ക്യൂബാ മുകുന്ദന്മാർ തിരിച്ചറിയേണ്ടത്...
ചെഗുവേരയും, ഫിഡൽ കാസ്ട്രോയും, ക്യൂബയും നമുക്ക് ഏറെ പരിചിതമായ നാമങ്ങളാണ്. സാമ്രാജ്യത്വ ഭീകരതയോടുള്ള ചെറുത്തുനിൽപ്പിന്റെയും, ധൈര്യത്തിന്റെയും പ്രതീകമാണ് നമ്മുടെ നാട്ടിൽ നാലാൾ കൂടുന്ന കവലകളിലൊക്കെ കാറ്റിൽ ആടിയുലയുന്ന അവരുടെ ചിത്രങ്ങൾ. അമേരിക്ക എന്ന ലോകപോലീസുകാരനെ നട്ടം തിരിപ്പിക്കാൻ അരനൂറ്റാണ്ടിലധികം ക്യൂബ എന്ന കൊച്ചുരാജ്യത്തിന് സാധിച്ചു. ആ രാജ്യത്തിന്റെ ചരിത്രം പറയുന്പോൾ ആവേശം കൊള്ളുന്ന ക്യൂബാ മുകുന്ദന്മാർ നമ്മുടെ നാട്ടിൽ ഇന്നും ഏറെയുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം ഇത്തരം ക്യൂബാമുകുന്ദന്മാരെ വിഷമിപ്പിക്കുന്ന ഒരു കാര്യം സംഭവിച്ചിരിക്കുന്നു. ക്യൂബയിൽ അമേരിക്ക ഏറെ വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം സ്ഥാനപതി കാര്യാലയം വീണ്ടും തുറക്കാനുള്ള ധാരണയിൽ എത്തിയിരിക്കുന്നു.
ഇന്ന് ലോകത്തുള്ള മിക്ക കമ്മ്യൂണിസ്റ്റ് രാജ്യങ്ങളുമായി അമേരിക്ക അവരുടെ ബന്ധം മെച്ചപ്പെടുത്തിയിട്ടുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സാന്പത്തികശക്തിയായി മാറിയിരിക്കുന്ന ചൈന ഇതിന്റെ ഉദാഹരണമാണ്. എത്രയോ അമേരിക്കകാരുടെ ജീവൻ നഷ്ടപ്പെട്ട രാജ്യമായ വിയറ്റ്നാമുമായി പോലും അമേരിക്ക ഇന്ന് നല്ല ബന്ധത്തിലാണ്. അതേ സമയം 1961 മുതൽ ക്യൂബയ്ക്ക് മേൽ ഏർപ്പെടുത്തിയ സാന്പത്തിക ഉപരോധത്തിൽ നിന്നും അമേരിക്ക ഇതുവരെ പിന്നോട്ട് പോയിരുന്നില്ല. ഈ സാഹചര്യത്തിലാണ് പുതിയ നീക്കത്തിന് പ്രസക്തി വർദ്ധിക്കുന്നത്. ഇതിന്റെ ഭാഗമായി ഇനി മുതൽ അമേരിക്കൻ പൗരന്മാർക്ക് ക്യൂബയിലേക്കുള്ള യാത്ര വിലക്കുകളിൽ ഇളവുകൾ അനുവദിക്കുന്നതിന് അമേരിക്കൻ പ്രസിഡന്റ് തന്റെ ഭരണനിർവ്വഹണ അധികാരങ്ങൾ ഉപയോഗിക്കും, ഒപ്പം സാധാരണ ക്യൂബക്കാർക്കും അവരുടെ ചെറുകിട വ്യവസായസ്ഥാപനങ്ങളിലേക്കും അയയ്ക്കാവുന്ന പണത്തിന്റെ പരിധി മുന്നു മാസത്തിൽ ഒരിക്കൽ 500 ഡോളർ എന്നത് 2000 ഡോളറായി വർദ്ധിപ്പിക്കും; കെട്ടിട നിർമ്മാണ സാമഗ്രികൾ, കാർഷിക ഉപകരണങ്ങൾ, വാർത്താവിനിമയ ഉപകരണങ്ങൾ എന്നിവയുടെ കയറ്റുമതി അനുവദിക്കും. അമേരിക്കക്കാർക്ക് ഇനിമുതൽ തങ്ങളുടെ ക്രെഡിറ്റ്, ഡബിറ്റ് കാർഡുകൾ ക്യൂബയിലും ഉപയോഗിക്കാൻ സാധിക്കും. മാത്രമല്ല, തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ നിന്നും ക്യൂബയെ സാവധാനത്തിൽ ഒഴിവാക്കുകയും ചെയ്യും.
