“മ്യാവോ” വാദികൾ...
ഇപ്പോൾ നമ്മൾ ദിവസവും കേട്ടുകൊണ്ടിരിക്കുന്ന പദമായിമാറികൊണ്ടിരിക്കുകയാണ് മാവോവാദി എന്നത്. മറ്റേതോ ഗ്രഹത്തിൽ നടക്കുന്ന കാര്യം എന്ന രീതിയിലാണ് മലയാളികളായ നമ്മൾ കുറച്ചുകാലമെങ്കിലും ഇത്തരം വാർത്തകളെ നോക്കിക്കണ്ടത്. ശക്തമായ ഒരു നക്സ്ൽ പ്രസ്ഥാനം മുന്പ് കേരളത്തിലുണ്ടായിരുന്നെങ്കിലും അതിനെ വേരോടെ പിഴുതെടുത്തു എന്ന വിശ്വാസമായിരുന്നു ഓരോ തവണയും നമ്മെ ഭരിച്ച ഗവൺമെന്റുകൾ കഴിഞ്ഞ നാളുകളിൽ നമുക്ക് നൽകിയിരുന്നത്.
1960കളുടെ ഒടുവിലാണ് ഇന്ത്യയിൽ നക്സലൈറ്റ് പ്രസ്ഥാനം ശക്തിപ്രാപിച്ചു തുടങ്ങിയത്. ഫ്യൂഡലിസത്തിൽ നിന്നും, സാമ്രാജ്യത്വ ചൂഷണങ്ങളിൽ നിന്നും ഇന്ത്യൻ ജനതയെ മോചിപ്പിക്കാനായാണ് ഇത്തരം പ്രസ്ഥാനങ്ങൾ സജീവമായത്. പിന്നീട്1980കളിൽ ഇത്തരം സംഘടനകൾ അമർച്ച ചെയ്യപ്പെട്ടു. ഇന്ന് മുതലാളിത്ത രാജ്യമായി അതിവേഗം മാറി കൊണ്ടിരിക്കുന്ന ഇന്ത്യയിൽ ജനങ്ങളുടെ ഇടയിലുണ്ടാകുന്ന സാമൂഹികമായ അസന്തുലിതാവസ്ഥയാണ് വീണ്ടും മാവോയിസം പോലെയുള്ള സമാന്തര പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടിയിരിക്കുന്നത്. 2004-ൽ ആന്ധ്രയിലെ പീപ്പിൾസ് വാർഗ്രൂപ്പും മാവോയിസ്റ്റ് കമ്യൂണിസ്റ്റ് സെന്ററും തമ്മിൽ ലയിച്ചതിനുശേഷമാണ് ആയുധ ശക്തിയുടെയും സായുധ സംഘങ്ങളുടേയും കാര്യത്തിൽ അവർ
ശക്തരായത്. സ്വാഭാവികമായി ഉണ്ടാകുന്ന പ്രതിക്ഷേധങ്ങൾക്ക് പുറമേ അതിസാഹസികമായ അക്രമങ്ങളിലേയ്ക്കാണ് ഇവർ പലപ്പോഴും എടുത്തെറിയപ്പെടുന്നത്. അതിനെ ഭീകരവാദമായി ഗവൺമെന്റും, സാധാരണ ജനങ്ങളും കണക്കാക്കുന്നു. സാധാരണ ജനജീവിതത്തെ പോലും ബാധിക്കുന്ന രീതിയിൽ ഇവർ പ്രവർത്തനങ്ങൾ നടത്തുന്പോൾ ആ ഭയം മുതലെടുത്തു കൊണ്ടു പിന്നീട് ഗവൺമെന്റ് ഇവരുടെ വായ മൂടികെട്ടുന്നു.
