ബഹ്‌റൈനിലെ താമസ സ്ഥലങ്ങൾ അപകടത്തിന്റെ തീച്ചൂളയിൽ
മനാമ : രാജ്യത്ത് ചൂടുകാലം തിളച്ചുമറിയുന്പോൾ ഏക ആശ്വാസമാണ് ശീതീകരണ യന്ത്രങ്ങൾ. എന്നാൽ പലയിടത്തും ഇവ പ്രവർത്തിക്കുന്നത് യാതൊരു സുരക്ഷയുമില്ലാതെയാണ്. നിരവധി വ്യാപാര സ്ഥാപനങ്ങളും ഫ്‌ളാറ്റുകളും തിങ്ങിനിറഞ്ഞ പ്രദേശങ്ങളിൽ പോലും എയർ കണ്ടീഷൻ മെഷീനുകൾ സ്ഥാപിച്ചിരിക്കുന്നത് ഏറെ അപകടരമായിട്ടാണ്. ചൂട് അതിന്റെ പാരമ്യത്തിലെത്തി നിൽക്കുന്ന വേളയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന എയർകണ്ടീഷനുകളുമുണ്ട്. ഇവ യഥാസമയം സർവ്വീസ് നടത്താൻ പലരും ശ്രദ്ധിക്കാറില്ല. തുച്ഛവരുമാനക്കാരായ തൊഴിലാളികൾ പാർക്കുന്ന സ്ഥലങ്ങളിൽ ഉള്ള എയർകണ്ടീഷൻ മെഷീനുകൾ പലതും ചെറിയ വിലയ്ക്ക് വാങ്ങി താത്കാലിക ആവശ്യത്തിലേയ്ക്ക് ഉപയോഗിക്കപ്പെടുന്നവയാണ്. എയർകണ്ടീഷൻ പോലെ തന്നെ ചെറിയ വിലയ്ക്ക് ലഭിക്കുന്ന ഗുണമേന്മയില്ലാത്ത ഇലക്ട്രോണിക്ക് ഉപകരണങ്ങളും ഷോർട്ട് സർക്ക്യൂട്ട് അടക്കമുള്ള വലിയ അപകടങ്ങൾ ഈ ചൂടുകാലത്ത് ക്ഷണിച്ചു വരുത്തുന്നു. മിക്സി, ഫാൻ, വാട്ടർ കൂളർ, കെറ്റിൽ തുടങ്ങിയവ ഇതിന്റെ ഉദാഹരണങ്ങളാണ്. പല താമസ സ്ഥലങ്ങളിലും ഉപയോഗ ശൂന്യമായ കിടക്കകൾ, സോഫാ സെറ്റികൾ തലയിണകൾ തുടങ്ങിയവയും മേൽക്കൂരയ്ക്ക് മുകളിൽ അലസമായി വലിച്ചെറിയുന്നവരുണ്ട്. ഗുദൈബിയയിലെ ചില ആസ്ബസ്റ്റോസ് കെട്ടിടങ്ങൾക്കു മുകളിൽ ഇത്തരത്തിൽ ഉപയോഗ ശൂന്യമായ നിരവധി സാധനങ്ങൾ അലസമായി കൂട്ടിയിട്ടിരിക്കുന്നു.ഇവയും അപകടങ്ങൾക്ക് വഴിവെയ്ക്കുന്നതാണ്.
ഒരു ഫ്‌ളാറ്റിലെ തന്നെ ഷെയറിംഗ് താമസക്കാർ ഒരു വൈദ്യുത ലൈനിൽ നിന്ന് തന്നെ രണ്ടും മൂന്നും കണക്ഷനുകൾ മൾട്ടി പ്ലഗ്ഗുകൾ ഉപയോഗിച്ചും വയറുകൾ പരസ്പരം കൂട്ടി യോജിപ്പിച്ചും കണക്ഷനെടുക്കുന്നതും നിത്യ സംഭവങ്ങളാണ്. മനാമയിലെ ഭൂത ബിൽഡിംഗ് എന്നറിയപ്പെടുന്ന കെട്ടിടം ഇത്തരത്തിൽ അപകടാവസ്ഥയിലായതിനെ തുടർന്ന് രണ്ടു മാസം മുന്പ് അധികൃതർ ഒഴിപ്പിച്ചിരുന്നു. ഇതിലും വലിയ അപകടാവസ്ഥയിലായിട്ടുള്ള നിരവധി കെട്ടിടങ്ങൾ രാജ്യ തലസ്ഥാനത്തു തന്നെ ഇപ്പോഴും നിലനിൽക്കുന്നു. പഴയകാലത്തെ മരത്തടികളിലും മണ്ണിലും കുഴച്ചുണ്ടാക്കിയ സീലിംഗുകളും മൺകട്ടകൾ കൊണ്ടുണ്ടാക്കിയ ചുവരുകളും ഉള്ള കെട്ടിടങ്ങളും ഇപ്പോഴും താമസസ്ഥലമായി ഉപയോഗിക്കുന്നുണ്ട്. ഇത്തരം കെട്ടിടങ്ങളുടെ അവസ്ഥ അതീവ ശോചനീയമാണ്. കുറഞ്ഞ വാടകയ്ക്ക് അന്തിയുറങ്ങാൻ ഒരിടം എന്നു മാത്രം ലക്ഷ്യമാകുന്പോൾ ഇവിടെ താമസിക്കുന്നവർ മറ്റൊന്നും ചിന്തിക്കുന്നില്ല. തങ്ങളുടെ വരുമാനത്തെ ആശ്രയിച്ച് മാത്രം കഴിഞ്ഞു കൂടുന്ന ഇവർ കുടുംബത്തെ ഓർത്തുകൊണ്ട് അപകടത്തിന്റെ തീച്ചൂളയിലാണെന്ന് അറിഞ്ഞു കൊണ്ട് തന്നെ ഇവിടെ കഴിഞ്ഞു കൂടുന്നു എന്ന് മാത്രം.

