സാഹിത്യ നൊബേല്‍ സ്വന്തമാക്കി ഫ്രഞ്ച് എഴുത്തുകാരി അനീ എര്‍നു

2022-ലെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം സ്വന്തമാക്കി ഫ്രഞ്ച് എഴുത്തുകാരി അനീ എര്‍നു. സ്വീഡിഷ് അക്കാദമിയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.
മെഡലും ഏകദേശം 9,11,400 ഡോളര്‍ വില മതിക്കുന്ന 10 ദശലക്ഷം സ്വീഡിഷ് ക്രോണറും അടങ്ങുന്നതാണ് പുരസ്‌കാരം.
ലളിതമായ രചനകള്‍ക്ക് പേരുകേട്ട എഴുത്തുകാരിയാണ് എര്‍നു. വര്‍ഗ്ഗത്തിന്റെയും ലിംഗഭേദത്തിന്റെയും പ്രമേയത്തില്‍ ലളിത ഭാഷ ഉപയോഗിച്ച് വലിയ അര്‍ത്ഥതലങ്ങള്‍ സൃഷ്ടിക്കുന്ന എഴുത്തുകാരിയാണ് എര്‍നുവെന്ന് ജ്യൂറി പ്രശംസിച്ചു. താന്‍ അനുഭവിച്ച യാതനകളുടെയും ത്യാഗത്തിന്റെയും അകല്‍ച്ചയുടെയും ആവിഷ്‌കാരത്തിനും അതിന് കാണിച്ച ധൈര്യത്തിനുമുള്ള ആദരമാണ് പുരസ്‌കാരമെന്നും ജൂറി പറഞ്ഞു.
എര്‍നുവിന്റെ കൃതികളില്‍ ഭൂരിഭാഗവും ആത്മകഥാപരമാണ്. 1974-ല്‍ പ്രസിദ്ധീകരിച്ച ക്ലീന്‍ ഔട്ട് ആണ് ആദ്യകൃതി. എ മാന്‍സ് പ്ലേയ്‌സ്, എ വുമണ്‍സ് സ്റ്റോറി, സിംപിള്‍ പാഷന്‍ തുടങ്ങിയ കൃതികള്‍ ശ്രദ്ദേയമായവയാണ്. എര്‍നുവിന്റെ നിരവധി കൃതികള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
ടാന്‍സാനിയന്‍ വംശജനായ നോവലിസ്റ്റ് അബ്ദുള്‍റസാഖ് ഗുര്‍നയ്‌ക്കാണ് കഴിഞ്ഞ വര്‍ഷം സാഹിത്യ നൊബേല്‍ സമ്മാനിച്ചത്. അഭയാര്‍ഥികളുടെയും പ്രവാസികളുടെയും ദുരവസ്ഥ, കൊളോണിയലിസം, വംശീയത എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നവയാണ് ഗുര്‍നയുടെ കൃതികള്‍.