കാശ്മീരും കരുതലും
പ്രത്യേക പദവി എടുത്തു കളഞ്ഞാലും ഇല്ലെങ്കിലും ഏറെ പ്രത്യേകതകളുള്ള സംസ്ഥാനമാണ് ജമ്മു കാശ്മീർ. ഭാരതാംബയുടെ ശിരസും കിരീടവും ഒക്കെയാണ് ആ സംസ്ഥാനം. പണ്ടേയ്ക്ക് പണ്ടേ പ്രസിദ്ധമായ ഭൂവിഭാഗം. ചൈനയിൽ നിന്നുള്ള പട്ടു പാത മൂലം വാണിജ്യ ചരിത്രത്തിലും അവാച്യമായ ഭംഗികൊണ്ട് കവിതകളിലും ഇടം നേടിയ ഭൂമി. ഭൂമിയിൽ ഒരു സ്വർഗ്ഗമുണ്ടെങ്കിൽ അത് ഇതാണ് എന്ന് സൗന്ദര്യാരാധകനായിരുന്ന പണ്ധിറ്റ് ജവഹർലാൽ നെഹ്‌റു വിശേഷിപ്പിച്ചത് കാശ്മീർ താഴ്്വരയെ കുറിച്ചായിരുന്നു. സൗന്ദര്യം അധികമായാൽ ഉണ്ടാകുന്ന പ്രശ്നങ്ങളെല്ലാം കാശ്മീരിനെ കൊണ്ട് നമുക്കുണ്ട്. സ്വാതന്ത്ര്യ പ്രാപ്തി തൊട്ടിങ്ങോട്ട് രാജ്യം ആ ഭൂവിഭാഗം മൂലമുള്ള ബുദ്ധിമുട്ടുകൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷെ കയ്ച്ചിട്ട് ഇറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും വയ്യ എന്നതു പോലെയാണ് നമുക്ക് കാശ്മീർ. അതുകൊണ്ടാണ് കാശ്മീർ ഒരു പ്രശ്നമാകുന്നത്.
ഭാരതം പോലൊരു സ്വതന്ത്ര പരമാധികാര രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം അതീവ നിർണ്ണായകമായ ഭൂവിഭാഗമാണ് ജമ്മു കാശ്മീർ. വടക്കൻ മേഖലയിലെ പാക്− ചൈന അച്ചുതണ്ടിന്റെ ചങ്ങാത്തത്തിനു വലിയ തോതിൽ തടയിടുന്നതാണ് ജമ്മു കാശ്മീരിന്റെ സ്ഥാനം. അതുകൊണ്ട് തന്നെയാണ് പടിഞ്ഞാറു നിന്നും പാകിസ്ഥാനും പാക് അനുകൂല ഭീകര വാദികളും അനു നിമിഷം ആ മണ്ണിലേക്ക് കടന്നു കയറാൻ ശ്രമം തുടരുന്നത്. കിഴക്കു ഭാഗത്ത് ഇന്ത്യയുമായുള്ള അതിർത്തി മാറ്റിവരയ്ക്കാൻ ചൈനീസ് പട്ടാളവും സർവ്വ തന്ത്രങ്ങളും പയറ്റാൻ കാരണവും ഇതു തന്നെ.
വിദേശ ശക്തികളുടെ ഈ താൽപ്പര്യങ്ങൾ ഇല്ലാതാക്കുകയെന്നതാണ് പ്രശ്നത്തിൽ ഭാരതത്തിന്റെ ആത്യന്തികമായ നിലപാട്. ചരിത്രവും വസ്തുതകളും ഇക്കാര്യത്തിൽ ഇന്ത്യക്ക് അനുകൂലവുമാണ്. ആയിരത്തി തൊള്ളായിരത്തി നാൽപ്പത്തിയേഴ് ആഗസ്റ്റ് 15 ന് ഭാരതം സ്വാതന്ത്ര്യം പ്രാപിക്കുന്പോഴും മഹാരാജാ ഹരി സിംഗിന്റെ കാശ്മീർ ഇന്ത്യക്കോ പാകിസ്താനോ ഒപ്പം ചേർന്നിരുന്നില്ല. രണ്ടു മാസത്തിനു ശേഷം ഒക്ടോബർ 20ന് പാകിസ്ഥാന്റെ പിന്തുണയോടെ ഒരുവിഭാഗമാൾക്കാർ രാജ്യഭരണം പിടിച്ചെടുക്കാനും പാകിസ്ഥാന്റെ ഭാഗമാകാനും ശ്രമമാരംഭിച്ചു. രാജ്യം പാകിസ്ഥാന് അടിയറ വെച്ചാലുണ്ടാകുന്ന ഭാവിഷ്യത്തുകളെ കുറിച്ച് കൃത്യമായ ധാരണയുണ്ടായിരുന്ന ഹരിസിംഗ് അടിയന്തിരമായി ഇന്ത്യയുടെ സഹായം അഭ്യർത്ഥിച്ചു. ഒക്ടോബർ 26 ന് ഇന്ത്യ കാശ്മീരിനെ ഏറ്റെടുക്കുന്നതു സംബന്ധിച്ച് മഹാരാജാ ഹരിസിംഗും അന്നത്തെ ഗവർണർ ജനറൽ മൗണ്ട് ബാറ്റണും തമ്മിൽ ഉടന്പടി ഒപ്പിട്ടു. അങ്ങനെ അന്നത്തെ മറ്റു പല നാട്ടു രാജ്യങ്ങളെയും പോലെ കാശ്മീരും ഇന്ത്യയുടെ ഭാഗമായി. പക്ഷെ പാകിസ്ഥാന് ഇക്കാര്യം ഇന്നും ഉൾക്കൊള്ളാനായിട്ടില്ല. തുടർന്ന് രണ്ടു തവണ ആവും വിധം ഇന്ത്യയുമായി യുദ്ധം ചെയ്തു നാണംകെട്ട പരാജയം ഏറ്റു വാങ്ങിയിട്ടും അതിൽ നിന്നൊന്നും ആ രാജ്യം പാഠം പഠിക്കുന്നില്ല.
