കേരളമെന്ന് കേട്ടാലോ...

എ.കെ ആന്‍റണിയുടെയും ഒ. രാജഗോപാലിന്‍റെയും പി.കെ കുഞ്ഞാലിക്കുട്ടിയുടെയുമൊക്കെ സാന്നിധ്യത്തിൽ അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി ഒരു അവസാനത്തെ വണ്ടിയുടെ ഉദ്ഘാടനം നിർവ്വഹിക്കുന്നത്തിന്‍റെ ചിത്രമാണിത്. കാലം 2004. മുഖ്യമന്ത്രിയെന്ന നിലയിലെ ആന്റണിയുടെ അവസാന വർഷം. തിരഞ്ഞെടുപ്പിനെ നേരിടാനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി കൂടിയായിരുന്നു വികസനത്തിലേയ്ക്കുള്ള അവസാന വണ്ടി എന്ന് പേരിട്ട ഗ്ലോബൽ ഇൻവെേസ്റ്റഴ്സ് മീറ്റ് അഥവാ ജിം കൊച്ചിയിൽ അരങ്ങേറിയത്. വികസനത്തിന്‍റെ വഴി മുടക്കങ്ങളെല്ലാം നീക്കി, സംസ്ഥാനത്തെ വികസന പന്ഥാവിലേയ്ക്ക് നയിക്കാനുള്ള അവസാന വട്ട ശ്രമം എന്ന പേരിലായിരുന്നു ആന്റണി സർക്കാർ ജിമ്മിനെ അവതരിപ്പിച്ചത്. പരിപാടി ഗംഭീര വിജയമായിരുന്നു. 26,000 കോടിയുടെ പദ്ധതികളുടെ കാര്യത്തിൽ തീരുമാനമായി. കേരളത്തിൽ മുതൽ മുടക്കാൻ മൈക്രോസോഫ്റ്റും സതർലാണ്ടും അടക്കമുള്ള വന്പന്മാർ താൽപ്പര്യം പ്രകടിപ്പിച്ചു. പ്രമുഖ വ്യവസായി എം.എ യൂസുഫലിയുടെ ഇ-സിറ്റിയടക്കം വന്പൻ പദ്ധതികൾ.പണ്ടൊരു വിവാഹ ദല്ലാൾ 50 ലക്ഷം രൂപയും അഞ്ചേക്കർ റബറും ഒരു കോണ്ടെസ കാറും സ്ത്രീധനം കൊടുക്കാമെന്നു പറഞ്ഞ് ഒരു പയ്യനെ പറ്റിച്ച കഥ കേട്ടിട്ടുണ്ട്. സ്ത്രീധന വിവരമെല്ലാം പറഞ്ഞ് ബ്രോക്കർ പൂർത്തിയാക്കിയത് ഇങ്ങനെയാണ്:− “ഈ പറഞ്ഞതല്ലാതെ ഒരു നയാ പൈസ പോലും തരില്ല”... എന്ന്. സംഗതി സത്യമായിരുന്നു പറഞ്ഞു വിശ്വസിപ്പിച്ചതല്ലാതെ ഒരു നയാപൈസ പോലും ചെറുക്കന് കിട്ടിയില്ല. ഇത് തന്നെയായിരുന്നു ജിമ്മിനെ കുറിച്ചു കേട്ടു കാതു കുളിർപ്പിച്ച ശരാശരി മലയാളിയുടെ അവസ്ഥയും. കോടികളുടെ കിലുക്കം കേട്ടതല്ലാതെ ഒരു കോടിയും ഭൂമി മലയാളത്തിലേയ്ക്ക് എത്തിയില്ല. ജിമ്മിന്‍റെ ശോഭയിൽ ഭരണത്തുടർച്ച ലക്ഷ്യം വെച്ച അന്തോനിച്ചനെയാവട്ടെ ഒറ്റയാത്മാവും ഇരട്ട ശരീരവുമായി നടന്ന സാക്ഷാൽ ശ്രീമാൻ കുഞ്ഞൂഞ്ഞിന്‍റെ കയ്യിൽ നിന്നും ഭേഷായി പണി വാങ്ങി ഇന്ദ്രപ്രസ്ഥത്തിന് വണ്ടിയും കയറേണ്ടി വന്നു.
