പ്രധാനമന്ത്രിയുടെ വാക്കുകൾ വിശ്വസിക്കാൻ ആളുകൾ തയാറല്ലെന്ന് രാഹുൽ ഗാന്ധി


ന്യൂഡൽഹി: കാർഷിക നിയമങ്ങൾ റദ്ദാക്കുന്നത് വരെ സമരം തുടരുമെന്ന സംയുക്ത കിസാൻ മോർച്ചയുടെ പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയുടെ വാക്കുകൾ വിശ്വസിക്കാൻ ആളുകൾ തയാറല്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. പൊള്ളയായ വാക്കുകൾ ഏറെ അനുഭവിച്ചിട്ടുള്ള ജനങ്ങൾ‍ പ്രധാനമന്ത്രിയുടെ വാക്കുകൾ‍ വിശ്വസിക്കാൻ തയാറായിട്ടില്ല. കർ‍ഷക സമരം തുടരുമെന്നും രാഹുൽ‍ ട്വീറ്റ് ചെയ്തു. വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുംവരെ സമരം തുടരുമെന്ന് കർഷകർ നേരത്തെ വ്യക്തമാക്കിയിരുന്നു. സംയുക്ത കിസാൻ മോർച്ച യോഗത്തിലാണ് തീരുമാനം. മിനിമം താങ്ങുവില സംബന്ധിച്ച നിയമം കൊണ്ടുവരണമെന്നും കർഷകർക്കെതിരെ ചുമത്തിയ പോലീസ് കേസുകൾ പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടിരുന്നു. സംയുക്ത കിസാൻ മോർച്ചയുടെ മുൻകൂട്ടി തീരുമാനിച്ച പരിപാടികൾ അതേപടി തുടരും. തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിച്ച് പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതുമെന്നും കർഷക നേതാക്കൾ അറിയിച്ചു. കേന്ദ്രസർക്കാർ ചർച്ചയ്ക്കു തയാറാണെന്ന് അറിയിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് കത്ത് എഴുതുന്നത്.

ഇന്നലെ ചേർന്ന കർഷക സംഘടനകളുടെ കോർ കമ്മിറ്റി യോഗത്തിൽ സമരവുമായി മുന്നോട്ടു പോകാൻ കർഷക സംഘടനകൾ തീരുമാനിച്ചിരുന്നു. പാർലമെന്‍റിൽ ബില്ലവതരിപ്പിച്ചു നിയമം പിൻവലിക്കുന്നതുവരെ സമരസ്ഥലങ്ങളിൽ തുടരും. തങ്ങൾ ഉന്നയിച്ച മറ്റ് ആവശ്യങ്ങൾകൂടി സർക്കാർ അംഗീകരിക്കണമെന്നും കർഷക നേതാക്കൾ പറഞ്ഞു. ലക്നോയിൽ പ്രഖ്യാപിച്ച മഹാപഞ്ചായത്ത് 22നു തന്നെ നടത്തും. കർഷകസമരത്തിന് ഒരു വർഷം പൂർത്തിയാകുന്ന 26ന് ഡൽഹി അതിർത്തികളിലെ സമരവേദികളായ സിംഗു, തിക്രി എന്നിവിടങ്ങളിൽ പ്രത്യേക പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും കർഷകർ വ്യക്തമാക്കി. 29ന് പാർലമെന്‍റ് സമ്മേളനം ആരം ഭിക്കുന്ന അന്നുമുതൽ പാർലമെന്‍റിലേക്ക് നടത്തുന്ന ട്രാക്ടർ റാലിയിൽ ഓരോ ദിവസവും 500 കർഷകർ വീതം പങ്കെടുക്കുമെന്നും റാലി സമാധാനപരമായി നടത്താനാണ് ആഗ്രഹിക്കുന്നതെന്നും കർഷകർ നേരത്തെ വ്യക്തമാക്കിയിരുന്നു.

You might also like

Most Viewed