ബഹ്റിൻ സാന്പത്തിക രംഗം പൂർവസ്ഥിതിയിലേക്ക്

മനാമ: എണ്ണവിലയിടിവിനെ തുടർന്ന് പ്രതിസന്ധിയിലായ ബഹ്റിനിലെ എണ്ണയിതര മേഖലകളിലെ വരുമാനം പൂർവസ്ഥിതിയിലേക്ക് തിരിച്ചു വരുന്നത് രാജ്യത്തിന്റെ സന്പദ് വ്യവസ്ഥയ്ക്ക് പുത്തനുണർവേകുന്നു. ഇക്കണോമിക് ഡിവലപ്മെന്റ്റ് ബോർഡ് പുറത്തിറക്കിയ ത്രൈമാസ റിപ്പോർട്ടിലാണ് എണ്ണയിതര മേഖലകൾ ശക്തിപ്രാപിച്ചു വരുന്നതായി പ്രസ്താവിച്ചിരിക്കുന്നത്. മൊത്തം ആളോഹരി വരുമാനം 2.9 ശതമാനമായതായും റിപ്പോർട്ടിൽ പറയുന്നു.
അന്താരാഷ്‌ട്ര തലത്തിൽ ക്രൂഡോയിന് വിലയിടിഞ്ഞതോടെ മേഖലയിലും പ്രാദേശികതലത്തിലും സാന്പത്തിക വ്യവസ്ഥിതിക്ക് ഒട്ടേറെ വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിലും മറ്റു മേഖലകളിൽ മികച്ച വളർച്ചാ നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് റിപ്പോർട്ട് പറയുന്നു. നിർമാണ മേഖലയിൽ 6.4 ശതമാനവും, വിദ്യാഭ്യാസം, ആരോഗ്യരംഗം തുടങ്ങിയ മേഖലയിൽ 6.9 ശതമാനവും, ഹോട്ടൽ, ഭക്ഷണശാലകൾ എന്നീ മേഖലകളിൽ 7.3 ശതമാനം എന്നിങ്ങനെയാണ് വളർച്ച.
എണ്ണവിലയിടിവ് രാജ്യത്തെ ചിലവ് നയങ്ങളിൽ കനത്ത സമ്മർദ്ദം ചെലുത്തുന്നതായി പ്രധാനമന്ത്രി പ്രിൻസ് ഖാലിഫ ബിൻ സൽമാൻ അൽ ഖാലിഫ വ്യക്തമാക്കി. തുടർന്ന് കൊണ്ടിരിക്കുന്ന വിലയിടിവ് രാജ്യത്തിന്റെ സാന്പത്തികരംഗത്ത് പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്പോൾ അവ താങ്ങാനായി സാന്പത്തികരംഗം ഒരുങ്ങണമെന്ന് അദ്ദേഹം അഭ്യർത്തിച്ചു. മന്ത്രിസഭയുടെ പ്രതിവാര ചർച്ചയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
എണ്ണയിൽ നിന്നുള്ള വരുമാനം കുറയുന്പോൾ മറ്റ് സാന്പത്തിക സ്ത്രോതസ്സുകളിൽ നിന്ന് മൂലധനം കണ്ടെത്താൻ രാജ്യത്തിന് സാധിക്കണമെന്ന പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് ഇതരമേഖലകളിൽ കൂടുതൽ ശ്രദ്ധ ചെലുത്തിത്തുടങ്ങിയത്. ഇതിനായി ചെലവ് ചുരുക്കുന്നതിനൊപ്പം വൈവിധ്യമുള്ള നയങ്ങൾ കൊണ്ട് രാജ്യത്തിന്റെ ഘടനാപരമായ മാറ്റത്തിനായി വികസന പരിപാടികൾ ആസൂത്രണം ചെയ്തു വരികയാണ്. നയത്തിന് അംഗീകാരമെന്നോണമാണ് ഇക്കണോമിക് ഡിവലപ്മെന്റ്റ് ബോർഡിന്റെ റിപ്പോർട്ട് വന്നിരിക്കുന്നത്.