രാജ്യസ്നേഹം അവിഭാജ്യഘടകം : ഹമദ് രാജാവ്

മനാമ: രാജ്യസ്നേഹം രാഷ്ട്രനിർമ്മാണത്തിൽ അവിഭാജ്യഘടകമാണെന്ന് ഹമദ് രാജാവ്. ബഹ്‌റിൻ പൗരന്മാരുടെ രാജ്യസ്നേഹം ഇത്തരത്തിൽ രാഷ്ട്രത്തിന്റെ വികസനത്തിൽ മുഖ്യപങ്ക് വഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നാഷണൽ ആക്ഷൻ ചാർട്ടറിന്റെ 15ാം വാർഷികപരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ രാജ്യത്തിന്റെ വികസനത്തിൽ ബഹ്‌റിനി വനിതകളുടെ പങ്ക് അദ്ദേഹം അനുസ്മരിച്ചു. “സ്ത്രീകളുടെ രാഷ്ട്രീയ അവകാശങ്ങൾ ഉറപ്പു വരുത്തുന്നതിലും ശക്തിപ്പെടുത്തുന്നതിലും നാഷണൽ ആക്ഷൻ ചാർട്ടർ സുപ്രധാനമായ സംഭാവനയാണ് നൽകിയിരിക്കുന്നത്.” അദ്ദേഹം പറഞ്ഞു. മേഖലയുടെ സുരക്ഷയ്ക്കായി സൗദിയുടെ നേതൃത്വത്തിലുള്ള സംയുക്ത സേനയുടെ സേവനത്തെയും അദ്ദേഹം അനുസ്മരിച്ചു.
രാജ്യത്തിന്റെ വികസനത്തിന് ചാർട്ടറിന്റെ പ്രവർത്തനം ഒരു പുതുയുഗത്തിന്റെ പിറവി തന്നെയാണ് സമ്മാനിച്ചതെന്ന് ഹമദ് രാജാവ് അനുസ്മരിച്ചു. അതു കൊണ്ട് തന്നെ ചാർട്ടറിന്റെ ആരംഭം രാജ്യത്തിന്റെ വികസനത്തിൽ ഒരു നാഴികക്കല്ലാണെന്ന് അദ്ദേഹം പറഞ്ഞു. രാജകുടുംബാംഗങ്ങൾ, പ്രധാന മന്ത്രി ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.
ബഹ്‌റിനിൽ പ്രതിസന്ധിയുണ്ടാക്കിയ തൊണ്ണൂറുകളിലെ കലാപമവസാനിപ്പിച്ച് ഭരണഘടനാ പ്രകാരം ഭരണം നടത്താൻ 2001ൽ രാജാവ് മുന്നോട്ടുവെച്ച നിർദ്ദേശമായിരുന്നു ആക്ഷൻ ചാർട്ടർ. ഏറെ സാമൂഹികവും സാംസ്കാരികവുമായ മാറ്റമാണ് ഈ സുപ്രധാന തീരുമാനം രാജ്യത്തിന് സമ്മാനിച്ചത്. ഇതിന്റെ പതിനഞ്ചാം വാർഷികമാഘോഷിക്കുന്ന മുഹൂർത്തം ‘രാജ്യത്തെ പൗരന്മാർ പങ്കാളികളായ ദേശീയതയുടെ വിജയ’മെന്നാണ് ഹമദ് രാജാവ് വിശേഷിപ്പിച്ചത്.
നാഷണൽ ആക്ഷൻ ചാർട്ടർ സ്മാരകം സന്ദർശിച്ച ഹമദ് രാജാവിനെ വിദ്യാഭ്യാസമന്ത്രി ഡോ. മജീദ് അൽ നൗമിയും ഉദ്യോഗസ്ഥരും വിദ്യാർത്ഥികളും ചേർന്ന് സ്വാഗതം ചെയ്തു.