ഒറ്റക്കൊല്ലം ഭരിച്ച കുഞ്ഞൂഞ്ഞ് വി.എസ് അച്യുതാനന്ദന് ശേഷം മുഖ്യമന്ത്രിയായതോടേ ജിമ്മിന് പുതിയ പിന്മുറക്കാരനുണ്ടായി. പുതിയ രൂപം, പുതിയ ഭാവം. ആന്റണിയുടെ അവസാന വണ്ടിയുടെ സ്ഥാനത്ത് വീണ്ടും ഭൂമി മലയാളത്തിന്‍റെ വികസന സ്വപ്നങ്ങൾ ചിറകു വിരിച്ചു പറക്കാൻ വെന്പി. മനോഹരമായൊരു പേര് മാറ്റത്തോടെ അങ്ങനെ എമേർജിംഗ് കേരള 2012ൽ പിറന്നു. ചിറക് വിശാലമായി വിരിച്ചെങ്കിലും സംഗതി ഇതുവരെ കാര്യമായി പറന്നു കണ്ടില്ല. 2012ലെ പദ്ധതികളിൽ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി. ഒപ്പമുണ്ടായിരുന്ന മെട്രോ മറ്റു മഹാനഗരങ്ങളിൽ സംഭവിച്ചത്ര ദ്രുതഗതിയിൽ അല്ലെങ്കിൽകൂടി പതിയെ യാഥാർത്ഥ്യത്തോട് അടുക്കുന്നു. മോണോ റെയിൽ എന്തായെന്ന് തിട്ടമില്ല. അതെന്തായാലും വൈകിയാണെങ്കിലും ഒട്ടേറെ എതിർപ്പുകൾക്കിപ്പുറം വിഴിഞ്ഞവും യാഥാർത്ഥ്യമാകാനുള്ള നടപടികൾ തുടങ്ങുകയായി. അഴിമതികളുടെ കരിനിഴലിൽപെട്ടുഴലുന്പോഴും ഇത് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെയും സർക്കാരിന്‍റെയും കിരീടത്തിലെ പൊൻതൂവൽ തന്നെയാണ്. പ്രത്യേകിച്ച് സോണിയാ ഗാന്ധിയുടെ അടക്കം എതിർപ്പുണ്ടായിട്ടും അദാനിയുമായി നിർമ്മാണ കരാർ ഒപ്പുവെയ്ക്കാൻ കഴിയുന്നിടത്തോളമെങ്കിലുംകാര്യങ്ങൾ എത്തിക്കാൻ കഴിഞ്ഞത് ചില്ലറക്കാര്യവുമല്ല.
പക്ഷെ ഇതുമായി ബന്ധപ്പെട്ട അദാനി അധികൃതർ പ്രകടിപ്പിച്ച ആശങ്ക വളരെ ശ്രദ്ധേയമാണ്. നിർമ്മാണ പ്രവർത്തനങ്ങൾക്ക് ആയിരക്കണക്കിന് തൊഴിലാളികളെ വേണ്ടിവരുന്ന സീ പോർട്ടിന്റെ പ്രവർത്തനത്തെ സംസ്ഥാനത്തെ നിലവിലുള്ള തൊഴിൽ സംസ്കാരം ദോഷകരമായി ബാധിക്കുമോ എന്നാണ് അവരുടെ ആശങ്ക. കൊച്ചി മെട്രോയുടെ കാര്യത്തിൽ വരെ നമ്മൾ കണ്ട കാര്യവുമാണ് ഇത്. ഇക്കാര്യത്തിൽ കൂടുതൽ യാഥാർത്ഥ്യ ബോധത്തോടെയുള്ള സമീപനം നമ്മുടെ രാഷ്ട്രീയ കക്ഷികളും തൊഴിലാളി സംഘടനകളും കൈക്കൊള്ളേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അതവർ തനിയെ ചെയ്തില്ലെങ്കിൽ അട്ടിമറിക്കൂലിപോലുള്ള പ്രാകൃത നടപടി ദോഷങ്ങൾ കൈവിടാൻ മടിക്കുന്ന സംഘടനകളെ നിലയ്ക്കു നിർത്തി വികസനപരിപാടികൾ മുന്നോട്ടു കൊണ്ടുപോകാനുള്ള സാഹചര്യമൊരുക്കാൻ സർക്കാർ ഉചിതമായ മാർഗ്ഗങ്ങൾ കൈക്കൊള്ളണം. വിഴിഞ്ഞങ്ങൾ സംഭവിക്കേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണ്. നമുക്ക് വികസനത്തിന്‍റെ വഴിമുടക്കികൾ ആകാതിരിക്കാം.