വയസ്സ് കൂടിയ ചുള്ളന്മാർ...
ഒരു ക്രിസ്തുമസ്സ് രാവ് കൂടി നമ്മുടെ ജീവിതത്തിൽ നിന്ന് മാഞ്ഞിരിക്കുന്നു. ഇനിയുള്ളത് പുതുവർഷത്തിന്റെ പ്രതീക്ഷയാണ്. കഴിഞ്ഞ രണ്ടുദിവസമായി വിവിധ തരത്തിലുള്ള ക്രിസ്തുമസ്സ് ആശംസ സന്ദേശങ്ങൾ പല രീതിയിലും നമ്മെ തേടിയെത്തിയിരുന്നു. അതിൽ ക്രിസ്തുമസ് അപ്പൂപ്പനുമായി ബന്ധപ്പെട്ട ഒരു സന്ദേശം കുറച്ചൊന്നുമല്ല എന്നെ ചിന്തിപ്പിച്ചത്. സാൻ്റാ ക്ലോസിന്റെ തൊപ്പിയൊക്കെ ഇട്ട് ഒരു ‘‘ചുള്ളൻ ചെക്കൻ’’ നിൽകുന്ന ചിത്രമായിരുന്നു അത്. സാന്റായ്ക്ക് വയസ്സായെന്നും, അദ്ദേഹത്തിന് പകരം ഇനി ഈ ചെറുപ്പക്കാരനാണ് ആ സ്ഥാനം അലങ്കരിക്കുകയെന്നുമായിരുന്നു ആ സന്ദേശത്തിന്റെ ആശയം. പഞ്ഞിക്കെട്ട് പോലെയുള്ള താടിയുമായി ലോകത്ത് എല്ലായിടത്തും പാഞ്ഞെത്തുന്ന അപ്പൂപ്പന് പകരം ഹോളിവുഡ് നടന്റെ മസിലുകളുള്ള ഒരു യുവാവായ സാന്റാക്ലോസ്!!
എന്തായാലും ഇത് കണ്ടപ്പോൾ പ്രായകൂടുതൽ നമുക്ക് സഹിക്കാൻ പറ്റാത്ത ഒരു കാര്യമായി മാറുകയാണെന്ന് തോന്നിപ്പോയി. ഇന്ന് ഇൻഷൂറൻസ് കന്പനികളുടെ പരസ്യത്തിൽ പോലും പറയുന്നത് നാൽപത് വയസിൽ തന്നെ റിട്ടയർമെന്റ് എടുത്ത് വീട്ടിലിരിക്കാനാണ്. ഇങ്ങിനെ ചെറുപ്പക്കാർക്ക് വേണ്ടി മാത്രമുള്ള ഒരു പുതിയലോകം പടുത്തയർത്തുന്പോഴും ചില വൃദ്ധന്മാരെ പറ്റിയുള്ള വാർത്തകൾ നമ്മെ ഞെട്ടിക്കുന്നവയാണ്. കഴിഞ്ഞ ദിവസം കോഴിക്കോട് വെച്ച് വടക്കേ മലബാറിന്റെ കഥകളിയാചാര്യനായ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ അരങ്ങിൽ നിറഞ്ഞാടിയത് അദ്ദേഹത്തിന്റെ നൂറാം വയസ്സിലാണ്. കൃഷ്ണവേഷത്തിലാടിയ തനിക്ക് ഒരു ക്ഷീണവും അനുഭവപ്പെട്ടില്ലെന്ന് അദ്ദേഹം പറയുന്പോൾ തലകുനിക്കേണ്ടത് ചെറുപ്പം പ്രായത്തിലാണ് എന്നവകാശപ്പെടുന്നവർ തന്നെ.
കഴിഞ്ഞയാഴ്്ച ബഹ്റിനിൽ വന്നിരുന്ന മാപ്പിളപാട്ടിന്റെ സുൽത്താൻ ശ്രീ എരഞ്ഞോളി മൂസയും എന്നെ കുറച്ചൊന്നുമല്ല ഞെട്ടിച്ച് കളഞ്ഞത്. 76 വയസായി അദ്ദേഹത്തിന്. എങ്കിലും മിഹ്റാജ് രാവിലെ കാറ്റേ വാ എന്ന് ആ കണ്ഠനാളത്തിൽ നിന്നും ഉതിരുന്പോൾ ആർപ്പ് വിളിക്കാത്തവർ ഇന്നും ചുരുക്കം. ഇവിടെ പരിപാടി അവതരിപ്പിക്കുന്നതിന്റെ തലേ ദിവസം സുഖമില്ലാതെ ആശുപത്രിയിൽ അദ്ദേഹത്തിന് കഴിയേണ്ടി വന്നിരുന്നു. എന്നാൽ പിറ്റേന്ന് അതൊന്നും വകവെക്കാതെ രാത്രി പാകിസ്ഥാൻ ക്ലബ്ബിൽ വെച്ച് ഏതൊരു ചെറുപ്പക്കാരനേക്കാളും ആവേശത്തോടെ അദ്ദേഹം പാടുകയും ഏറെ നേരം ഞങ്ങൾക്കൊപ്പം ചെലവഴിക്കുകയും ചെയ്തു. തിരികെ എയർപോർട്ടിലേയ്ക്ക് പോകുന്പോൾ നാട്ടിലെത്തി അടുത്ത ദിവസം തന്നെ തിരുവനന്തപുരത്ത് പങ്കെടുക്കേണ്ട പരിപാടിയെ പറ്റി വിശദമായി വിവരിക്കുകയായിരുന്നു അദ്ദേഹം. ഇതെഴുതുന്ന ദിവസം നാട്ടിൽ നിന്ന് അദ്ദേഹം ദോഹയിൽ എത്തിയിരിക്കുന്നു. വൈകുന്നേരം അവിടെയും മാപ്പിളപാട്ട് പരിപാടിയാണ്. വാഹ് ഉസ്താദ് എന്നല്ലാതെ എന്ത് പറയാൻ.
