ലോക സിനിമയുടെ തുടിപ്പറിഞ്ഞ് മലയാള സിനിമ മാറുന്നു : രവീന്ദ്രൻ

മനാമ : ലോകസിനിമയുടെ തുടിപ്പുകളെ അനായാസേന സ്വീകരിച്ചുകൊണ്ടു മലയാള സിനിമ അടിമുടി മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണെന്ന് പ്രമുഖ നടൻ രവീന്ദ്രൻ പറഞ്ഞു. കൊച്ചിമെട്രോ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സംബന്ധിച്ചു വിശദീകരിക്കാൻ ചേർന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ ലോക സിനിമകൾ കൈവരിക്കുന്ന മുന്നേറ്റങ്ങൾ മലയാളം അറിയാൻ ഏറെ കാലതാമസം നേരിട്ടിരുന്നു. ഇന്നു വിനിമയ സാധ്യതകൾ വർധിച്ചതോടെ ദൃശ്യഭാഷയെ അതിവേഗം നവീകരിക്കാൻ കഴിയുന്ന അവസ്ഥ വന്നു ചേർന്നു. ന്യൂ ജനറേഷൻ സിനിമയെന്ന് നാം ഇന്നു വിളിക്കുന്ന സിനിമകളുടെ ധാരയായി വർത്തിക്കുന്നത് ഇത്തരത്തിൽ അന്താരാഷ്ട്ര സിനിമകളുടെ അവബോധമാണ്. ഈ പരിവർത്തനത്തിന് അനുസൃതമായി ചലച്ചിത്ര സാക്ഷരത ആസ്വാദക സമൂഹം ആർജിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മലയാളിയുടെ ആസ്വാദന പ്രക്രിയ ഈ മാറ്റത്തിനനുസരിച്ചു വികസിച്ചിട്ടുണ്ടെങ്കിലും പുലിമുരുകൻ പോലുള്ള സിനിമകളുടെ ഭാവുകത്വവും അവർ നെഞ്ചേറ്റുന്നു എന്നതാണു പ്രത്യേകത. എല്ലാ മലയാളിയും ഉള്ളിൽ ഒരു സിനിമാ സങ്കൽപ്പം സൂക്ഷിക്കുന്നുണ്ട്. വ്യത്യസ്ഥമേഖലയിൽ എത്തിപ്പെടുന്പോഴും ഉള്ളിലെ സിനിമ സജീവമാണ്. ദൃശ്യങ്ങൾ ക്രമമായി ഒരുക്കി ആർക്കും ഒരു സിനിമ നിർമിക്കാൻ കഴിയും. എന്നാൽ ഒരു ദൃശ്യഭാഷ സൃഷ്ടിക്കുക എന്നതാണു പ്രധാനം. ഈ അവബോധമാണ് ഭാവിയിലെ സിനിമയിൽ പ്രതീക്ഷ നൽകുന്നത്.സിനിമ പഠിക്കാനും അറിവു ശേഖരിക്കാനും വ്യക്തിപരമായി തനിക്കു ലഭിച്ച സൗഭാഗ്യം പുതിയ തലമുറയുമായി പങ്കുവെയക്കാൻ അതീവ തൽപ്പരനാണെന്നും മികച്ച സിനിമയുടെ അമൂല്യ ശേഖരം താൻ ഇതിനായി കരുതിവച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ച് തമിഴ് മലയാളം സിനിമകളിൽ താരപദവിയിൽ നിൽക്കുന്പോൾ പിൻ വാങ്ങിയ അദ്ദേഹം ഇന്നു സിനിമാ സാക്ഷാരതയുടെ പ്രമുഖ വക്താവായി നിലകൊള്ളുകയാണ്. നിരവധി ലോക ചലച്ചിത്ര മേളകളുടെ അനുഭവമുള്ള അദ്ദേഹം കേരളത്തിൽ നിരവധി ചലച്ചിത്രോത്‍സവങ്ങളുടെ ഡയറക്ടറായും സേവനം ചെയ്യുന്നു. ചലച്ചിത്ര അക്കാഡമിയുടെ മേൽനോട്ടത്തിൽ ആരംഭിച്ച സിനിമാ സാക്ഷരതാ പരിപാടിയുടെ നായകൻ എന്ന നിലയിലാണ് അദ്ദേഹം ചലച്ചിത്ര മേഖലയിൽ ഇന്നും നിറഞ്ഞു നിൽക്കുന്നത്.