ജി.കെ; മാന്യതയുടെ മൂർത്തരൂപം
കേരളത്തിന്റെ രാഷ്ട്രീയ നഭോമണ്ധലത്തിലെ മാന്യതയുടെ മൂർത്ത രൂപങ്ങളിലൊന്നായിരുന്നു ഇഷ്ടക്കാർ ജി.കെ എന്ന് വിളിച്ചിരുന്ന സ്പീക്കർ ജി.കാർത്തികേയൻ. കഴിവതും വിവാദങ്ങളിൽ പെടാതെയും തന്റെ വ്യക്തിത്വത്തിൽ കരി തേയ്ക്കാൻ ശ്രമിച്ച വിവാദങ്ങളെ വ്യക്തിശുദ്ധി കൊണ്ട് നേരിട്ടും എന്നും തലയുയർത്തി നിന്ന നേതാവ്. തനിക്കു ശരിയെന്നു തോന്നുന്ന കാര്യങ്ങളിൽ ഉറച്ചു നിൽക്കാനും ആ നിലപാടുകൾക്കു വേണ്ടി നിരന്തരം ശബ്ദമുയർത്താനും എന്നും അദ്ദേഹം ശ്രദ്ധവെച്ചു. ഈ കാർക്കശ്യം പുലർത്തുന്പോഴും തനിക്കൊപ്പമുള്ള ജനങ്ങളുടെ വിശ്വാസം ആർജ്ജിക്കാനും അത് നില നിർത്താനും ജി.കാർത്തികേയൻ എന്ന നേതാവിനു കഴിഞ്ഞു.
ഒരു മിടുക്കനായ വിദ്യാർത്ഥിയിൽ നിന്നും മിടുമിടുക്കനായ രാഷ്ട്രീയക്കാരൻ എന്ന നിലയിലേക്ക് വഴിമാറിയതാണ് ജി.കാർത്തികേയന്റെ വ്യക്തി ജീവിതം. വിദ്യാഭ്യാസ മികവുകൊണ്ട് ഔന്നിത്യങ്ങൾ കീഴടക്കാനാവുമായിരുന്നു അദ്ദേഹത്തിന്. പക്ഷെ രാഷ്ട്രീയ തട്ടകത്തിൽ ആ കഴിവിന് തക്ക സ്ഥാനമാനങ്ങൾ പലപ്പോഴും അദ്ദേഹത്തെ തേടിയെത്തിയിരുന്നില്ല എന്നതാണ് വാസ്തവം. രാഷ്ട്രീയ ജീവിതത്തിന്റെ തുടക്ക കാലത്ത് കപ്പിനും ചുണ്ടിനുമിടയിൽ കേരള യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ സ്ഥാനം നഷ്ടപ്പെട്ടത് മുതലിങ്ങോട്ട് അതിനു ഉദാഹരണങ്ങൾ ഒട്ടേറെ. അന്ന് വയലാർ രവി ഇടപെട്ട് ആ സ്ഥാനം നീലലോഹിതദാസൻ നാടാർക്കു നൽകുകയായിരുന്നു. ഒടുവിൽ സമീപ കാലത്ത് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും സംയുക്തമായി പിന്തുണച്ചിട്ടും കേരള പ്രദേശ് കോൺഗ്രസ് കമ്മറ്റിയുടെ അദ്ധ്യക്ഷ സ്ഥാനവും അദ്ദേഹത്തിനു നഷ്ടമായി. ഇത്തവണ രാഹുൽ ഗാന്ധിയുടെ താൽപ്പര്യമായിരുന്നു വില്ലനായത്. എന്നാൽ ഈ നഷ്ടങ്ങളുടെയൊന്നും കാര്യകാരണങ്ങളേക്കുറിച്ച് ജി.കാർത്തികേയൻ പരസ്യമായി ആകുലപ്പെട്ടിരുന്നില്ല. ഇതുകൊണ്ടൊന്നും കോൺഗ്രസ് കക്ഷിയോടുള്ള അദ്ദേഹത്തിന്റെ കൂറിനും ഒട്ടും കുറവുണ്ടായില്ല.
ബ്രൂണെയിൽ പ്രവാസിയായിരുന്ന അച്ഛൻ ഗോപാലപിള്ളക്കൊപ്പമായിരുന്നു കാർത്തികേയന്റെ കുട്ടിക്കാലം. കാർത്തികേയൻ എന്ന മിടുക്കൻ പഠിച്ച് ഏതെങ്കിലും ഉന്നത ഔദ്യോഗിക പദവികളിൽ എത്തുമെന്നായിരുന്നു അച്ചന്റെ കണക്കുകൂട്ടൽ. ആ വഴിക്ക് തന്നെയായിരുന്നു മകന്റെയും പോക്ക്. അന്ന് തുടങ്ങിയതാണ് പരന്ന വായന. വായനാ സൗകര്യം കൂടി പരിഗണിച്ചാണ് കൊല്ലം എസ്.എൻ കോളേജിൽ പ്രീഡിഗ്രിക്ക് ചേർന്നത്. പക്ഷെ അപ്രതീക്ഷിതമായി അദ്ദേഹം വിദ്യാർത്ഥി രാഷ്ട്രീയത്തിലേക്ക് എത്തിപ്പെട്ടു. സിവിൽ സർവ്വീസ് സ്വപ്നം കണ്ടു നടന്ന മിടുക്കൻ അങ്ങനെ സിവിൽ സർവ്വീസുകാരെയും നയിക്കുന്ന നേതാവും ജനപ്രതിനിധിയും മന്ത്രിയും ഒടുവിൽ സ്പീക്കറും ഒക്കെയാവുകയായിരുന്നു.
സമകാലീനരായ യുവ നേതാക്കളൊക്കെ മാതൃസംഘടന വിട്ട പ്രത്യേക സാഹചര്യത്തിൽ ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തെ പിന്തുണച്ച് പാർട്ടി വിദ്യാർത്ഥി വിഭാഗം സംസ്ഥാന അദ്ധ്യക്ഷനായ അദ്ദേഹം ലീഡർ കെ.കരുണാകരന്റെ വിശ്വസ്തരിൽ ഒരാളായാണ് ശ്രദ്ധേയനായത്.
രാഷ്ട്രീയ യാത്രക്കിടക്ക് തിരുത്തൽ വാദവുമായി ലീഡറോട് വിട പറഞ്ഞു. രാഷ്ട്രീയപരമായ അഭിപ്രായ വ്യത്യാസങ്ങൾക്കും താൽപ്പര്യങ്ങൾക്കുമുപരി എല്ലാവരോടും മികച്ച ബന്ധം നിലനിർത്തിയ നേതാവായിരുന്നു അദ്ദേഹം. ഒരു മികച്ച ജനപ്രതിനിധിയെയും ഭരണകർത്താവിനെയും സർവ്വോപരി അനുകരണീയമായ വ്യക്തിത്വത്തെയുമാണ് സ്പീക്കർ ജി.കാർത്തികേയന്റെ വിയോഗത്തിലൂടെ ഭൂമിമലയാളത്തിനു നഷ്ടമാകുന്നത്.