തരൂരാശാനും തലസ്ഥാനവും

സാധാരണ ഗതിയിൽ ഭൂമിമലയാളത്തിലേയ്ക്കുള്ള തിരിച്ചു വരവ് നെടുന്പാശ്ശേരി വിമാനത്താവളം വഴിയാണ്. ഇത്തവണ വി.ആർ.ടി രാജേട്ടൻ അത് അനന്തപുരി വഴിയാക്കി തിരിച്ചുവിട്ടത് അതീവ ഭാഗ്യമായാണ് കരുതിയത്. കാരണം ഒരു ദശാബ്ദത്തിലേറെ നീണ്ട അനന്തപുരിവാസക്കാലത്ത് അറിയാതെ കൈവന്ന സ്വഭാവ വിശേഷമായിരുന്നു എന്തും ഏതും പഴവങ്ങാടി ഗണപതിയെ തൊട്ടു തുടങ്ങുക എന്നത്. ഏതു യാത്രകളും തുടങ്ങുക പഴവങ്ങാടിയിൽ നിന്ന് തന്നെ. അങ്ങനെ പ്രതീക്ഷിക്കാതെ ഇത്തവണത്തെ അവധി യാത്രകളുടെ തുടക്കവും പഴവങ്ങാടി ഭഗവാനെ കണ്ടുകൊണ്ടായി. ശനിയാഴ്ചയായതിനാൽ ക്ഷേത്രങ്ങൾ പലതും പതിവിലും നേരത്തെ തുറന്നിരുന്നത് ദർശനം എളുപ്പമാക്കി. യാത്രയുടെ ആദ്യദിനം സ്വാർത്ഥകമായി എന്ന തോന്നൽ നൽകാൻ ക്ഷേത്രങ്ങൾക്കായി.
യാത്രയുടെ തിരക്കിൽ ബുദ്ധിമുട്ടായേക്കാം എന്ന് തോന്നിയതിനാൽ തലേന്ന് തന്നെ ഇന്നത്തെ എഡിറ്റോറിയലും എഴുതി വെയ്ക്കാം എന്ന് ഒരുവട്ടം ചിന്തിച്ചെങ്കിലും ഇന്നത്തെ ഭൂമി ഇന്ന് തന്നെ എഴുതിയതാവണം എന്ന നിർബന്ധം അത് അനുവദിച്ചില്ല. എന്നാൽ പിന്നെ അതങ്ങനെ തന്നെയാവട്ടെ എന്ന് മാനേജിംഗ് എഡിറ്റർ പ്രദീപും പത്രാധിപസമിതിയും പറഞ്ഞതോടെ ചൂടുചൂടായി തിരുവനന്തപുരത്തുനിന്നു തന്നെ ഇന്നത്തെ എഡിറ്റോറിയൽ എഴുതാം എന്ന് മനസ്സിൽ കുറിക്കുകയും ചെയ്തു.
ക്ഷേത്ര ദർശനത്തിന് ശേഷം എഴുതാനിരിക്കുന്പോഴാണ് ചൂടൊക്കെ മാറി എന്റെ മനസ്സിനെ, ഭൂമി മലയാളം കൃത്യസമയത്ത് എഴുതി പൂർത്തിയാക്കാനാകുമോ എന്ന ഭീതി മൂലമുള്ള തണുപ്പും ഭീതിയും ബാധിച്ചത്.