പാകിസ്ഥാന്റെ പാഠം പഠിക്കാഴികയ്ക്കും അന്ധമായ ഭാരത വിരോധത്തിനും അപ്പുറം നിക്ഷിപ്ത താൽപ്പര്യക്കാരായ ചില ലോക ശക്തികളുടെ താൽപ്പര്യങ്ങളും അതിനു നമ്മുടെ അതിർത്തിക്കുള്ളിൽ തന്നെയുള്ള ചില ദേശ ദ്രോഹികൾ അരു നിൽക്കുന്നതുമൊക്കെയാണ് ഈ പ്രശ്നം ഇങ്ങനെ വഷളായി തുടരാൻ കാരണം. പുറത്തു നിന്നുള്ള ശത്രുക്കളെ നമുക്ക് കായികമായി എതിർത്തു തോൽപ്പിക്കാം. പക്ഷേ അവരെക്കാൾ ഭയക്കേണ്ടത് അതിർത്തിക്ക് അകത്തുള്ള ശത്രുക്കളെയാണ്. ശത്രുവിന് ഒത്താശ ചെയ്യുന്ന സ്വന്തം സഹോദരങ്ങളാണ് കാശ്മീരിൽ ഭാരതം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. കൂട്ടിൽ വിസർജ്ജിക്കുന്ന ഇത്തരം യഥാർത്ഥ കുലംകുത്തികളെ പൂർണ്ണമായും അമർച്ച ചെതാലേ ജമ്മു കാശ്മീരിൽ ശാശ്വതമായ സമാധാനം കൈവരിക്കാൻ പറ്റൂ. കേന്ദ്രത്തിൽ അധികാരത്തിലുള്ള എൻ.ഡി.എ സർക്കാർ ഇക്കാര്യത്തിൽ പ്രതിജ്ഞാബദ്ധമാണ് എന്നുതന്നെയാണ് പൊതുവേയുള്ള ധാരണ. ജമ്മു കാശ്മീർ നിയമ സഭാ തിരഞ്ഞെടുപ്പു വേള വരെ ആ ധാരണ ശരിയുമായിരുന്നു. എന്നാൽ സംസ്ഥാനത്ത് അധികാര പങ്കാളിത്തത്തിനായി പി.ഡി.പി എന്ന രാഷ്ട്രീയ കക്ഷിയുമായി സഖ്യത്തിനിറങ്ങിയതു മുതൽ ഈ ധാരണ തിരുത്തപ്പെടുകയാണ്. എന്ത് തന്ത്രത്തിന്റെ ഭാഗമാണ് എങ്കിലും പാകിസ്ഥാനോട് മൃദു സമീപനവും കൂറും പുലർത്തുന്ന ഒരു സംഘടനയുമായി ഭാരതീയ ജനതാ പാർട്ടി സഹകരിക്കുന്നത് ഒരു രാഷ്ട്ര സ്നേഹിക്കും അംഗീകരിക്കാനാവില്ല. കാശ്മീരിലെ സമാധാന പരമായ തിരഞ്ഞെടുപ്പു പ്രക്രിയക്ക് മുഖ്യ മന്ത്രി മുഫ്തി മുഹമ്മദ് സയീദ് നന്ദി പറഞ്ഞത് പാകിസ്ഥാനോടും തീവ്രവാദ സംഘടനകളോടുമാണ്. തിഹാർ ജയിലിൽ വധ ശിക്ഷ നടപ്പാക്കപ്പെട്ട പാർലമെന്റ് ആക്രമണക്കേസ് പ്രതി അഫ്സൽ ഗുരുവിന്റെ മൃതദേഹം വിട്ടു കിട്ടണമെന്ന പി.ഡി.പിയുടെ ആവശ്യവും പിന്നാലെയെത്തി. ഇതിനെതിരെ പ്രതിഷേധം വ്യാപകമാവുകയാണ്.
പി.ഡി.പിയുടെ നിലപാട് നമ്മുടെ താൽപ്പര്യങ്ങൾക്ക് എതിര് തന്നെയാണ്. കാശ്മീരിൽ പി.ഡി.പിയുമായി അധികാരം പങ്കിടുകയും ഭാരതത്തിന്റെ ഭരണയന്ത്രം തിരിക്കുകയും ചെയ്യുന്ന ഭാരതീയ ജനത പാർട്ടി ഈ യാഥാർത്ഥ്യം തിരിച്ചറിഞ്ഞേ മതിയാവൂ. കോൺഗ്രസ് മുക്ത ഭാരതം എന്ന ലക്ഷ്യം സാധിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ബി.ജെ.പി കാശ്മീരിൽ പി.ഡി.പിയുമായി ഭരണം പങ്കിടുന്നത്. പക്ഷെ കോൺഗ്രസ് മുക്ത ഭാരതത്തേക്കാൾ നമുക്കാവശ്യം തീവ്ര
വാദമുക്ത ഭാരതമാണ്. കരുത്തനായ പ്രധാനമന്ത്രിയും ഭരണ കക്ഷിയും ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തിയേ മതിയാവൂ.