പൊതുസ്ഥലത്തെ മലമൂത്ര വിസർജ്ജനം : ദുർഗന്ധം സഹിക്കാനാകാതെ പരിസരവാസികൾ

മനാമ : രാജ്യ തലസ്ഥാനമായ മനാമയിലെ പൊതു സ്ഥലങ്ങളിൽ ആളുകൾ മലമൂത്ര വിസർജ്ജനം നടത്തുന്നത് പതിവാകുന്നു. ഇതേതുടർന്ന് മനാമ ബസ് ടെർമിനലിനും പരിസര പ്രദേശങ്ങളിലുമുള്ള കടകളിലും താമസ സ്ഥലങ്ങളിലുമുള്ളവർ ദുർഗന്ധം സഹിച്ചും ജീവിക്കേണ്ട ഗതികേടിലാണുള്ളത്. വിവിധ പ്രദേശങ്ങളിൽ നിന്ന് മനാമയിൽ എത്തുന്നവർക്ക് വേണ്ടി ഒരുക്കിയ ശൗചാലയം പലപ്പോഴും പ്രവർത്തന സജ്ജമല്ലാത്തത് കാരണമാണ് ഇത്തരം ഇടങ്ങളിൽ ആളുകൾ മറ്റ് വഴികളില്ലാതെ പലപ്പോഴും കാര്യം സാധിക്കുന്നത്. മനാമ ഗോൾഡ് സിറ്റിക്ക് സമീപം മുന്പ് ഒരു കെട്ടിടം പൊളിച്ചു കളഞ്ഞ സ്ഥലത്ത് ഇത്തരത്തിൽ മലമൂത്ര വിസർജ്ജനം നടത്തുന്നത് ഫോർ പിഎം ന്യൂസ് നേരത്തേ റിപ്പോർട്ട് ചെയ്യുകയും, നഗരസഭയുടെ ശ്രദ്ധയിൽ കൊണ്ടുവരികയും ചെയ്തതിനെ തുടർന്ന് അധികൃതർ ഇവിടെ നടപടിയെടുത്തു വേലി കെട്ടി തിരിച്ചിരുന്നു. ഇപ്പോൾ മനാമ ബസ് ടെർമിനലിന് എതിർ ഭാഗത്തായി ഗോൾഡ് സിറ്റിക്ക് ഏതാനും വാര അകലെയാണ് കെട്ടിടം പൊളിച്ചെടുത്ത മറ്റൊരു തുറന്ന പ്രദേശത്തെ പലരും മൂത്രപ്പുരയാക്കി മാറ്റിയിരിക്കുന്നത്. മനാമയിലെ പല കടകളിലും ആവശ്യത്തിന് ശൗചാലയങ്ങളോ മൂത്രപ്പുരകളോ ഇല്ലാത്തതും പൊതു സ്ഥലങ്ങളിൽ മൂത്രമൊഴിക്കുന്നതിനു കാരണമാകുന്നുണ്ട്. ബാബുൽ ബഹ്‌റൈനിലെ കടകളിൽ ജോലി ചെയ്യുന്നവർ, താൽക്കാലിക ജോലിയിൽ ഏർപ്പെട്ടവർ, വഴിവാണിഭക്കാർ തുടങ്ങിയവരാണ് പൊതു സ്ഥലങ്ങളിൽ മൂത്രമൊഴിക്കാൻ എത്തുന്നത്. വേനൽക്കാലത്ത് ഇത്രമാത്രം അസഹ്യമായിരുന്നില്ലെന്നും, ഇപ്പോൾ കാലവസ്ഥ മാറിയതോടെ ആളുകൾ കൂടുതൽ എത്തുകയും ദുർഗന്ധം സഹിക്കാൻ കഴിയാത്ത അവസ്ഥയായെന്നുമാണ് പരിസരവാസികൾ പറയുന്നത്. പാർക്കുകളും കടമുറികളും താമസസ്ഥലമാക്കി മാറ്റിയവരും ഇത്തരം സ്ഥലങ്ങളെ വിസർജ്ജനത്തിനായി ഉപയോഗിക്കുന്നു.
തലസ്ഥാന നഗരിയിലെ ബാബുൽ ബഹ്‌റൈൻ സമുച്ചയത്തിൽ പോലീസ് േസ്റ്റഷനു പിറകിലെ കെട്ടിടത്തിൽ വിശാലമായ ശൗചാലയങ്ങൾ ഉണ്ടെങ്കിലും അത് അവിടെ വരുന്ന ഉപഭോക്താക്കൾക്ക് വേണ്ടി മാത്രമായി നിജപ്പെടുത്തിയത് ഇവിടെ എത്തുന്നവർക്ക് പ്രതിബന്ധം സൃഷ്ടിക്കുന്നു. അതു കാരണം മനാമയിലെ പൊതു ശൗചാലയം തുറന്നു പ്രവർത്തിപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും പൊതു സ്ഥലത്തെ മലമൂത്ര വിസർജ്ജനം അവസാനിപ്പിക്കണമെന്നുമാണ് പ്രദേശത്തുകാരുടെ അഭ്യർത്ഥന. നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന സ്ഥലമായതിനാൽ സ്ത്രീകൾ അടക്കമുള്ളവർ നടന്നു പോകുന്ന വഴിയിലെ പരസ്യ മൂത്ര വിസർജ്ജനം യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. രാത്രി കാലങ്ങളിൽ മദ്യപന്മാരും തെരുവ് നായ്ക്കളും കയ്യേറി വാഹനം നിർത്തിയിടാൻ വരുന്നവർക്ക് പോലും ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയും ഉണ്ടാകുന്നു. പൊതുവെ പാർക്കിംഗ് സ്ഥലമില്ലാതെ നട്ടം തിരിയുന്ന വാഹന യാത്രക്കാർക്കും അവരുടെ വാഹനം ഇവിടെ നിർത്തിയിടാനും കഴിയാത്ത സാഹചര്യവുമുണ്ട്. തലസ്ഥാന നഗരിയിലെ ഈ ദുർഗന്ധം എത്രയും പെട്ടെന്ന് ഇല്ലാതാക്കാൻ അധികൃതരുടെ ഭാഗത്തു നിന്നും നടപടികൾ ഉണ്ടാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.