിങ് മെഷിൻ സ്ഥാപിച്ച് പണരഹിത ഇടപാടുകൾക്ക് തുടക്കം കുറിക്കുമെന്ന് ഐ.ജി.എ ചീഫ് എക്സിക്യുട്ടീവ് മുഹമ്മദ് അലി അൽക്വയിദ് അറിയിച്ചു. ഇതിലൂടെ പണം നഷ്ടമാകുന്നതും അതിനെ ചൊല്ലിയിലുള്ള തർക്കങ്ങളും ഒഴിവാക്കാൻ സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പണ രഹിത ഇടപാടുകൾ നടപ്പിലാക്കുന്നതിന്റെ പ്രാരംഭപ്രവർത്തനങ്ങൾ നടന്ന് വരികയാണ്. അതിനെ കുറിച്ചുള്ള പ്രായോഗികമായ പഠനങ്ങളും പുരോഗമിക്കുന്നുണ്ട്.
ഗവൺമെന്റ് സ്ഥാപനങ്ങളിൽ പണം ഉപയോഗിച്ച് കൊണ്ടുള്ള ഇടപാടുകൾ പൂർണ്ണമായും ഒഴിവാക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. നിരവധി ആളുകൾ ഇപ്പോഴും എ.ടി.എം കാർഡുകൾ ഉപയോഗിക്കുന്നതിന് പകരം നോട്ടുകൾ തന്നെയാണ് ഉപയോഗിക്കുന്നത്. ആളുകൾക്ക് കിയോസ്‌ക്കുകളിൽ നിന്ന് വൗച്ചറുകൾ വാങ്ങാൻ സൗകര്യം ഒരുക്കുകയും ഗവൺമെന്റ് സ്ഥാപങ്ങളിൽ വരുന്പോൾ അത് ഉപയോഗിക്കാനും സാധിക്കേണ്ടതുണ്ട്. കാര്യങ്ങൾ കൂടുതൽ സുഗമമാക്കുന്നതിന്റെ ഭാഗമായി ഇ-പേയ്‌മെന്റ് സൗകര്യം ഒരുക്കുന്ന കാര്യങ്ങളും പുരോഗമിക്കുന്നു. കഴിഞ്ഞ വർഷം ഇ-പേയ്‌മെന്റുമായി ബന്ധപ്പെട്ട് പുതിയ സംവിധാനം കൊണ്ടുവന്നതിന് ശേഷം സേവനങ്ങൾ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ നൽകാൻ സാധിക്കുന്നു. ഇ-പേയ്‌മെന്റ് സൗകര്യങ്ങൾ ഉപയോഗപ്രദമാക്കുന്നതിന്റെ ഭാഗമായി മുന്പ് ഗണ്യമായ തുക സ്വകാര്യ കന്പനികൾക്ക് നൽകേണ്ട അവസ്ഥ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ മൊബൈൽ ആപ്പുകൾ വന്നതോടെ ഓൺലൈൻ ഇടപാടുകൾ ഏറെ എളുപ്പമായിരിക്കുന്നുവെന്നും ഐ.ജി.എ ചീഫ് എക്സിക്യുട്ടീവ് മുഹമ്മദ് അലി അൽക്വയിദ് പറഞ്ഞു.

