ബഹ്‌റൈനിൽ ബ്ലൂ ബ്ലഡ് മൂൺ 45 മിനിറ്റോളം മാത്രം
മനാമ: നീണ്ട കാലയളവിന് ശേഷം നടക്കുന്ന സൗരയൂഥത്തിലെ പ്രതിഭാസമായ ബ്ലൂ ബ്ലഡ് മൂൺ ബഹ്‌റൈനിൽ 45 മിനുട്ടോളം മാത്രമേ ദൃശ്യമാകാൻ സാധ്യതയുള്ളൂ എന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്.ഇത് വൈകീട്ട് 5:15 മുതൽ 6 മണി വരെ മാത്രമായിരിക്കാനാണ് സാധ്യത എന്നും പ്രമുഖ ആസ്ട്രോണമി ഫോട്ടോഗ്രാഫറായ പ്രേംജിത്ത് നാരായണൻ പറഞ്ഞു.
സാധാരണ സംഭവിക്കുന്ന ചന്ദ്ര ഗ്രഹണം തന്നെയാണെങ്കിലും ചന്ദ്ര ബിംബത്തിന് കടും ചുവപ്പ് നിറമായിരിക്കും എന്നതാണ് ഇന്നത്തെ ഗ്രഹണത്തിന്റെ പ്രത്യേകത. സാധാരണ ഗതിയിൽ ചന്ദ്രഗ്രഹണം നടക്കുന്പോൾ ചന്ദ്ര ബിംബം ദൃശ്യമാകാറില്ല. സൂര്യോദയത്തിന്റെ സമയത്തും അസ്തമയത്തിന്റെ സമയത്തും സൂര്യൻ ചുവന്ന നിറത്തിലാണ് കാണപ്പെടുന്നത്. ഇത് കാരണം തന്നെയാണ് ബ്ലഡ് മൂൺ പ്രതിഭാസത്തിന് പിറകിലും എന്നാണ് ശാസ്ത്ര ലോകം നൽകുന്ന വിശദീകരണം. ഇന്ത്യയെ സംബന്ധിച്ച് ഇത് അത്ര അപൂർവ്വമായ ഒരു കാഴ്ചയല്ല എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. 1963ലും 1982ലും ഈ പ്രതിഭാസം ദൃശ്യമായിട്ടുണ്ട്. എന്നാൽ, അമേരിക്കയിൽ ഇത് ദൃശ്യമാകുന്നത് 150 വർഷങ്ങൾക്ക് ശേഷമാണ്.
ഇതിന് മുന്പും സൂപ്പർ മൂൺ പ്രതിഭാസം ഉണ്ടായിട്ടുണ്ട്. ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്ത് വരുന്നതിനെയാണ് സൂപ്പർ മൂൺ എന്ന് വിളിക്കുന്നത്. ഈ സമയത്ത് ചന്ദ്ര ബിംബത്തിന്റെ വലിപ്പം സാധാരണ ഗതിയിൽ നിന്നും 14 ശതമാനം വരെ വലുതാകാറുണ്ട്. ബ്ലൂ മൂൺ എന്നാൽ ഒരു മാസത്തിനുള്ളിൽ വരുന്ന രണ്ടാമത്തെ പൗർണ്‍ണമിയാണ്. ചന്ദ്രഗ്രഹണം നടക്കുന്പോൾ ചന്ദ്ര ബിംബം അപ്രത്യക്ഷപ്പെടുകയാണ് ചെയ്യുക. എന്നാൽ, എങ്ങനെയാണ് അപ്പോൾ ബ്ലഡ് മൂൺ കാണുക എന്നായിരിക്കും മിക്കവർക്കും സംശയം. ഭൂമിയുടെ നിഴലിൽ ആകുന്പോൾ ചന്ദ്രന്റെ പ്രകാശം വളരെ കുറയും. എന്നാൽ അന്തരീക്ഷത്തിലെ മാലിന്യങ്ങളിൽ തന്നെ സൂര്യപ്രകാശം ചിതറും. ഇങ്ങനെ വരുന്പോഴാണ് രക്തചന്ദ്രൻ ദൃശ്യമാവുക. ചുരുക്കിപ്പറഞ്ഞാൽ, അന്തരീക്ഷം എത്രത്തോളം മലിനമാണോ, അത്രത്തോളും ചുവപ്പ് നിറം ഉണ്ടായിരിക്കും ചന്ദ്രന്.

