രാജ്യത്തിന്റെ വ്യോമയാന ഭൂപടത്തില്‍ ഇനി കണ്ണൂരും

കൊച്ചി: രാജ്യത്തിന്റെ വ്യോമയാന ഭൂപടത്തില്‍ ഇനി കണ്ണൂരും. ഫെബ്രുവരി ആറിന് കണ്ണൂര്‍ ഗ്രീന്‍ ഫീല്‍ഡ് രാജ്യാന്തര വിമാനത്താവളത്തില്‍ ആദ്യ വിമാനം പറന്നിറങ്ങും. ഇതിന് മുന്നോടിയായി റണ്‍വേ പരിശോധനയ്ക്കായി ഡിജിസിഎ സംഘം ജനുവരി 21 ന് കണ്ണൂരിലെത്തും. 2400 മീറ്റര്‍ റണ്‍വേ പരിശോധിക്കുന്നതിനൊടൊപ്പം , മറ്റു സൗകര്യങ്ങളും സംഘം വിലയിരുത്തും. എയറോഡോം സ്റ്റാന്‍ഡേഡ് ഡയറക്ടര്‍ ബി സി ശര്‍മ്മയാണ് സംഘത്തെ നയിക്കുന്നത്.പരിശോധനയില്‍ എന്തെങ്കിലും പാകപ്പിഴകള്‍ കണ്ടെത്തിയാല്‍, ഒരാഴ്ചയ്ക്കകം തെറ്റുകള്‍ പരിഹരിച്ച് വിമാനം പറത്തുന്നതിനുളള അനുമതി കണ്ണൂര്‍ ഇന്‍ര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് തേടണം. ഇതിനുശേഷം കോഡ് ബി വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ഡിജിസിഎയുടെ തന്നെ അനുമതിയും കമ്പനിയ്ക്ക് ആവശ്യമാണ്. വിഷ്യല്‍ ഫ്‌ളൈറ്റ് വ്യവസ്ഥകള്‍ അനുസരിച്ച് പരീക്ഷണ പറക്കലിന് കോഡ് ബി വിമാനങ്ങള്‍ക്കായി വ്യോമസേനയെയും കമ്പനി സമീപിച്ചിട്ടുണ്ട്. നിര്‍മ്മിക്കുക, സ്വന്തമാക്കുക, പ്രവര്‍ത്തിപ്പിക്കുക എന്ന മാത്യകയിലാണ് കേരളത്തിലെ നാലാമത്തെ രാജ്യാന്തര വിമാനത്താവളം പ്രവര്‍ത്തിക്കുക.
നേരത്തെ ഡിസംബര്‍ 31നകം വിമാനത്താവളം പ്രവര്‍ത്തനക്ഷമമാക്കാനാണ് കമ്പനി ഉദ്ദേശിച്ചിരുന്നത്. കണ്ണൂര്‍, കാസര്‍കോഡ്, വയനാട് ജില്ലക്കാരുടെ നീണ്ടകാലത്തെ അഭിലാഷമാണ് കണ്ണൂര്‍ വിമാനത്താവളത്തിലൂടെ യാഥാര്‍ത്ഥ്യമാകുന്നത്. നിലവില്‍ ഈ ജില്ലകളിലുളളവര്‍ വിദേശത്തേയ്ക്കും, മറ്റു ആഭ്യന്തര യാത്രകള്‍ക്കും മുഖ്യമായി ആശ്രയിക്കുന്നത് മംഗലാപുരത്തെയും, കരിപ്പൂര്‍ വിമാനത്താവളത്തെയുമാണ്. ഇത് പലപ്പോഴും സമയനഷ്ടത്തിനും, യാത്ര ക്ലേശത്തിനും ഇടയാക്കുന്നതായുളള നീണ്ടകാലത്തെ പരാതിയാണ് പുതിയ വിമാനത്താവളത്തിലൂടെ പരിഹരിയ്ക്കപ്പെടുന്നത്.