രാജ്യത്തു നിന്നുള്ള കയറ്റുമതിയില്‍ വൻ ഇടിവ്

ന്യൂഡല്‍ഹി: രാജ്യത്തു നിന്നുള്ള കയറ്റുമതിയില്‍ തുടര്‍ച്ചയായ പതിമൂന്നാം മാസവും ഇടിവ്. ഡിസംബറില്‍ 14.75 ശതമാനം ഇടിവാണ് കയറ്റുമതിയിലുണ്ടായത്. യുഎസ്, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള ആവശ്യത്തില്‍ കുറവുണ്ടായതാണ് കയറ്റുമതിയെ ബാധിച്ചത്. ആഗോള സാമ്പത്തിക രംഗത്തെ പ്രതിസന്ധിയും കറന്‍സി മാര്‍ക്കറ്റിലെ ചാഞ്ചാട്ടവുമാണ് കയറ്റുമതി രംഗത്തിന് തിരിച്ചടിയായത്. 2014 ഡിസംബറിനെ അപേക്ഷിച്ച് 14.75 ശതമാനത്തിന്റെ കുറവാണ് ഇക്കഴിഞ്ഞ ഡിസംബറിലുണ്ടായത്. യുഎസ്, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള ആവശ്യം കുത്തനെ ഇടിഞ്ഞ കഴിഞ്ഞ മാസം 2230 കോടി ഡോളറാണ് രാജ്യത്തിന് കയറ്റുമതിയിലൂടെ നേടാനായത്. ചൈന യൂവാന്റെ മൂല്യം കുറച്ചതും ഇന്ത്യന്‍ കയറ്റുമതി രംഗത്തെ ബാധിച്ചു. എന്‍ജിനിയറിങ്, പെട്രോളിയം ഉത്പന്നങ്ങള്‍, ജെം ആന്‍ഡ് ജ്വല്ലറി തുടങ്ങിയ മുഖ്യ കയറ്റുമതി ഇനങ്ങളെല്ലാം ഡിസംബറില്‍ തിരിച്ചടി നേരിട്ടു.
അസംസ്‌കൃത എണ്ണവില ഇടിഞ്ഞതിനെത്തുടര്‍ന്ന് ഇറക്കുമതി ബില്ലില്‍ കുറവുണ്ടായെങ്കിലും വ്യാപാരക്കമ്മി ഉയരുന്നത് ഒരു പരിധിക്കപ്പുറം പിടിച്ചുനിര്‍ത്താനായില്ല. 2014 ഡിസംബറില്‍ 917 കോടി ഡോളറായിരുന്ന വ്യാപാര ക്കമ്മി 1160 കോടി ഡോളറായി വര്‍ധിച്ചു. ഇറക്കുമതി 3.88 ശതമാനം താഴ്ന്ന് 339 കോടി ഡോളറിലെത്തി. എണ്ണ ഇറക്കുമതിയില്‍ 33.19 ശതമാനത്തിന്റെ ഇടിവു രേഖപ്പെടുത്തിയപ്പോള്‍ ഡിസംബറിലെ സ്വര്‍ണ ഇറക്കുമതി ഇരട്ടിയോളം ഉയര്‍ന്നു.