വ്യാജ പ്രേമങ്ങളുടെ കാലം
‘വലയിൽ വീണ കിളികളാണ് നാം
ചിറകൊടിഞ്ഞൊരിണകളാണ് നാം.’
അനിൽ പനച്ചൂരാന്‍റെ പ്രശസ്തമായ കവിതയുടെ ആദ്യ വരികളാണിത്. ഒരു തരത്തിൽ ഇതേ അവസ്ഥയിലാണ് നമ്മളും. പ്രേമത്തിന്റെ കാര്യത്തിൽ പ്രത്യേകിച്ചും. വലയിൽ വീഴ്ത്തിയത് ആരാണ് എന്നാണ് ഇനിയറിയാനുള്ളത്. പക്ഷെ പുറത്ത് വരുന്ന റിപ്പോർട്ടുകൾ വിലയിരുത്തിയാൽ പ്രേമമെന്ന സൂപ്പർ ഡ്യൂപ്പർ ഹിറ്റിന്റെ കാര്യത്തിൽ സംഭവിച്ചത് വേലിതന്നെ വിളവു തിന്നുന്നതിന് സമാനമാണോ എന്ന സംശയം ശക്തമാവുകയാണ്.
പ്രേമം എന്ന ചലച്ചിത്രവുമായി ബന്ധപ്പെട്ട വർത്തമാനങ്ങളെല്ലാം വർത്തമാനകാല സാമൂഹ്യ വ്യവസ്ഥിതിയുടെ പരിച്ഛേദങ്ങൾ തന്നെയാണ് എന്ന് നമുക്ക് കാണാം. വിവാദങ്ങൾക്കെല്ലാമപ്പുറം ആ ചിത്രം നേടിയ കളക്ഷൻ വിജയം വ്യക്തമാക്കുന്നത് അതിനോട് സിനിമാപ്രേക്ഷകർക്കുള്ള ഇഷ്ടമാണ്. പ്രേക്ഷകർ എന്ന പൊതു സംജ്ഞയിൽ നിന്നും അതിന്‍റെ അവാന്തര വിഭാഗങ്ങൾ കൂടി പരിശോധിച്ചാൽ ഈ ഇഷ്ടം യുവാക്കൾക്കായിരുന്നു എന്നും കാണാം. മുതിർന്നവരാകട്ടെ സിനിമയിലെ പ്രേമങ്ങളുടെയും പ്രേമികളുടെയും ‘പ്രേമത്തിന് വേണ്ടി പ്രേമ’മെന്ന ശൈലിയോട് കടുത്ത എതിർപ്പാണ് പ്രകടിപ്പിച്ചത്. മനസ്സിൽ എന്നും യുവത്വം കാത്തു സൂക്ഷിക്കുന്ന മുതിർന്നവരിൽ ഒരു വിഭാഗവും ചിത്രത്തോട് അനുകൂല നിലപാടാണ് കൈക്കൊണ്ടത്.
ഇവരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കാരണം ഇപ്പോൾ പൊതുവെ കാര്യങ്ങൾ അങ്ങനെയൊക്കെ തന്നെയാണ്. കാലം വ്യാജ പ്രേമങ്ങളുടേത് മാത്രമായിക്കൊണ്ടിരിക്കുകയാണ്. അത് ഒരു ജനപ്രിയ മാധ്യമത്തിലൂടെ സ്ഥിരീകരികരിക്കുന്നത് കണ്ടതിലുള്ള അസഹിഷ്ണുതയാണ് മുതിർന്ന സമൂഹം പ്രകടിപ്പിച്ചത്. ഈ അഭിപ്രായങ്ങളെല്ലാം കേൾക്കുന്പോൾ മനസിന് പ്രായമായോ എന്ന് തിരിച്ചറിയാനുള്ള ഒരു ഉരകല്ലു തന്നെയായിരുന്നു പ്രേമം എന്നും നമുക്ക് വിലയിരുത്താം. അത് അങ്ങനെയാണെങ്കിലും യുവാക്കളെക്കാൾ പാകതയുള്ള മുതിർന്നവരുടെ നിലപാടുകളാണേ ആത്യന്തികമായി പ്രേമത്തിന്‍റെ കാര്യത്തിലും ശരി വെയ്ക്കപ്പെടുന്നത് എന്ന് തോന്നിപ്പോകുന്നു.
