പിന്നെയും ചങ്കരൻ തെങ്ങിൽ തന്നെ
അടുത്ത ബെല്ലോട് കൂടി സന്പൂർണ മദ്യനിരോധനം എന്ന ഞങ്ങളുടെ ഈ നാടകം ഇവിടെ അവസാനിക്കുകയാണ്. ഇത്രയും നാൾ ഞങ്ങളോട് സഹകരിച്ച ബഹുമാനപ്പെട്ട നിയമപണ്ധിതർ, ശ്രീ ബിജു രമേശ്, സ്നേഹം നിറഞ്ഞ ബാറുടമകൾ, ടൂറിസം വകുപ്പ്, വിവിധ സഭകൾ, ബഹുമാനപ്പെട്ട മാണി സാർ, സർവ്വോപരി ഞങ്ങളുടെ എല്ലാമെല്ലാമായ സുധീരൻ അവർകളോടും എല്ലാവരോടും, എന്റെസ്വന്തം പേരിലും, കെ.പി.സി.സി നാടകസമിതിയുടെ പേരിലും പ്രത്യേകിച്ച് ചെന്നിത്തല സാറിന്റെ പേരിലും അകൈതവമായ നന്ദി പ്രകാശിപ്പിച്ചു കൊള്ളുന്നുവെന്ന് നാടകാചര്യൻ കുഞ്ഞൂഞ്ഞ് പുതുപ്പള്ളി, ഒപ്പ്. ഇന്ന് രാവിലെ വാട്സ്ആപ്പിൽ ലഭിച്ച ഒരു സന്ദേശമാണിത്. നിങ്ങളിൽ പലർക്കും ഇത് കിട്ടി കാണും. ഈ സന്ദേശം വായിച്ചാൽ ഒരു മലയാളി എന്ന നിലയിൽ കുറച്ചൊക്കെ തമാശ തോന്നുമെങ്കിലും നമ്മുടെ നാടിന്റെ ദുരവസ്ഥയാണിത് കാണിക്കുന്നത്. എല്ലുറപ്പില്ലാത്ത രാഷ്ട്രീയ കോമരങ്ങളുടെ കോമാളിത്തരങ്ങൾക്ക് ബലിയാടായി പാവം ജനങ്ങൾ മാറുന്പോൾ ദൈവത്തിന്റെ സ്വന്തം നാട്, പിശാചുക്കളുടേതായി മാറുന്നവോ?
ആഴ്ചകൾക്ക് മുന്പ് കേരളത്തിൽ എന്തൊരു ബഹളമായിരുന്നു. കേരളം സന്പൂർണ മദ്യനിരോധനത്തിലേയ്ക്ക്, എല്ലാ ബാറുകളും പൂട്ടും, ഇനിയൊരറ്റ കുടിയനും ഒരു തുള്ളി മദ്യം കിട്ടില്ല.. അവസാനം പവനായി ശവമായി എന്ന രീതിയിലായിരിക്കുന്നു കാര്യങ്ങൾ. അഭിനവ ഗാന്ധിയായ സുധീരനെ പോലും കടത്തി വെട്ടിക്കൊണ്ട് സന്പൂർണ മദ്യനിരോധനം പ്രഖ്യാപിച്ച ശ്രീ ഉമ്മൻചാണ്ടിയും ