നേഴ്‌സറി വിദ്യാലയം അടപ്പിച്ചു

മനാമ: സർക്കാർ മാനദണ്ഡങ്ങൾ പാലിക്കാത്തതായി കണ്ടെത്തിയ ഒരു നേഴ്‌സറി വിദ്യാലയം വിദ്യാഭ്യാസ വകുപ്പ് അടപ്പിച്ചു. 'കുൽ അൽ അത്ഫൽ കിന്റർഗാർട്ടനാ'ണ് ഉദ്യോഗസ്ഥരുടെ പരിശോധനയെത്തുടർന്ന് അടപ്പിച്ചത്. തെറ്റുകുറ്റങ്ങൾ തിരുത്തുന്നതിനായി ഈ സ്കൂളിന് 10 ദിവസത്തെ സമയം നൽകിയിട്ടുണ്ട്, അതല്ലെങ്കിൽ നിയമനടപടികൾ നേരിടാനായി ഒരുങ്ങാനാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
മന്ത്രാലയത്തിന്റെ ഫാമിലി ആൻഡ് ചൈൽഡ് ഡവലപ്മെന്റ് വിഭാഗം കഴിഞ്ഞ എട്ടു മാസങ്ങളിലായി രാജ്യത്താകമാനം മുന്നൂറിലധികം പരിശോധനകളാണ് നടത്തിയത്. ഇതിൽ സർക്കാർ മാനദണ്ഡങ്ങൾ പൂർണമായും പാലിക്കാത്ത നാൽപ്പതോളം നേഴ്‌സറി വിദ്യാലയങ്ങളെ കണ്ടെത്തിയിരുന്നു. ഇവ ശേഷം പുന:പരിശോധനയിൽ തങ്ങളുടെ നില ഭദ്രമാക്കിയിരുന്നു.
വകുപ്പിന്റെ മാനദണ്ഡങ്ങൾ പാലിക്കാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളെ കർശനമായ നിലപാടുമായാണ് വിദ്യാഭ്യാസ മന്ത്രാലയം സമീപിക്കുന്നത്. ഇതോടെ മിക്ക നേഴ്‌സറി വിദ്യാലയങ്ങളും മുഖം മിനുക്കി അംഗീകാരം നേടിയിരുന്നു. സർക്കാർ മാനദണ്ഡങ്ങൾ പാലിക്കാത്തതായി കണ്ടെത്തിയ നാൽപ്പതോളം നേഴ്‌സറി വിദ്യാലയങ്ങളാണ് തങ്ങളുടെ നില മെച്ചപ്പെടുത്തി മന്ത്രാലയത്തിന്റെ അംഗീകാരം നേടിയത്.
"തൃപ്തികരമല്ലാതിരുന്ന 39 വിദ്യാലയങ്ങൾ ഇപ്പോൾ തങ്ങളുടെ വീഴ്ചകൾ പരിഹരിച്ചതായാണ് പുതിയ പരിശോധനകൾ വ്യക്തമാക്കുന്നത്. ഇവ ഇപ്പോൾ സാധാരണ നിലയിൽ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. തുടർന്നുള്ള നടത്തിപ്പിൽ പരാതികൾ ലഭിക്കുകയാണെങ്കിൽ ശക്തമായ നടപടികൾ സ്വീകരിക്കും" തൊഴിൽ-സാമൂഹിക വികസന മന്ത്രി ജമീൽ ഹുമൈദാൻ പറഞ്ഞു.