വർത്തമാനകാല പ്രേമങ്ങൾ പലതിനെയും പോലെ വ്യാജമായിരുന്നോ അതിനെ ചൊല്ലിയുണ്ടായ വ്യാജ സി.ഡി വിവാദവും എന്നാണ് അന്വേഷണത്തിന്‍റെ ഗതി നൽകുന്ന സൂചന. അകലങ്ങളിലിരുന്ന് ഇതിന്‍റെ സ്പന്ദനങ്ങൾ പൂർണ്ണമായും അളക്കാനും ഒപ്പിയെടുക്കാനുമാവില്ല. എന്നാൽ മാധ്യമ സുഹൃത്തുക്കൾ നൽകുന്ന സൂചന പരിശോധിച്ചാൽ പ്രേമത്തിന്‍റേതായി പുറത്തിറങ്ങിയ വ്യാജ സി.ഡി പ്രേക്ഷകനെ ഒരു തരത്തിലും ത്രൃപ്തമാക്കുന്ന ഒരു പതിപ്പായിരുന്നില്ല. നിർണ്ണായക സീനുകൾ ഒഴിവാക്കിയുള്ള ഒരപൂർണ്ണ പതിപ്പാണ് ഒറിജിനൽ കോപ്പി എന്ന പേരിൽ പ്രചരിച്ചതത്രെ. ഇതാവട്ടെ സെൻസർ കോപ്പിയുടെ പതിപ്പും.
സിനിമാ പ്രേമികൾക്കും ടെലിവിഷൻ പ്രേമികൾക്കുമൊക്കെ ചിരപരിചിതമാണ് സിനിമ ട്രെയ്ലറുകൾ. സിനിമയെക്കുറിച്ച് വ്യക്തമായ സൂചനകളും പ്രതീക്ഷകളും പ്രേക്ഷക സമൂഹത്തിൽ ജനിപ്പിക്കുക എന്നതാണ് ഇത്തരം പ്രൊമോഷണൽ ക്യാപ്സൂളുകളുടെ കർത്തവ്യം. ഈ കർത്തവ്യമാണ് വാസ്തവത്തിൽ പ്രേമത്തിന്‍റേതായി പുറത്തിറങ്ങിയ വ്യാജ സീഡികളും ചെയ്യുന്നത്. തുടക്കത്തിൽ ഇവ സൗജന്യമായാണ് ടെലിവിഷൻ പരിപാടികളിൽ സംപ്രേക്ഷണം ചെയ്തിരുന്നത്. ഇതിന്റെ ജനപ്രീതിയും പരസ്യം എന്ന തലത്തിലുള്ള സാധ്യതയും തിരിച്ചറിഞ്ഞതോടേ ഇവ സംപ്രേക്ഷണം ചെയ്യുന്നതിന് ചാനലുകൾ സിനിമ വിതരണക്കാരിൽ നിന്നും പ്രതിഫലം വാങ്ങിത്തുടങ്ങി. പ്രേമത്തിന്റെ അണിയറക്കാർ ഫലത്തിൽ പ്രോമോഷണൽ വീഡിയോയുടെ ഗുണം ചെയ്യുന്ന ക്ലിപ്പിംഗുകൾ വ്യാജ സി.ഡി രൂപത്തിൽ വിതരണം ചെയ്തു എന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ പൂർണ്ണമായും കുറ്റം പറയാനാവില്ല. ചാനലുകൾക്ക് പണം നൽകി ട്രെയ്ലറുകൾ പ്രദർശിപ്പിക്കേണ്ടിടത്ത് വ്യാജ പ്രേമികൾ കാശു കൊടുത്ത് അവ വാങ്ങിക്കൊണ്ടുപോയി വഞ്ചിതരാകുന്നു എന്ന പ്രത്യേകതയും അതിനുണ്ട് എന്ന് ഈ വാദത്തെ അനുകൂലിക്കുന്നവർ വിശ്വസിക്കുന്നു. ഒരു സിനിമയുടെ പ്രചാരണത്തിനായി നമ്മുടെ അണിയറക്കാർ ഇങ്ങനെയുള്ള തന്ത്രങ്ങൾ പയറ്റാൻ സാധ്യതയുണ്ടോ എന്ന സംശയം സ്വാഭാവികമാണ്. എന്നാൽ ഈ സാഹചര്യത്തിൽ കുറെ നാൾ മുന്പ് തൊടുപുഴക്കടുത്തുണ്ടായ ഒരു വാഹനാപകടത്തിൽ യുവനടൻ ബാലയ്ക്ക് പരിക്കേറ്റെന്ന വാർത്തയാണ് ഓർമ്മ വരുന്നത്. അഭിനയ ശേഷിയുടെ അഭാവം മൂലം മലയാളത്തിൽ ക്ലച്ചു പിടിക്കാതിരുന്ന ബാല, സിനിമ ജന ശ്രദ്ധയിൽ വരാൻ നടത്തിയ നാടകം മാത്രമായിരുന്നു ആ അപകടമെന്ന് വെളിവായി. പിന്നോട്ടൊന്ന് തിരിഞ്ഞു നോക്കിയാൽ ഇങ്ങനെയുള്ള സംഭവങ്ങൾ ഇനിയും പലതും നമുക്ക് കാണാം. വലിയ വായിൽ വർത്തമാനം പറയുന്ന പലർക്കും സിനിമ വലിയ നേട്ടങ്ങൾ കൊയ്യാനുള്ള ഒരു പാലം മാത്രമാണ്. ജനപ്രീതിയും വലിയ സൗഭാഗ്യങ്ങളും നേടാൻ അത്തരക്കാർക്ക് മടിയുമില്ല. ഈ മടിയില്ലായ്മയാണോ പ്രേമം വ്യാജ സീഡിയുടെ കാര്യത്തിലും സംഭവിച്ചത് എന്ന സംശയം ന്യായമായിക്കൂടായികയില്ല.
ഒരു സിനിമയ്ക്ക് തിരിക്കഥ അതിപ്രധാനമാണ് എന്നതാണ് പൊതുവേയുള്ള വിശ്വാസം. സിനിമക്ക് തിരക്കഥ തന്നെ ആവശ്യമില്ലെന്ന നിലപാടുകാരനാണ് പ്രേമത്തിന്റെ സംവിധായകൻ. പുതിയ ആരോപണങ്ങൾ ശരിയാണെങ്കിൽ പക്ഷെ, എഴുതി തയ്യാറാക്കിയ ഒരു മികച്ച തിരക്കഥയുടെ അവതരണമാണ് പ്രേമ സീഡിയുടെ പ്രചാരണമെന്ന് കരുതേണ്ടി വരും. ആ തിരക്കഥ പിഴച്ചോ അതോ ഈ ആരോപണങ്ങളും വ്യാജമായിരുന്നോ എന്നൊക്കെയറിയാൻ ഏതായാലും ഭൂമി മലയാളത്തിന് ഇനി ഏറെ കാക്കേണ്ടതില്ല. എന്തായാലും വ്യാജ പ്രേമങ്ങളുടെ കുത്തൊഴുക്ക് ഇതുകൊണ്ടൊന്നും അവസാനിക്കില്ല എന്ന് മാത്രം ഉറപ്പ്.