ന്യൂനപക്ഷം ആശങ്കയിലെന്ന് കെ.എം.സി.സി സെമിനാർ
മനാമ : നരേന്ദ്ര മോഡിയുടെ നേതൃത്വത്തിൽ ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നത് മുതൽ രാജ്യത്തെ ന്യൂനപക്ഷ സമൂഹം ഏറെ ആശങ്കയിലാണെന്നും, അത്തരമൊരു അരക്ഷിതാവസ്ഥ ബലപ്പെടുത്തുന്നതാണ് നാൾക്ക്നാൾ തുടർന്നുവരുന്ന പശുവിന്റെ പേരിലുള്ള ആൾക്കൂട്ട കൊലപാതകങ്ങളും, ഭരണകൂടം പുലർത്തുന്ന നിസംഗതയെന്നും ബഹ്റൈൻ കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ന്യൂനപക്ഷ ദളിത് വേട്ടയ്ക്കെതിരെ ഇന്ത്യൻ യൂണിയൻ മുസ്ലീംലീഗ് ഡൽഹിയിൽ സംഘടിപ്പിച്ച പാർലിമെന്റ് മാർച്ചിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ടാണ് സെമിനാർ നടന്നത്. കെ.എം.സി.സി പ്രസിഡണ്ട് എസ്.വി ജലീൽ ഉദ്ഘാടനം ചെയ്തു. സെമിനാറിൽ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് എ.പി ഫൈസൽ വില്യപ്പള്ളി അദ്ധ്യക്ഷ വഹിച്ചു. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയും പശുവിന്റെയും പേരിലുള്ള കൊലപാതകങ്ങൾ രാജ്യത്ത് വർദ്ധിച്ചു വരുന്പോൾ കണ്ണടച്ച് നോക്കിനിൽക്കുന്ന ഭരണാധികാരികൾ ഇന്ത്യക്ക് അപമാനമാണെന്നും ഇതിനെതിരെ ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്നും കെ.എം.സി.സി പ്രസിഡണ്ട് എസ്.വി ജലീൽ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പ്രസ്താവിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ ആശംസ പ്രസംഗം നടത്തി.
തുടർന്ന് ‘വർത്തമാന ഇന്ത്യ ന്യൂനപക്ഷ ആശങ്കകൾ ബലപ്പെടുന്നുവോ’ എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ചർച്ചയിൽ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് അനിൽ വേങ്കോട്, യൂനുസ് സലിം (ഫ്രണ്ട്സ് ബഹ്‌റൈൻ), പങ്കജ് നാഭൻ (ആംഅദ്മി), ലത്തീഫ് ആയഞ്ചേരി (ഒ.ഐ.സി.സി) സുഹൈൽ (നവോദയ) സംസാരിച്ചു. കെ.എം.സി.സി ഓർഗനൈസിംഗ് സെക്രട്ടറി ശംസുദ്ദീൻ വെള്ളികുളങ്ങര മോഡറേറ്റർ ആയിരുന്നു.