അക്രമങ്ങൾ ഒഴിവാക്കി ചിന്തകളിലൂടെയും, മറ്റ് സമരങ്ങളിലൂടെയും സാധാരണ ജനങ്ങളെ പ്രബുദ്ധരാക്കാനും, തങ്ങളുടെ പ്രത്യയശാസ്ത്രവും, ലോകവീക്ഷണവും വ്യക്തമാക്കുവാൻ ഇവർ ശ്രമിക്കുകയാണെങ്കിൽ ആരും തന്നെ മാവോയിസ്റ്റുകളെ ഭീകരന്മാരായി ചിത്രീകരിക്കില്ല എന്നതാണ് എന്റെ വിശ്വാസം. ഉന്മൂലന സിദ്ധാന്തത്തിന്റെ വക്താക്കളായി മാറി സമൂഹത്തിലെ ചില സാമൂഹ്യദ്രോഹികളുടെ തലയരിഞ്ഞാലോ, അവരെ ഇല്ലായ്മ ചെയ്താലോ ലോകം നന്നാകുമെന്ന് വിശ്വസിക്കുന്നതാണ് യഥാർത്ഥത്തിൽ മൂഢത്വം. വിപ്ലവത്തിന്റെ പാതയിലാണ് ഇന്ന് ലോകം നീങ്ങി കൊണ്ടിരിക്കുന്നത് എന്നാണ് ഇവരുടെ വാദം. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ അതാത് ഗവണ്മന്റുകൾക്ക് എതിരെ നിൽക്കുന്നവരൊക്കെ സാമ്രാജ്യത്വത്തിനെതിരായ കേന്ദ്രങ്ങളായിട്ടാണ് മാവോവാദികളും, അവരോട് അനുഭാവമുള്ളവരും കാണുന്നത്. ഇതിന്റെ ഉദാഹരണമായിരുന്നു ശ്രീലങ്കയിലെ എൽ.ടി.ടി.ഇ പ്രസ്ഥാനം. പതിറ്റാണ്ടുകൾ നീണ്ടുനിന്ന ഗറില്ല യുദ്ധത്തിനൊടുവിൽ അവർക്ക് തിരിച്ചടി കിട്ടിയപ്പോൾ അവിടുത്തെ ജനങ്ങൾക്ക് ജനാധിപത്യ സംവിധാനത്തിലേയ്ക്ക് നടന്നുനീങ്ങാനുള്ള അവസരം കൈവന്നു. ഇതേ രീതിയിൽ താലിബാനെയും, മതമൗലികവാദികളെയും സാമ്രാജ്യത്വത്തിനെതിരായി പ്രവർത്തിക്കുന്ന സഖ്യശക്തികാളായി കാണുന്നവരും നമ്മുടെ നാട്ടിൽ ഏറി വരികയാണ്.
ഇത്തരം പ്രസ്ഥാനങ്ങൾ മുതലാളി വർഗ്ഗത്തിന് എതിര് നിൽക്കുന്പോൾ തന്നെ രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന തൊഴിലാളിവർഗ്ഗം എന്ത് ചെയ്യുമെന്ന് പറയുന്നില്ല. അവർ എന്നും പറഞ്ഞുകൊണ്ടിരിക്കുന്നത് കാർഷികജോലിയിലൂടെ ജീവിതവൃത്തി കഴിക്കുന്നവരെ പറ്റി മാത്രമാണ്. എന്നാൽ ഒരിടത്ത് പോലും കർഷകർക്കായുള്ള ഒരു പ്രസ്ഥാനവും ഇവർ തുടങ്ങിയതായി കാണുന്നില്ല. ഇന്ന് ഇവർ കുറച്ചെങ്കിലും സജീവമായിരിക്കുന്നത് ആദിവാസി മേഖലകളിലാണ്. മലയും, കുന്നും, കാടും നിറഞ്ഞ ഇവിടങ്ങളിൽ സ്വാഭാവികമായും വികസനം എത്താൻ എടുക്കുന്ന കാലതാമസത്തെയാണ് ഇത്തരക്കാർ ചൂഷണം ചെയ്യുന്നത്. ഇവിടെ ഒളിച്ചിരുന്ന അക്രമണം നടത്താനും എളുപ്പമാണ്. അപ്പോൾ ഇതാണോ രാജ്യത്തെ നയിക്കാൻ പോകുന്ന വിപ്ലവപ്രസ്ഥാനം എന്ന് ചോദിച്ച് പോയാൽ തെറ്റുണ്ടോ. ഇവരുടെ പിന്നിൽ ജനങ്ങൾ ഉണ്ടെന്നുള്ള അവകാശവാദം വിപ്ലവ വസന്തത്തിന്റെ ഇടിമുഴക്കം ആസന്നമായിരിക്കുന്നു എന്ന മുദ്രാവാക്യം പോലെ തീർത്തും പൊള്ളയല്ലേ എന്ന് സംശയിക്കാതിരിക്കാൻ എന്ത് ന്യായമണ് ഉള്ളത്.
