ലുലു ഇന്റർനാഷണൽ എക്സ്ചേഞ്ചിന്റെ എട്ടാമത് ശാഖ സൽമാനിയയിൽ

മനാമ: അന്താരാഷ്‌ട്ര പണമിടപാട് സ്ഥാപനങ്ങളിൽ പ്രമുഖരായ ലുലു ഇന്റർനാഷണൽ എക്സ്ചേഞ്ചിന്റെ എട്ടാമത് ശാഖ സൽമാനിയയിൽ തുറന്നു. ഇന്നലെ നടന്ന ചടങ്ങിൽ എക്സിക്യൂട്ടീവ് ഡയറക്ടർ അദീബ് അഹമ്മദാണ് ശാഖ ഉദ്ഘാടനം ചെയ്തത്. ഇന്ത്യൻ എംബസ്സി സെക്രട്ടറിയായ രാം സിംഗ് ചടങ്ങിൽ സംബന്ധിച്ചു.
2013ൽ പ്രഥമശാഖ ഉദ്ഘാടനം ചെയ്തത് മുതൽ ഉപഭോക്താക്കൾക്ക് മികച്ച സേവനങ്ങളും സംതൃപ്തിയും നൽകുകയെന്നതിൽ ലുലു ഇന്റർനാഷണൽ എക്സ്ചേഞ്ച് പ്രതിജ്ഞാബദ്ധരായിരുന്നു. പുതിയ ശാഖയോടെ തങ്ങൾ ഇതിൽ ഏറെ മുന്നോട്ട് പോയിരിക്കുകയാണെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ അദീബ് അഹമ്മദ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. പുതിയ ശാഖ ജനങ്ങൾക്കായി തുറന്നു കൊടുക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വിപുലമായ ശൃംഖലയിലൂടെ ആഗോള തലത്തിൽ വിദേശ വിനിമയ മേഖലയിൽ മികച്ച സേവനം കാഴ്ചവെച്ചു വരുന്ന ലുലു ഇന്റർനാഷണൽ എക്സ്ചേഞ്ച് ഇതിനകം തന്നെ മേഖലയിലെ സുപ്രധാന സ്ഥാപനമായി മാറിയിട്ടുണ്ട്. ഇതിനെ കൂടുതൽ ഉയരങ്ങളിലേയ്ക്കെത്തിക്കുകയെന്ന ദൗത്യത്തിലാണ് തങ്ങളെന്ന് ഡയറക്ടർ അദീബ് അഹമ്മദ് പറഞ്ഞു. ഇതിനായി തങ്ങളെ പ്രാപ്തരാക്കിയ ഉപഭോക്താക്കൾക്ക് അദ്ദേഹം നന്ദി പ്രകാശിപ്പിച്ചു.
ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ, ഫിലിപ്പൈൻസ്, ഇൻഡോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലേയ്ക്ക് ഉടനടി പണമയക്കാനുള്ള സംവിധാനങ്ങൾ നിലവിൽ ലുലു ഒരുക്കുന്നുണ്ട്. സൽമാനിയ, ഗുദൈബിയ, ഹിദ്ദ്, മനാമ, മുഹറഖ്, ഷെയ്ഖ് ഇസാ അൽ കബീർ അവന്യൂ ഇന്നിവടങ്ങളിൽ കൂടാതെ റിഫ മേഖലയിൽ രണ്ട് ശാഖകളും കന്പനി പ്രവർത്തിപ്പിക്കുന്നുണ്ട്.