ഭീതിപ്പെടുത്തി വരുതിയിലാക്കാനുള്ള ഫാസിസ്റ്റ് കുത്സിത ശ്രമങ്ങൾക്കെതിരെ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ച് മതേതര ജനാധിപത്യ വിശ്വാസികൾ യോജിച്ച് മുന്നേറണമെന്നും സെമിനാറിൽ അഭിപ്രായമുയർന്നു. രാഷ്ട്രപിതാവിനെ വധിച്ചവരുടെ പിൻഗാമികൾ രാഷ്ട്രപതിയാവുന്ന അപമാനകരമായ മുഹൂർത്തത്തിനാണ് വർത്തമാനകാല ഇന്ത്യ സാക്ഷ്യം വഹിക്കുന്നതെന്നും ന്യൂനപക്ഷ ആശങ്കകൾ പോലെ ഭീതിദായകമാണ് സംഘ് പരിവാറിന്റെ സാംസ്കാരിക അധിനിവേശമെന്നും അനിൽ വെങ്കോട് അഭിപ്രായപ്പെട്ടപ്പോൾ, ചരിത്രത്തിൽ ഫറോവയുടെ വംശീയ അധിനിവേശം ഓർമ്മപ്പെടുത്തുന്നതാണ് ഇന്ത്യയിലെ നിലവിലെ സാഹചര്യങ്ങളെന്നും എന്നാൽ ഏതൊരു സ്വേച്ഛാധിപതിയെയും അധികനാൾ വാഴിക്കില്ലെന്ന ചരിത്രത്തിന്റെ കാവ്യനീതി മോഡിയെയും കാത്തിരിക്കുന്നുണ്ടെന്ന് യൂനുസ് സലിം ഓർമ്മിപ്പിച്ചു. മേലാള വർഗ്ഗം എന്നും കീഴാളന്മാരെ ഭിന്നിപ്പിച്ചുകൊണ്ടു തങ്ങളുടെ സ്ഥാപിത താൽപര്യങ്ങൾ സംരക്ഷിക്കുന്ന പതിവ് മോഡിയിലൂടെ ഇപ്പോഴും ഇന്ത്യയിൽ തുടരുകയാണെന്നും ദളിത് മുസ്ലീം ഐക്യത്തിലൂടെ ചരിത്രം മാറ്റി എഴുതേണ്ടത് കാലത്തിന്റെ ആവശ്യമാണെന്ന് പങ്കജ് നഭനും, ദേശീയ പ്രസ്ഥാനമായ കോൺഗ്രസിനെ ദുർബലപ്പെടുത്തിയവർക്കെല്ലാം പ്രത്യേകിച്ച് ഇടതുപക്ഷ കക്ഷികൾക്ക് ഇപ്പോഴത്തെ അവസ്ഥയിൽ പങ്കുണ്ടെന്നും ഇനി യോജിക്കുക മാത്രമേ പോംവഴിയുള്ളൂവെന്നും ലത്തീഫ് ആയഞ്ചേരി പ്രസ്താവിച്ചു. ബി.ജെ.പിയെ ഒറ്റയ്ക്ക് നേരിടാമെന്ന അമിതവിശ്വാസമൊന്നും ഇടതുപക്ഷത്തിനില്ലെന്നും എന്നാൽ ബി.ജെ.പിയെ എതിർക്കാനുള്ള ധാർമ്മിക അവകാശം കാര്യങ്ങൾ ഇതുവരെ എത്തിച്ച കോൺഗ്രസിന് ഇല്ലെന്നും നവോദയ പ്രതിനിധി സുഹൈൽ പറഞ്ഞു.
ന്യൂനപക്ഷ ആശങ്കകൾ പറഞ്ഞ് സമുദായത്തിന്റെ സുരക്ഷിതത്വബോധം നഷ്ടപ്പെടുത്തി അരാഷ്ട്രീയ വാദവും തീവ്രവാദവും വളർത്തുന്നവരെ സൂക്ഷിക്കണമെന്നും, പാർലമെന്ററി ഡെമോക്രസിയുടെ അപാരമായ സാധ്യതകൾ ഉപയോഗപ്പെടുത്തി ജനാധിപത്യ മാർഗ്ഗത്തിലൂടെ മുന്നേറാൻ മുസ്ലീംകൾക്ക് ദിശാബോധം നൽകുന്നതാണ് മുസ്ലീം ലീഗിന്റെ വഴിയെന്നും മോഡറേറ്ററായ ശംസുദ്ദീൻ വെള്ളികുളങ്ങര പ്രസ്താവിച്ചു. സെമിനാറിൽ ഫൈസൽ കണ്ടീത്താഴ സ്വാഗതവും ഒ.കെ കാസിം നന്ദിയും പറഞ്ഞു.