തികച്ചും ആകർഷകമായ ഓഫറുകൾ തന്നെയാണ് അമേരിക്ക ഇപ്പോൾ ക്യൂബയുടെ മുന്പിലേയ്ക്ക് വെച്ച് നീട്ടിയിരിക്കുന്നത്. അത്യാസന്ന നിലയിലുള്ള ക്യൂബൻ സാന്പത്തികരംഗത്തിനെ പിടിച്ചുനിർത്താൻ ഇത് സഹായകരമാകുമെന്നാണ് റൗൾ കാസ്ട്രോ കരുതുന്നത്. വെനിസ്വേലയിൽ നിന്നുള്ള സബ്സിഡികളാണ് ക്യൂബയെ മുന്പ് താങ്ങിനിർത്തിയിരുന്നത്. എന്നാൽ എണ്ണ വിലയിലുണ്ടായിരിക്കുന്ന ഇടിവ് വെനിസ്വേലയയെയും തളർത്തിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ഇവിടെ നിന്നുള്ള സഹായത്തിന്റെ തോത് അനിശ്ചിതത്വത്തിലാണ്. ഇതാണ് അമേരിക്കയുമായി രമ്യതയിലെത്താൻ ക്യൂബയെ പ്രേരിപ്പിച്ചിരിക്കുന്ന പ്രധാന ഘടകം.
2008ൽ തന്റെ മൂത്ത സഹോദരനായ ഫിഡൽ കാസ്ട്രോയിൽ നിന്നും അധികാരം ഏറ്റെടുത്ത റൗൾ കാസ്ട്രോയുടെ സർക്കാരും അമേരിക്കൻ ഉദ്യോഗസ്ഥരും തമ്മിൽ കാനഡയിൽ കഴിഞ്ഞ 18 മാസമായി നടന്ന രഹസ്യ സംഭാഷണങ്ങളെ തുടർന്നാണ് ഈ പ്രഖ്യാപനങ്ങൾ വന്നിരിക്കുന്നത്. ഫ്രാൻസിസ് മാർപാപ്പയാണ് ഇതിന് മുൻകൈയെടുത്തത്. ഒടുവിൽ ഡിസംബർ 16ന് റൗൾ കാസ്ട്രോയും ഒബാമയും തമ്മിൽ 45 മിനിറ്റ് നീണ്ടുനിന്ന ഒരു ഫോൺ സംഭാഷണത്തിലാണ് ചർച്ചകൾ അവസാനിച്ചു. ഇതിന്റെ ഭാഗമായി 2009 മുതൽ ക്യൂബൻ തടവിലായിരുന്ന അമേരിക്കകാരനായ അലൻ ഗ്രോസിനെ ഡിസംബർ 17ന് ക്യൂബ മോചിപ്പിച്ചു. പകരം, 2001 മുതൽ ദീർഘകാലം തടവിന് ശിക്ഷിക്കപ്പെട്ട മൂന്ന് ക്യൂബൻ ചാരന്മാരെ അമേരിക്കയും വിട്ടയച്ചു. ഇനി ക്യൂബയ്ക്ക് മുകളിലുള്ള സാന്പത്തിക ഉപരോധം പുനഃപരിശോധിക്കേണ്ടത് യുഎസ് കോൺഗ്രസ്സാണ്. അമേരിക്കയും മറ്റ് ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളുമായുള്ള ബന്ധത്തെ പോലും ക്യൂബയുടെ നിസ്സഹകരണം ഏറെ ഉലച്ചിരുന്നു. എന്നാൽ പനാമയിൽ വെച്ച് ഏപ്രിൽ മാസത്തിൽ ചേരുന്ന ഉച്ചകോടിയോടു കൂടി ഇതിന് ഒരു മാറ്റമുണ്ടാകുമെന്നും അമേരിക്ക പ്രതീക്ഷിക്കുന്നു.
എന്തായാലും, ഇങ്ങ് അകലെ കേരളത്തിൽ ആയിരങ്ങൾ ഹൃദയത്തോട് ചേർത്ത് വെച്ചിരിക്കുന്ന വിപ്ലവനക്ഷത്രത്തിന് ചെറുതായെങ്കിലും ഒരു മാറ്റം സംഭവിക്കുകയാണെന്ന തിരിച്ചറിവ് ക്യൂബാ മുകുന്ദന്മാരും മനസ്സ0ിലാക്കിയാൽ നല്ലത് !!
പ്രദീപ് പുറവങ്കര