അതേ സമയം നമ്മുടെ ഭരണകൂടം ചെയ്യുന്നതും ശരിയായ കാര്യങ്ങളല്ല. അവർ ശ്രദ്ധിക്കേണ്ടത് മാവോവാദികളെ അടിച്ചമർത്താൻ മാത്രമല്ല, മറിച്ച് അവരുടെ ശക്തികേന്ദ്രങ്ങളായ ആദിവാസി ഊരുകളിൽ ശക്തവും, നീതിയുക്തവുമായ പ്രവർത്തനങ്ങൾ നടത്തുവാനാണ്്. മല കയറി അവിടെ എത്തേണ്ടത് തണ്ടർ ബോൾട്ടിന്റെ കരിന്പൂച്ചകൾ മാത്രമല്ല, അറിവിന്റെയും, സഹായങ്ങളുടെയും, കാരുണ്യത്തിന്റെയും നീളുന്ന കൈകൾ കൂടിയാണ്. അതോടൊപ്പം ഇത്തരം ആളുകൾക്ക് പ്രധാനമായും പിന്തുണ ലഭിക്കുന്നത് നഗരങ്ങളിലെ എല്ലാ സൗകര്യങ്ങളും ഉപയോഗിച്ച് ജീവിക്കുന്ന ബുദ്ധിജീവികൾ എന്നറിയപ്പെടുന്നവരിൽ നിന്നാണ്. ഇവരോടും തുറന്ന ചർച്ചകൾ നടത്തേണ്ടതുണ്ട്. ഇല്ലെങ്കിൽ ഒരു കാലത്തും ഈ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകില്ല എന്നു മാത്രമല്ല, സജീവമായ രാഷ്ട്രീയ പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടാൻ സാധിക്കുന്ന ഒരിടം കൂടിയായി മാറും മാവോയിസ്റ്റ് ആക്രമണങ്ങൾ.
എന്തായാലും ഒരു കാര്യം ഉറപ്പാണ്. അതിസാഹസിക രാഷ്ട്രീയത്തിനുള്ള സാധ്യതകളും, സ്വാതന്ത്ര്യവും നമ്മുടെ നാട്ടിലുണ്ടെങ്കിലും, അതുറപ്പായും ഒരു വിപ്ലവവും ഉണ്ടാക്കാൻ പോകുന്നില്ല. ഒടുവിൽ ചെയ്തുപോയ തെറ്റുകളെ ഏറ്റ് പറഞ്ഞ്, നഷ്ടപ്പെട്ട യൗവനത്തെ ഓർത്ത് വിലപിച്ച് അത്മീയതയിലും, അതിസന്പന്നതയിലും മുങ്ങിനീരാടുന്ന കുറേ ‘‘മ്യാവോ’’വാദികളെ മാത്രം കാലം ബാക്കി വെക്കും. വരാൻ പോകുന്ന തലമുറകൾക്കായി...!!
പ്രദീപ് പുറവങ്കര