ചിന്തകളെ..വാപസി...
“അപ്പോൾ എങ്ങിനെയാ കാര്യങ്ങൾ. താങ്കൾ അങ്ങോട്ടു പോയോ, അതോ ഭാര്യ ഇങ്ങോട്ട് വന്നോ. മക്കൾ ഇനി എങ്ങോട്ടു പോകും...” കഴിഞ്ഞ എട്ടിലധികം വർഷങ്ങളായി എന്നെയും എന്റെ ഭാര്യയെയും ഏറ്റവുമധികം രസിപ്പിച്ചുകൊണ്ടിരിക്കുന്ന അത്യുഗ്രൻ ചോദ്യമാണിത്. വ്യത്യസ്തമായ രണ്ട് മതങ്ങളിൽ പെട്ടവർ വിവാഹം കഴിക്കുന്പോൾ നമ്മുടെ ഉദ്ബുദ്ധരായ സമൂഹത്തെ വേവലാതിപ്പെടുത്തുന്ന ചിന്തകളാണിവ.
കഴിഞ്ഞ ദിവസം ആമിർഖാന്റെയും ഹിറാനിയുടെയും പികെ എന്ന പുതിയ ചിത്രം കാണുകയുണ്ടായി. മതങ്ങളെ വിമർശിക്കുന്നുവെന്നതിന്റെ പേരിൽ ഈ ചിത്രം നിരോധിക്കണമെന്ന് പറഞ്ഞ് കോടതിയിൽ കേസ് കൊടുക്കാൻ വരെ പലരും തയ്യാറായിരുന്നു. ഒരു ബോളിവുഡ് ചിത്രത്തിന്റെ അൽപ്പം മസാലകളൊക്കെ ഇതിലും ഉണ്ടായിരുന്നുവെങ്കിലും ഈ ചിത്രത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ചവർ ചില ചോദ്യങ്ങൾ നമ്മുടെ മനസിൽ ഇടുന്നുണ്ട്. അതാണ് ഇന്നത്തെ കുറിപ്പിന് ആധാരം.
മുന്പ് നമുക്ക് ഒരു കവിയുണ്ടായിരുന്നു. വയലാർ രാമവർമ്മ. കാന്പുള്ള നിരവധി ഗാനങ്ങളും കവിതകളും അദ്ദേഹം നമുക്ക് നൽകിയിട്ടുണ്ട്. അതിൽ ഏറ്റവുമധികം എന്നെ സ്വാധീനിച്ചിട്ടുള്ള വരികൾ ഇതാണ്.
‘‘മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു
മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു
മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി
മണ്ണു പങ്കു വച്ചു
മനസ്സു പങ്കു വച്ചു’’..
ഇന്ന് നമ്മിൽ എത്ര പേർക്ക് ഇങ്ങിനെ എഴുതാനുള്ള ധൈര്യം ഉണ്ടെന്ന് അറിയില്ല. ഈകാലത്ത് രാവിലെ മുതൽ രാത്രി വരെ നമ്മൾ ചർച്ച ചെയ്യുന്നത് മതങ്ങളെ പറ്റിയാണ്. മനുഷ്യൻ ഉണ്ടാക്കിയെടുത്ത ദൈവങ്ങളെ പറ്റിയാണ്. മറിച്ച് ദൈവം ഉണ്ടാക്കിയ മനുഷ്യനെ പറ്റിയല്ല. മനസും, മണ്ണും, സന്പത്തും മതങ്ങൾ പങ്ക് വെച്ചെടുക്കുന്പോൾ മനുഷ്യൻ തികച്ചും തനിയെ ആകുന്നു. ഘർ വാപസി മുതൽ, ലൗ ജിഹാദ് മുതൽ മതപരിവർത്തനങ്ങൾ വരെ നമ്മുടെ മുന്പിൽ വലിയ വാർത്തകൾ ആകുന്പോൾ പട്ടിണി കൊണ്ട് പൊറുതി മുട്ടുന്ന കോടിക്കണക്കിന് ആളുകൾ നമുക്ക് വിഷയമാകുന്നില്ല. ഉറങ്ങാത്ത നേരത്തൊക്കെ നമ്മൾ കേൾക്കുന്നത് മതത്തിന്റെ പേരിലുള്ള ആക്രമണങ്ങളും, കൊലപാതകങ്ങളും. പിഞ്ചുകുഞ്ഞുങ്ങൾ മുതൽ വാർദ്ധക്യത്തിന്റെ ആധിക്യത്തിൽ കഴിയുന്നവർ വരെ ഈ ആക്രമങ്ങളുടെ ഇരകളാകുന്ന കാഴ്ച്ചകൾ. ഉറങ്ങുന്ന നേരത്ത് കാണുന്നത് ദുഃസ്വപ്നങ്ങൾ.
