സെബ ചൗധരിക്കെതിരായ പരാമർശങ്ങളിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ അറസ്റ്റ് വാറണ്ട്

അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി സെബ ചൗധരിക്കെതിരായ പരാമർശങ്ങളിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ അറസ്റ്റ് വാറണ്ട്. മാർഗാല പൊലീസ് േസ്റ്റഷനാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചത്.
കോടതിയലക്ഷ്യ കേസിൽ ഇമ്രാൻ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് വാറണ്ട് വന്നിരിക്കുന്നത്. ആഗസ്റ്റ് 23ന് നടത്തിയ റാലിയിലാണ് ഇമ്രാൻ കോടതിയലക്ഷ്യ പരാമർശം നടത്തിയത്. കസ്റ്റഡിയിൽ താൻ പീഡനത്തിനിരയായെന്ന് റാലിക്കിടെ ഇമ്രാൻ പറഞ്ഞിരുന്നു. ഇതിന് പുറമേ ജഡ്ജി സെബ ചൗധരിക്കെതിരെ ഇമ്രാൻ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. സെബ തനിക്കെതിരായ നടപടിക്ക് സ്വയം തയാറാവണമെന്നായിരുന്നു ഇമ്രാന്റെ പ്രസംഗം. അദ്ദേഹത്തിന്റെ പരാമർശം പുറത്ത് വന്നതിന് പിന്നാലെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയായിരുന്നു.
ഇമ്രാൻ ഖാന്റെ പാർട്ടിയായ പാകിസ്ഥാൻ തെഹരീക് ഇ ഇൻസാഫ് (പി.ടി.ഐ) നേതാവ് ഷെഹബാസ് ഗില്ലിനെ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്ത സംഭവത്തിൽ പ്രതികരിക്കുന്നതിനിടെയായിരുന്നു ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും വനിതാ മജിസ്‌ട്രേറ്റിനെതിരെയും പാകിസ്ഥാൻ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും രാഷ്ട്രീയത്തിലെ എതിർകക്ഷികൾക്കെതിരെയും കേസ് കൊടുക്കുമെന്ന് ഇമ്രാൻ ഭീഷണിപ്പെടുത്തിയത്. ഹൈക്കോടതിയിൽ ജഡ്ജിക്കെതിരായ പരാമർശത്തിൽ താൻ പരിധി ലംഘിച്ചുവെന്നും മാപ്പ് പറയാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇമ്രാനെ അറസ്റ്റ് ചെയ്യാൻ പൊലീസ് പ്രത്യേക സംഘത്തെ അയച്ചിട്ടുണ്ട്. എന്നാൽ, അദ്ദേഹം അജ്ഞാത കേന്ദ്രത്തിലേക്ക് മാറിയെന്നാണ് റിപ്പോർട്ട്.
നേരത്തെ ഇമ്രാൻ ഖാന്റെ ലൈവ് പ്രസംഗങ്ങളുടെ സംപ്രേക്ഷണത്തിന് കോടതി വിലക്കേർപ്പെടുത്തിയിരുന്നു. പാകിസ്ഥാനിലെ മീഡിയ വാച്ച്‌ഡോഗായ പാകിസ്ഥാൻ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റിയാണ് നിരോധനം ഏർപ്പെടുത്തിയത്.
jc