എൽ.എം.ആർ.എ അഭയകേന്ദ്രത്തിൽ ദിനംപ്രതി എത്തുന്നത് പത്തോളം പരാതികൾ

രാജീവ് വെള്ളിക്കോത്ത്
മനാമ : ബഹ്‌റിനിൽ വിദേശികൾക്കായി സർക്കാർ ആരംഭിച്ചിരിക്കുന്ന അഭയകേന്ദ്രത്തിൽ ദിവസേന ശരാശരി പത്ത് പരാതികൾ ലഭിക്കുന്നുണ്ടെന്ന് കേന്ദ്രത്തിന്റെ നടത്തിപ്പുകാരായ മൈഗ്രന്റ് വർക്കേഴ്‌സ് പ്രൊട്ടക്ഷൻസ് ആന്റ് അസിസ്റ്റന്റ്‌സ് യൂണിറ്റ് മേധാവി ഫൈസാഖാൻ അറിയിച്ചു. ശന്പളം മുടങ്ങുന്നതും ജോലി മാറാൻ അനുവദിക്കാത്തതും മറ്റുമായി ഈ വർഷം ഇതുവരെയായി 2500ഓളം കേസുകളാണ് കൈകാര്യം ചെയ്തത്.
ഏറ്റവും കൂടുതൽ പരാതി ലഭിച്ചിട്ടുള്ളത് തൊഴിലുടമകൾ തങ്ങളുടെ പാസ്‌പോർട്ട് തടഞ്ഞുവെയ്ക്കുന്നതുമായി ബന്ധപ്പെട്ടാണെന്ന് ഫൈസാഖാൻ പറയുന്നു. മിക്കവാറും കേസുകളും രണ്ടാഴ്ചക്കകം പരിഹരിക്കാൻ കഴിയുന്നുണ്ട്. പരാതികൾ പരിഹരിച്ച ശേഷം നാട്ടിൽ പോകാനാഗ്രഹിച്ചവരെ നാട്ടിലയക്കുകയും ഇവിടെ ജോലി തുടരാൻ ആഗ്രഹിച്ചവർക്ക് അതിനുള്ള സൗകര്യവും ചെയ്തുകൊടുത്തു.
ആറു നിലകളിലായി 16 അപ്പാർട്ടുമെന്റുകളാണ് ഷെൽട്ടറിലുള്ളത്. ഇതുവരെയായി 221 തൊഴിലാളികളെ ഇവിടെ പാർപ്പിച്ചിട്ടുണ്ട്. ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ)യുടെ ഭാഗമായാണ് വിദേശത്തൊഴിലാളികളെ ഉദ്ദേശിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ യൂണിറ്റുകൾ തുറന്നു പ്രവർത്തനമാരംഭിച്ചത്.
വിരലടയാളം എടുക്കുന്നതുൾപ്പെടെയുള്ള സേവനങ്ങളാണ് നിലവിൽ നൽകുന്നതെങ്കിലും സമീപഭാവിയിൽ എൽ.എം.ആർ.എയുടെ മറ്റു സേവനങ്ങളും ഈ യൂണിറ്റുകളിൽനിന്നു പ്രതീക്ഷിക്കാം. ബഹ്‌റിനിൽ ശന്പളം ലഭിക്കാതെയും മറ്റുതരത്തിലും പീഡനത്തിനിരയാകുന്നവർക്ക് അഭയകേന്ദ്രമായിത്തന്നെയാണ് സർക്കാർ വക എക്‌സ്പാറ്റ് പ്രൊട്ടക്ഷൻ സെന്റർ പ്രവർത്തിക്കുന്നത്. ലേബർ മാർക്കറ്റ് റെഗുലേറ്ററി മുൻകയ്യെടുത്തു നടപ്പിലാക്കിയ കേന്ദ്രത്തിൽ വിവിധ കാരണങ്ങളാൽ പീഡനമനുഭവിക്കുന്ന വിദേശത്തൊഴിലാളികൾക്ക് നേരിട്ടു പരാതി നൽകാം. സെഹ്‌ല ആസ്ഥാനമായിട്ടുള്ള കേന്ദ്രത്തിൽ ഒരേ സമയത്ത് 200 പേരെ താമസിപ്പിക്കാവുന്ന ഷെൽട്ടറാണ് പ്രവർത്തിക്കുന്നത്. പീഡനം മൂലമോ മറ്റു കാരണങ്ങളാലോ താമസ സ്ഥലത്തേയ്ക്ക് മടങ്ങിപ്പോകാൻ ബുദ്ധിമുട്ടുന്നവരെ ഏതാനും ദിവസത്തേയ്ക്ക് ഇവിടെ താമസിപ്പിക്കാനാകും.
