3200 വീടുകൾ കൂടി വിതരണം ചെയ്യുമെന്ന് കിരീടാവകാശി

മനാമ : നിർമ്‍മാണം പൂർത്തിയായ 3200 വീടുകൾ കൂടി ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുമെന്ന് കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ പറഞ്ഞു. കഴിഞ്ഞ ദിവസം ഭവനമന്ത്രാലയം സന്ദർശിക്കവേയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഒന്നാം ഘട്ടം പൂർത്തിയായ ഉടൻ രണ്ടാംഘട്ടത്തിലെ വിതരണം തുടങ്ങും. രാജാവ് ഹമദ് ബിൻ അൽ ഖലീഫയുടെ നിർദ്ദേശപ്രകാരം ഭവനമന്ത്രാലയം രാജ്യത്തെ പൗരന്മാർക്കായി 40000 വീടുകൾ നിർമ്മിക്കാനുള്ള പദ്ധതിയാണ് നടപ്പാക്കുന്നത്. പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ പ്രത്യേക താൽപര്യപ്രകാരം ഈ ബൃഹദ് പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കും.
രാജ്യത്തെ പൗരന്മാർക്കായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ വലിയ പ്രാധാന്യമാണ് ഭരണകൂടം നൽകുന്നത്. ‘വിഷൻ 2030’ൻ്റെ ഭാഗമായി വിവിധ പദ്ധതികൾ നടപ്പിലാക്കി വരികയാണ്. പാർപ്പിട സമുച്ചയ പദ്ധതിയുടെ പൂർത്തീകരണത്തിനായി സ്വകാര്യമേഖലയിലുള്ള കന്പനികളും സംരംഭകരും സർക്കാർ ഏജൻസികളും വലിയസേവനങ്ങളാണ് നൽകിവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.