മുൻ ബഹ്റൈൻ പ്രവാസി യുവാവിന്റെ കൊലപാതകം; ഞെട്ടിത്തരിച്ച് സുഹൃത്തുക്കൾ
മനാമ: ബഹ്‌റൈനിൽ മുന്പ് ജോലി ചെയ്തിരുന്ന ഇരിങ്ങാലക്കുട സ്വദേശിയുടെ മരണവിവരം അറിഞ്ഞ് ഞെട്ടിത്തിരിച്ചിരിക്കുകയാണ് ബഹ്‌റൈനിലെ അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ഇരിങ്ങാലക്കുട സ്വദേശികളും. തൃശ്ശൂർ ഇരിങ്ങാലക്കുട കൊരുന്പിശ്ശേരി സ്വദേശി പുതുക്കാട്ടിൽ സുജിത് വേണുഗോപാലാണ് (26) ഇന്ന് പുലർച്ചെ മരിച്ചത്. തന്റെ ഇളയച്ഛന്റെ മകളെ ഒരു ഓട്ടോ ഡ്രൈവർ കളിയാക്കിയത് ചോദ്യം ചെയ്ത വിരോധത്തിലാണ് സുജിത്തിനെ ഞായറാഴ്ച വൈകീട്ട് ആറ് മണിയോടെ ഇരിങ്ങാലക്കുട ബസ് സ്റ്റാന്റിന് സമീപമുള്ള ഓട്ടോറിക്ഷാ സ്റ്റാന്റിൽ െവച്ച് മിഥുൻ എന്ന ഓട്ടോ ഡ്രൈവർ മർദ്ദിക്കുയും പിന്നീട് ഇന്ന് രാവിലെ സുജിത് മരണപ്പെടുകയും ചെയ്തത്. ഇവിടെ ബൈക്കുമായി സുജിത്ത് സുഹൃത്തിനെ കൂട്ടാനായി ചെന്നപ്പോഴാണ് സംഭവം നടന്നത്. ബൈക്ക് മറിച്ചിട്ടതിന് ശേഷം നിലത്ത് വീണ സുജിത്തിന്റെ തലയ്ക്ക് മിഥുൻ ഇരുന്പ് വടി കൊണ്ട് അടിച്ചതായാണ് ദൃക്‌സാക്ഷികൾ പറയുന്നത്. തുടർന്ന് അക്രമി സുജിത്തിന്റെ ബൈക്കിൽ ഇരുന്ന് ആഹ്ലാദാരവം മുഴക്കുകയും സുജിത്തിന്റെ ഇളയച്ഛനെയും മകളെയും ഓട്ടോറിക്ഷയിലെത്തി തടഞ്ഞ് നിർത്തി ഭീഷണിപ്പെടുത്തുകയും വെല്ലുവിളിക്കുകയും ചെയ്തു. അടിയേറ്റ് നിലത്ത് വീണ സുജിത്ത് ഏറെ നേരം റോഡിൽ കിടന്നതായും കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെന്നും സുഹൃത്തുക്കൾ പറയുന്നു. അബോധാവസ്ഥയിലായ സുജിത്തിനെ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനെ തുടർന്ന് സഹകരണ ആശുപത്രിയിലെ വെന്റിനലേറ്ററിലേയ്ക്ക് മാറ്റുകയായിരുന്നു. ഇവിടെ നിന്നാണ് മരണം സംഭവിച്ചത്.
ബഹ്‌റൈനിലെ ഡെൽമൺ ഹോട്ടലിൽ വർഷങ്ങളായി ജോലി ചെയ്തിരുന്ന ഇരിങ്ങാലക്കുട സ്വദേശി വേണുഗോപാലിന്റെ മകനാണ് സുജിത്. സുജിത്തും ഒരു വർഷത്തോളം ഇവിടെ ഒരു കന്പനിയിലും ജോലി ചെയ്തിരുന്നു. കുറച്ച് നാളുകൾക്ക് മുന്പ് വേണുഗോപാൽ ജോലിയിൽ നിന്ന് വിരമിച്ച് നാട്ടിൽ സ്ഥിരതാമസമാക്കിയതോടെ സുജിത്തും നാട്ടിലേയ്ക്ക് തിരികെ പോവുകയായിരുന്നു. സംഗമം ഇരിങ്ങാലക്കുട എന്ന സാംസ്കാരിക സംഘടനയുടെ സ്ഥാപകാംഗം കൂടിയായ വേണുഗോപാലിനും മകൻ സുജിത്തിനും ബഹ്റൈിനിൽ വിശാലമായ ഒരു സുഹൃദ് വലയമാണുള്ളത്. സുജിത്തിന്റെ മരണ വാർത്ത അറിഞ്ഞത് മുതൽക്ക് ഫെയ്‌സ്ബുക്കിലും മറ്റ് ഓൺലൈൻ മാധ്യമങ്ങളിലും സുജിത്തിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടും കൊലപാതകത്തിൽ പ്രതിഷേധിച്ചും നൂറുകണക്കിന് സന്ദേശങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.
സംഭവത്തിൽ ഇരിങ്ങാലക്കുട സി.ഐ എം.കെ സുരേഷ് കുമാറിന്റേയും എസ്.ഐ കെ.എസ് സുശാന്തിന്റെയും നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സുജിത്തിനെ മർദ്ദിച്ചതിന് പടിയൂർ സ്വദേശി പത്താഴക്കാട്ടിൽ വീട്ടിൽ മിഥുന്‍റെ (32) പേരിൽ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ഇയാൾ ഒളിവിലാണ്. അതേസമയം ആക്രമത്തിന് രാഷ്ട്രീയ നിറം കൊടുക്കാൻ ചില ഭാഗങ്ങളിൽ നിന്നും ശ്രമം നടക്കുന്നുണ്ടെന്നും കൊലപാതകിയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും നാട്ടുകാർ പറയുന്നു. കൊച്ചിയിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ഇന്‍റീരിയർ ഡിസൈനറായി ജോലിചെയ്തുവരികയായിരുന്നു സുജിത്ത്. അമ്മ: അരുണ, സഹോദരി: സുവർണ.