നൂറ് വയസ്സിന്റെ മതിൽകെട്ട് തകർത്ത് നമ്മെ സമീപകാലത്ത് വിട്ടുപോയ വ്യക്തിയാണ് വി. ആർ. കൃഷ്ണയ്യർ. സജീവമായി സാമൂഹിക പ്രശ്നങ്ങളിൽ ഇടപ്പെട്ട് മലയാളിയുടെ മനഃസാക്ഷിയായി മാറിയ ഒരു യുവാവായിട്ടാണ് അദ്ദേഹത്തെ ഞാൻ കാണുന്നത്. അതുപോലെ നിലവിൽ കേരളത്തിൽ ഒരു രാഷ്ട്രീയ പ്രശ്നം ഉടലെടുത്താൽ നമ്മളൊക്കെ കാതോർക്കുന്നത് ഒരു 91 വയസുകാരനായ സഖാവ് വേലിക്കകത്ത് ശങ്കരൻ അച്ച്യുതാനന്ദൻ എന്ത് പറയുന്നു എന്നതും ചിന്തിക്കേണ്ട കാര്യമാണ്.
യഥാർത്ഥത്തിൽ റിട്ടയർമെന്റ് എന്ന വാക്കിന്റെ കാഴ്ചപ്പാട് തന്നെ മാറേണ്ട സമയമായിരിക്കുന്നു. അന്പത്തിയഞ്ച് വയസ്സ് ആകുന്പോഴേക്കും ഇന്ന് പലരും ഇനി ഈ ജീവിതത്തിൽ ഒന്നും ചെയ്യാൻ ഇല്ല എന്ന രീതിയിൽ റിട്ടയർമെന്റിന് വേണ്ട തയ്യാറെടുപ്പുകൾ എടുത്തുതുടങ്ങും. പിന്നെ ഒരു മുരടിപ്പാണ് അവർക്കുണ്ടാകുന്നത്. സത്യത്തിൽ എത്രയോ വർഷത്തെ പ്രവർത്തന പരിചയത്തെയാണ് ഒറ്റയടിക്ക് ഏതൊരു സ്ഥാപനവും ഇല്ലാതാക്കുന്നത്. ഇത്തരം ആളുകളെ അതുപോലെ നിർത്തിയില്ലെങ്കിലും, താത്പര്യമുള്ളവരെ കൺസൽട്ടന്റ് ആക്കി വെച്ചാൽ അവർ ആർജ്ജിച്ചു വെച്ച എത്രയോ അറിവുകൾ അവർക്ക് പങ്ക് വെക്കാനുണ്ടാകും എന്നത് ഉറപ്പാണ്. അതിന് പകരം റിട്ടയർമെന്റ് എന്നാൽ മരണത്തെ കാത്തിരിക്കുന്ന സമയമാണെന്ന് വിചാരിക്കുന്നതാണ് ഏറ്റവും വലിയ വിഡ്ഢിത്തം. ക്യാപ്റ്റൻ കൃഷ്ണൻ നായരെ പോലെയുള്ള വ്യക്തികളെയും ഈ നേരത്താണ് ഓർത്തുപോകുന്നത്. 63ാം വയസിലാണ് അദ്ദേഹം തന്റെ ഹോട്ടൽ ബിസിനസ്സിലേയ്ക്ക് പ്രവേശിക്കുന്നത് പോലും.
ഇത്തരം ആളുകളെ പറ്റി ചിന്തിക്കുന്പോൾ ശരിക്കും ആരാണ് യുവാവ് എന്ന ചോദ്യം മനസ്സിലുണരുന്നു. ഇതിനിടെ വാട്സ് ആപ്പിലൂടെ ലഭിച്ച ഒരു ചെറു കുറിപ്പ് താഴെ കൊടുക്കുന്നു. എഴുതിയത് ആരാണെന്ന് അറിയില്ലെങ്കിലും ഏറെ പ്രസക്തമായ വരികൾ ആണിവ.
‘‘നാട്ടിലില്ല
വീട്ടിലില്ല
നാലാൾ കൂടുന്നിടുത്ത് നിലവില്ല
അച്ഛനോടൊപ്പം വയലില്ല
അമ്മയോടൊപ്പം ആശുപത്രിയിലില്ല
മരണവീടിന്റെ മഹാമൗനത്തിലില്ല
കല്യാണവീട്ടിൽ മഹനീയ സാന്നിദ്ധ്യമില്ല
പാർട്ടിയിലില്ല, ജാഥയിലില്ല
പ്രത്യയശാസ്ത്രത്തിലുമില്ല
വായനശാലയുടെ പരിസരത്ത്
നിൻ പൊടിപോലുമില്ല
പ്രിയപ്പെട്ട യുവാവേ..
നീ എവിടെയാണ് ഒളിച്ചിരിക്കുന്നത്
നിന്നെ കാണാൻ കൊതിയാവുന്നു...’’
ഒരു സുഹൃത്ത് ഇതിന് മറുപടി നൽകിയത് ഇങ്ങിനെ. “അവൻ പുതുവെറ്റിലയിൽ നൂറ് തേച്ചോണ്ടിരിപ്പാ, കണ്ണുപൂട്ടാതെ, മുഖമയുർത്താതെ...”
പ്രദീപ് പുറവങ്കര