പ്രാഥമിക ചികിത്സ ആവശ്യമായി വരുന്നവർക്കായി ഇതോടനുബന്ധിച്ച് ഒരു ക്ലിനിക്കും പ്രവർത്തിക്കുന്നുണ്ട്. ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന കേന്ദ്രം രാജ്യത്തെ വിദേശ എംബസികളുമായും പോലീസ് േസ്റ്റഷനുകളും എമിഗ്രേഷൻ ഓഫീസുമായും തൊഴിൽമന്ത്രാലയവുമായും ബന്ധപ്പെട്ടായിരിക്കും പ്രവർത്തിക്കുക. ഏതു തരത്തിലുള്ള പരാതികളും ഇവിടെ സ്വീകരിക്കും. പിന്നീട് പരാതിയുടെ ഗൗരവമനുസരിച്ച് അധികൃതർ എംബസികളിലേക്കോ പോലീസ് േസ്റ്റഷനുകളിലേയ്ക്കോ എമിഗ്രേഷൻ ഓഫീസിലേയ്ക്കോ കൈമാറും. ശാരീരിക പീഡനങ്ങൾക്ക് ഇരയാകുന്ന പരാതികൾ മാത്രമായിരിക്കും പരാതി നൽകേണ്ടതിന്റെ ഭാഗമായി പോലീസ് േസ്റ്റഷനിൽ അറിയിക്കുക. പിന്നീട് എംബസികളിൽ വിവരമറിയിക്കും.
എൽ.എം.ആർ.എയുടെ പുതിയ സംരംഭം തികച്ചും പ്രയോജനകരമായ ഒരു പദ്ധതിയാണെന്ന് സാമൂഹികപ്രവർത്തകർ പ്രതികരിച്ചു. തങ്ങൾ വർഷങ്ങളായി ആവശ്യപ്പെടുന്ന ഒരു വിഷയമാണിത്. തൊഴിലാളികൾക്കായുള്ള ഒരു അഭയകേന്ദ്രം തങ്ങളുടെ ഒരു സ്വപ്നമായിരുന്നു. കുറഞ്ഞ പക്ഷം ഇന്ത്യക്കാർക്കായെങ്കിലും ഒരു അഭയകേന്ദ്രത്തിന് സ്ഥലം കണ്ടെത്തണമെന്ന് നിരവധി തവണ തങ്ങൾ എംബസിയോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇനിയും ഫലം കണ്ടിട്ടില്ല.
തൊഴിലുടമകളുടെ പീഡനമേറ്റ് പരാതിയുമായി എംബസിയിലെത്തുന്ന വീട്ടുവേലക്കാരികളേയും തൊഴിലാളികളേയും ഒരു ദിവസത്തേക്കെങ്കിലും അഭയം നൽകുവാനൊരു സങ്കേതം എംബസിക്കില്ലെന്നത് ഒരു പോരായ്മയാണ്. എംബസിയുടെ പുതിയ കെട്ടിടത്തിലും ഇതിനായി സ്ഥലം നീക്കിവെച്ചിട്ടില്ല. നിലവിൽ മൈഗ്രന്റ് വർക്കേഴ്‌സ് പ്രൊട്ടക്ഷൻ സൊസൈറ്റിയുടെ പരിമിത സൗകര്യങ്ങളോടെയുള്ള അഭയസങ്കേതത്തിലാണ് വേലക്കാരികളെ താമസിപ്പിക്കുന്നത്. ഏതായാലും തൊഴിലാളികൾക്ക് ഷെൽട്ടറടക്കം ഏറെ സൗകര്യങ്ങളോടെ പ്രവർത്തിക്കുന്ന എൽ.എം.ആർ.എയുടെ സംരംഭം വിദേശത്തൊഴിലാളികൾക്ക് ഏറെ ആശ്വാസമായിരിക്കുകയാണ്.