ബഹ്‌റിനിൽ മാലിന്യനിർമാർജനം താറുമാറാകുന്നു


മനാമ : ക്ളീനിങ് കമ്പനികൾ തമ്മിലുള്ള പോരിനെ തുടർന്ന് ബഹ്‌റിനിൽ പലയിടങ്ങളിലും മാലിന്യനിർമാർജനം താറുമാറാകുന്നു. സതേൺ ഗവേർണറ്റിലും, നോർത്തേൺ ഗവേർണറ്റിലും മാലിന്യനിർമാർജനത്തിനായി പുതിയ കമ്പനി ചാർജെടുത്തതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. 
 
നിലവിൽ മാലിന്യനിർമാർജനത്തിന് ഉത്തരവാദിത്തമുള്ളത് സ്പാനിഷ് ക്‌ളീനിംഗ് കമ്പനിയായ അർബെസറിനാണ്. എന്നാൽ ഇവരുടെ പ്രവൃത്തികൾക്ക് വിലങ്ങുതടിയെന്നോണം മുൻപുണ്ടായിരുന്ന ക്‌ളീനിംഗ്‌ കമ്പനിയായ സ്പിൻസ് പ്രവർത്തിക്കുന്നതായാണ് റിപ്പോർട്ടുകൾ. ഇതാണ് മാലിന്യപ്രശ്നം ഗുരുതരമാക്കുന്നത്.
 
പലയിടങ്ങളിലും മാലിന്യം ശേഖരിക്കാനായി വെച്ചിരിക്കുന്ന ചവറ്റുകുട്ടകൾ കമഴ്‌ത്തി വെച്ച നിലയിൽ കാണപ്പെട്ടിരുന്നു. ഇത് മൂലം മാലിന്യം നിക്ഷേപിക്കാനെത്തുന്നവർ അത് ചവറ്റുകുട്ടയ്ക്ക് സമീപത്ത് വെച്ച് പോവുകയും ചെയ്യുന്നു. 
 

article-image

അതുപോലെ തന്നെ പലയിടങ്ങളിലും മാലിന്യം നീക്കം ചെയ്യാനുള്ള ഗാർബേജ് ട്രക്കുകൾ ലഭ്യമാകാറില്ല. ഇത് മാലിന്യങ്ങൾ പലയിടങ്ങളിലും ചീഞ്ഞളിഞ്ഞു കിടന്നു ദുർഗന്ധം പരത്തുന്നതിന് കാരണമാകുന്നു. ദുർഗന്ധം അസഹനീയമാകുന്നതോടെ ചില വീട്ടുകാർ ചേർന്ന് പണം സ്വരൂപിച്ച് ഗാർബേജ് ട്രക്കുകൾക്ക് വാടക നൽകാനും തയ്യാറാകുന്നു.

article-image

റമദാന്റെ അവസാന ദിവസങ്ങളിൽ തുടങ്ങിയ ഈ പ്രശ്നത്തിന് പരിഹാരം കാണുവാൻ മുനിസിപ്പാലിറ്റി കൗൺസിലർമാർക്ക് പോലും സാധിക്കുന്നില്ല

article-image

ജനങ്ങളുടെ നിരന്തരമായുള്ള പരാതിയെ തുടർന്ന് വർക്സ്,മുനിസിപ്പാലിറ്റി അഫയേഴ്‌സ് ആൻഡ് അർബൻ പ്ലാനിങ് വകുപ്പ് മന്ത്രി ഇസ്സാം ഖലാഫ് സ്ഥലം സന്ദർശിച്ചിരുന്നു. കൂടുതൽ ഉപകരണങ്ങളും പ്രയത്നവുമെടുത്ത് മാലിന്യം എത്രയും വേഗം നീക്കം ചെയ്യാൻ മന്ത്രി ഉത്തരവിടുകയും ചെയ്തു. കമ്പനിയ്ക്ക് തങ്ങളുടെ വെല്ലുവിളികൾ പരിഹരിക്കുവാൻ കുറച്ച് സമയം ആവശ്യമാണെന്നും, മാലിന്യം കൃത്യമായി നിർമാർജനം ചെയ്യുമെന്നും അദ്ദേഹം ഉറപ്പു നൽകി. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed