കൗൺസിലിംഗ് രംഗത്ത് ശ്രദ്ധേയനായ മനോജ് മൈഥിലി ബഹ്റിനിൽ

മനാമ: കൗൺസിലിംഗ് രംഗത്ത്, പ്രത്യേകിച്ച് കൗമാരക്കാരും കുട്ടികളും നേരിടുന്ന മാനസിക പ്രശ്നങ്ങൾക്ക് കൗൺസിലിംഗിലൂടെ പ്രതിവിധി കണ്ടെത്തുകയും പ്രശ്നങ്ങൾ പരിഹാരിക്കുകയും ചെയ്യുന്ന കൗൺസിലിംഗ് വിദഗ്ദ്ധൻ മനോജ് മൈഥിലി ബഹ്റിനിലെത്തി. 15 വർഷത്തിലധികമായി ഈ രംഗത്തു പ്രവർത്തിക്കുന്ന ഇദ്ദേഹം ജിസിസി രാജ്യങ്ങളിൽ ഉൾപ്പെടെ നിരവധി സ്‌ഥലങ്ങളിൽ കൗൺസിലിംഗ് പരിപാടികളും മോട്ടിവേഷൻ ക്ലാസുകളും എടുത്തുവരികയാണ്. പ്രവാസലോകത്ത് വളർന്നു വരുന്ന കുട്ടികളിൽ നാട്ടിലെ കുട്ടികളെ അപേക്ഷിച്ചു മാനസിക സമ്മർദ്ദം കുറച്ചധികമാണെന്നാണ് തന്റെ ഇത്രയും വർഷത്തെ പരിചയത്തിലൂടെ അറിയാൻ കഴിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.
സോഷ്യൽ മീഡിയകളുടെ അമിത ഉപയോഗവും മാതാപിതാക്കളുമായുള്ള ആശയ വിനിമയം കുറയുന്നതും കുട്ടികളുടെ നിരവധി പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്. അമിതമായ അറിവുകൾ നൽകുന്നതിന് കുട്ടികളെ യന്ത്രങ്ങളെപ്പോലെ ട്യൂഷൻ കേന്ദ്രങ്ങളിലേയ്ക്കും അത് കഴിഞ്ഞു പുസ്തകങ്ങളുടെ മുന്നിലേയ്ക്കും വലിച്ചിഴയ്ക്കപ്പെടുന്നത് മൂലം കുട്ടികൾക്ക് കുടുംബാന്തരീക്ഷവും മാതാപിതാക്കളുമായുള്ള സംസർഗ്ഗവും പലപ്പോഴും നഷ്ടപ്പെടുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഔപചാരികമായ വിദ്യാഭ്യാസത്തിന് അമിത പ്രാധാന്യം കൊടുക്കുന്നതിനു പകരം കുട്ടികളുടെ സ്വഭാവ രൂപീകരണത്തിന് ഊന്നൽ നൽകുന്നതോടെ നിരവധി പ്രശ്നങ്ങൾ എളുപ്പത്തിൽ പരിഹരിക്കാൻ സാധിക്കും. ഒരു കന്പ്യൂട്ടർ പ്രൊഫഷണലായ മനോജ് തലശ്ശേരിയിൽ ആശ്വാസ് മെഡി കെയർ എന്ന സ്‌ഥാപനം നടത്തിവരികയാണ്.