പാസ്പോർട്ട് പുതുക്കാൻ മറന്ന് യാത്ര മുടങ്ങുന്നത് നിത്യസംഭവമാകുന്നു

മനാമ: വേനലവധി അടുത്തപ്പോൾ നാട്ടിലേയ്ക്ക് പോകാൻ കാലേക്കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത പലരും വിമാനത്താവളത്തിൽ എത്തുന്പോഴാണ് പാസ്പോർട്ട് പുതുക്കാത്ത കാര്യം ഓർക്കുന്നത്. അതോടെ പലരുടെയും യാത്ര മാറ്റിവയ്‌ക്കേണ്ടി വരുന്നു.
ഈ ആഴ്ച തന്നെ നിരവധി മലയാളി കുടുംബങ്ങളുടെ യാത്രയാണ് ഇത്തരത്തിൽ മാറ്റിവയ്‌ക്കേണ്ടി വന്നത്. വിമാന ടിക്കറ്റ് നിരക്ക് വർദ്ധിക്കും എന്നുള്ളതിനാൽ പല മലയാളി കുടുംബങ്ങളും നാട്ടിലേയ്ക്ക് ആറ് മാസം മുന്പേ തന്നെ ടിക്കറ്റ് എടുത്ത് െവയ്ക്കാറുണ്ട്. പക്ഷെ പാസ്സ്പോർട്ട് പുതുക്കാനുള്ള തീയ്യതി പലപ്പോഴും മറക്കുകയും ചെയ്യുന്നു.
യാത്ര പുറപ്പെടാൻ തിരക്കുള്ള സമയത്ത് പാസ്പോർട്ട് പുതുക്കേണ്ടുന്ന അവസ്ഥ വരുന്പോൾ അതിന് ഇരട്ടിയിലധികം പണം നൽകേണ്ടി വരും. അതുകൂടാതെ, എമർജൻസി പാസ്പോർട്ട് പുതുക്കുന്നതിന് 80 ദിനാറോളം വേറെയും മുടക്കണം.
കഴിഞ്ഞ ദിവസം കുടുംബത്തോടൊപ്പം യാത്ര ചെയ്യാൻ വിമാനത്താവളത്തിൽ എത്തിയ കുടുംബനാഥന്റെ പാസ്പോർട്ട് പുതുക്കാത്തതിനാൽ ഭാര്യയും മക്കളും മാത്രം നാട്ടിലേയ്ക്ക് പോകേണ്ടതായി വന്നിരുന്നു.
പിന്നീട് സാമൂഹ്യ പ്രവർത്തകനായ പവിത്രൻ നീലേശ്വരം ഇടപെട്ട് എംബസിയിൽ നിന്നും എമർജൻസി പാസ്പോർട്ട് പുതുക്കി നൽകിയതിന് ശേഷമാണ് അദ്ദേഹത്തിന് അടുത്ത ദിവസം യാത്ര ചെയ്യാനായത്.
ട്രാവൽ ഏജൻസികൾ ടിക്കറ്റു എടുത്തു നൽകുന്പോഴെങ്കിലും ഇക്കാര്യം ഓർമ്മിപ്പിക്കുന്നത് നല്ലതായിരിക്കുമെന്ന് പവിത്രൻ നീലേശ്വരം അഭിപ്രായപ്പെട്ടു.