ദൈവം സ്നേഹമാണെന്ന് നാഴികയ്ക്ക് നാൽപ്പത് വട്ടം വിളിച്ചുപറയുന്നവരാണ് മിക്ക മതാചാര്യമാരും. അങ്ങിനെയെങ്കിൽ അവർ ചൂണ്ടികാണിക്കുന്ന ദൈവത്തിന്റെ കൂടെയല്ലാത്തവർ ശിക്ഷിക്കപ്പെടും എന്ന ചിന്ത പരത്താൻ അവരെ പ്രേരിപ്പിക്കുന്നത് എന്തായിരിക്കും. എനിക്ക് മാത്രമാണ് ഈ ദൈവം എന്ന് വാശി പിടിക്കുന്നത് എന്തു കൊണ്ടായിരിക്കും. നിന്റെ ദൈവം എന്റെ ദൈവത്തിന്റെ ശത്രുവാണെന്ന് കരുതുന്നത് എന്തു കൊണ്ടായിരിക്കും. സത്യത്തിൽ ദൈവത്തിനെ തേടി പോകേണ്ട ആവശ്യമുണ്ടോ. ദൈവം നമ്മുടെ കൂടെ അല്ലെ ഉണ്ടാവുക. അതോ വിളിച്ചാൽ മാത്രം വരുന്ന ശക്തിയാണോ ദൈവം. ദൈവത്തിന് പണത്തിന്റെ കുറവുണ്ടോ. അതു കൊണ്ടാണോ ഓരോ ആരാധനാലയങ്ങളിലേയും ഭണ്ധാര പെട്ടികൾ നിറഞ്ഞു കവിയുന്നത്. ദൈവത്തിന് നമ്മോട് നേരിട്ട് ബന്ധപ്പെടാൻ സാധിക്കില്ലേ. എന്തിനാണ് നമുക്കിടയിൽ ബ്രോക്കർമാർ പെരുകുന്നത്. ദൈവത്തെ ഇടയ്ക്കിടെ എക്സ്ചേഞ്ച് ചെയ്യാൻ സാധിക്കുമോ. അതിന് വഴിയൊരുക്കുന്നതാണോ വിവാഹങ്ങൾ പോലുള്ള ബന്ധങ്ങൾ. അതു പോലെ ഈ ലോകത്ത് സസ്യാഹാരികളോ, മാംസാഹാരികളോ ആണ് മിക്കവരും. ഞാൻ സസ്യാഹാരിയായത് കൊണ്ട് എന്റെ കുടുംബം മുഴുവൻ അത് പിന്തുടരണമെന്ന് പറയുന്നത് വിഢ്ഢിത്തമല്ലെ.
ഇങ്ങിനെ ദൈവത്തെ കുറിച്ച് നമുക്ക് ഓരോരുത്തർക്കും അനവധി ചോദ്യങ്ങളുണ്ടാകാം. പക്ഷെ ഉത്തരങ്ങൾ തനിയെ തേടുന്നതാണ് നല്ലത്. അല്ലെങ്കിൽ ഏതെങ്കിലും ഒന്നിൽ നമ്മൾ നമ്മെ തന്നെ തളച്ചിടും. ചിന്തിക്കേണ്ടത് നമ്മൾ മനുഷ്യരാണ്. എത്ര വലിയ കഴിവുള്ളയാളായാലും കൂടി പോയാൽ ഒരു നൂറ് വർഷം ഭൂമിയിൽ ജീവിക്കാൻ സാധിക്കുന്ന വെറും ഒരു സാധാരണ ജീവിയാണ് മനുഷ്യൻ. ആ ജീവിതത്തിൽ ഒരിക്കൽ പോലും പോയിമറഞ്ഞ കാലം നമുക്ക് തിരികെ കൊണ്ടു വരാൻ സാധിക്കില്ല. ഒരു നിമിഷം അമ്മയുടെ മടിയിൽ കിടക്കുന്ന പിഞ്ചുപൈതലായി മാറാൻ നമുക്കാർക്കും തന്നെ ശാരീരികമായി സാധിക്കില്ല. വീണ്ടും ഓർത്തുപോകുന്നത് വയലാറിന്റെ ആ വരികൾതന്നെ.
‘‘ഹിന്ദുവായി, മുസൽമാനായി, ക്രിസ്ത്യാനിയായി
നമ്മളെ കണ്ടാലറിയാതായി
ആയിരമായിരം മാനവ ഹൃദയങ്ങൾ
ആയുധപ്പുരകളായി.
സത്യമെവിടെ, സൗന്ദര്യമെവിടെ?
സ്വാതന്ത്ര്യമെവിടെ, നമ്മുടെ
രക്ത ബന്ധങ്ങളെവിടെ?
മനുഷ്യൻ തെരുവിൽ മരിക്കുന്നു...
മതങ്ങൾ ചിരിക്കുന്നു’’
നമ്മുടെ ഇടയിൽ ഒരാൾ അഹം ബ്രഹ്മാസ്മി എന്നു പറയുന്പോൾ മറ്റേയാൾ അനൽഹഖ് എന്നു പറയുന്നു. സത്യത്തിൽ രണ്ടും ഒന്നുതന്നെയല്ലെ, ഭാഷയല്ലെ ഒന്നിനെ പലതാക്കുന്നത്...ചിന്തകളെ... വാപസി... !!!
പ്രദീപ് പുറവങ്കര

