ലബനീസ് ഹാൻഡ് ബോൾ കളിക്കാരന് അപകടത്തിൽ പരിക്ക്


മനാമ: ലബനീസ് കായികതാരത്തിന് അപകടത്തിൽ പരിക്കേറ്റു. ലബനീസ് നാഷണൽ ഹാൻഡ് ബോൾ ടീമംഗമായ മേയ്ത്തം മുഹമ്മദിനാണ് പരിക്കേറ്റത്. 17 മത് ഏഷ്യൻ മെൻസ് ഹാൻഡ് ബോൾ ചാന്പ്യൻഷിപ്പിൽ പങ്കെടുക്കാൻ ബഹ്‌റൈനിലെ ത്തിയതായിരുന്നു അദ്ദേഹം. ഇന്നലെയാണ് സംഭവം നടന്നത്.
 
ടാക്സി മറിഞ്ഞായിരുന്നു അപകടം. മേയ്ത്തം യാത്ര ചെയ്തിരുന്ന ടാക്സി, കിംഗ്‌ ഫൈസൽ - അൽ ഫത്തേഹ ജംഗ്‌ഷനിൽ വച്ച് മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ടാക്സി മറിഞ്ഞു. പരിക്കേറ്റ കായികതാരത്തെ കിംഗ്‌ ഹമദ് യൂണിവേഴ്സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
 
പരിക്ക് സാരമുള്ളതല്ലെന്നും, തുടർന്നുള്ള കളിയിൽ അദ്ദേഹം പങ്കെടുക്കുമെന്നാണ് വിശ്വസിക്കുന്നതെന്ന് ആശുപത്രിഅധികൃതർ അറിയിച്ചു. 
 
ഇസാ ടൌണിലെ അബുദാബി അവന്യൂവിലുണ്ടായ മറ്റൊരപകടത്തിൽ 30 കാരനായ ബഹ്‌റൈൻ സ്വദേശിക്ക് പരിക്കേറ്റു. ബൈക്ക് കാറിലിടിച്ചാണ് അപകടം. ബൈക്ക് യാത്രക്കാരനായ സുഹൈറിനെ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ പ്രവേശിപ്പിച്ചു. അമിത വേഗത്തിൽ യാത്രചെയ്യുകയായിരുന്ന ബൈക്ക് ഒരിന്ത്യക്കാരന്റെ കാറിന് പിറകിലിടിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് 7.45 ഓടെയായിരുന്നു അപകടം. 
 
ബൈക്ക് പൂർണമായും തകർന്നെങ്കിലും ഇന്ത്യക്കാരൻ പരിക്കുകളേൽക്കാതെ രക്ഷപ്പെട്ടു.

You might also like

Most Viewed