നെറ്റ് ലോഗ് ഇൻ ചെയ്യുന്പോൾ വേഗത പോര. ടൈപ്പ് ചെയ്തിട്ട് അക്ഷരങ്ങൾ പോര. ഫോർജിയുടെ വേഗതയിൽ ആറാടി വിവയെയും ബെറ്റൽകൊയേയും മലയാളത്തിലും ഇംഗ്ലീഷിലും അറിയാവുന്ന അറബിയിലും ചീത്ത പറയുന്ന നമ്മുടെയൊക്കെ സ്വന്തം നാട്ടിൽ അതും തലസ്ഥാന നഗരിയിൽ നെറ്റിന്റെ മെല്ലപ്പോക്ക് മൂലം ഇന്നു വീണ്ടും കയ്യെഴുത്തിലേയ്ക്ക് തിരികെ പോകാൻ ഞാൻ നിർബ്ബന്ധിതനായി. ഇത് അട്ടപ്പാടിയല്ല, അനന്തപുരമാണ്. കേരളത്തിലെ എന്നല്ല ഭാരതത്തിലെ തന്നെ ഏറ്റവും പരിഷ്ക്കാരിയായ എം.പി ശ്രീമാൻ ശശി തരൂരിന്റെ തിരുവനന്തപുരം. ഒ. രാജഗോപാലിനെ മാറ്റിനിർത്തി തരൂരാശാനെ നെഞ്ചിലേറ്റിയ തലസ്ഥാന നഗരം.
ബ്രട്ടീഷ് അധിനിവേശ തെമ്മാടിത്തത്തെ കുറിച്ച് വാചകമടിച്ച് നരേന്ദ്രമോഡിയണ്ണന്റെ പോലും കയ്യടിനേടിയ തരൂരാശാനെ സോണിയ മൈനോ മദാമ്മ ശാസിച്ച വാർത്ത മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നു എന്നത് ഈ ചിന്തയുടെ ആക്കം കൂട്ടി. പഴവങ്ങാടിയിലും അനന്തപത്മനാഭ സ്വാമി ക്ഷേത്രത്തിനും മുന്പിൽ കൂടി നടക്കുന്പോൾ അവധികൾക്കു മാത്രം ജന്മനാട്ടിലേയ്ക്ക് തിരികെ വരാനുള്ള എന്റെ തീരുമാനം തൽക്കാലത്തേക്കെങ്കിലും ശരിയാണ് എന്ന് ഒരിക്കൽ കൂടി വ്യക്തമായി. വഴികൾ ഇവിടെ കുഴികൾ തന്നെയാണ്. പത്മനാഭസ്വാമി ക്ഷേത്ര നടയിലും സ്ഥിതി അത് തന്നെ. അവിടെ കിഴക്കേ കോട്ട വാതിലിൽ ജയിൽ ചപ്പാത്തി വിപണനം നടത്തുവാൻ നെഞ്ചു വിരിച്ചു നിൽക്കുന്നു.
വഴികളുടെ കാര്യത്തിൽ പുരോഗതിയില്ലെങ്കിലും ജയിലിന്റെയും ക്രിമിനലുകളുടെയുമൊക്കെ കാര്യത്തിൽ നമ്മുടെ നാട് ഏറെ പുരോഗതി കൈവരിച്ചിരിക്കുന്നു. ഈ ക്രിമിനൽ മനഃസ്ഥിതി നേർപ്പതിപ്പുകളാണ് നമ്മുടെ റോഡുകൾ. ഇവിടെ വലതും ഇടതുമില്ല. ഏതു വശത്തുകൂടെയും ആർക്കും സഞ്ചരിക്കാം, ഓവർട്ടേക്ക് ചെയ്യാം.
റോഡ് മാർക്കിംഗുകൾ നമ്മൾ മലയാളികൾക്ക് തികച്ചും അനാവശ്യമാണ്. ഇവിടെ ഇങ്ങനെയോക്കെയാണ് ഭായീ... അത് എന്തൊക്കെയായാലും ഈ മണ്ണ് നൽകുന്ന ഉർജ്ജം ഒന്ന് വേറെ തന്നെയാണ്. ആദ്യദിനം എല്ലാംകൊണ്ടും സ്വാർത്ഥകം തന്നെ. പക്ഷെ കൃത്യ സമയത്ത് ഈ അവധിക്കാലത്ത് ലേഖനങ്ങളും കാർട്ടൂണുകളുമൊക്കെ അയക്കാൻ പെടാപ്പാടുപെടുമെന്നുറപ്പ്...