കോർപ്പറേറ്റ് താൽപ്പര്യങ്ങൾക്കായി തൊഴിലാളി അവകാശങ്ങൾ ഹനിക്കപ്പെടുന്നു: ആനി രാജ
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ലോകമെമ്പാടും ബിസിനസ് കോർപ്പറേറ്റ് ശക്തികൾ ഗവൺമെന്റുകളെ സ്വാധീനിച്ച് സ്വന്തം താൽപ്പര്യങ്ങൾ സംരക്ഷിക്കുമ്പോൾ രാജ്യം വലിയ അനിശ്ചിതാവസ്ഥയാണ് നേരിടുന്നതെന്ന് സി.പി.ഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം ആനി രാജ അഭിപ്രായപ്പെട്ടു. ബഹ്റൈൻ നവകേരള സംഘടിപ്പിച്ച മെയ് ദിന സമ്മേളനം ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
കോർപ്പറേറ്റ് ശക്തികൾക്കായി തൊഴിലാളി വിരുദ്ധ നിയമങ്ങൾ നടപ്പിലാക്കുകയും, വിയോജിക്കുന്നവരെ ക്രിമിനൽ കേസുകളിൽ കുടുക്കി നിശബ്ദരാക്കുകയുമാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്. തൊഴിലാളികളെയും ജനങ്ങളെയും ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രത വേണമെന്നും അവർ ഓർമ്മിപ്പിച്ചു. കേവലം സാമ്പത്തിക നേട്ടങ്ങൾക്ക് അപ്പുറം, തൊഴിലാളിയുടെ അന്തസ്സ് ഉയർത്തുന്നതിനും ജാതിമത ചിന്തകൾക്കതീതമായ സമൂഹ പുനർനിർമ്മിതിക്കുമായിരിക്കണം ഐക്യം കെട്ടിപ്പടുക്കേണ്ടതെന്നും ആനി രാജ കൂട്ടിച്ചേർത്തു.
നവകേരള പ്രസിഡന്റും ലോക കേരള സഭ അംഗവുമായ എൻ.കെ. ജയൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കോർഡിനേഷൻ സെക്രട്ടറി ജേക്കബ് മാത്യു അഭിവാദ്യം അർപ്പിച്ചു സംസാരിച്ചു. രക്ഷാധികാരി കെ. അജയകുമാർ മെയ് ദിന സന്ദേശം നൽകി. സെക്രട്ടറി എ.കെ. സുഹൈൽ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി സുനിൽദാസ് നന്ദിയും പറഞ്ഞു. പ്രശാന്ത് മാണിയത്ത്, പ്രവീൺ മേൽപ്പത്തൂർ, ഷാജഹാൻ കരുവന്നൂർ തുടങ്ങിയ ഭാരവാഹികൾ ചടങ്ങിന് നേതൃത്വം നൽകി.
sdfsdf

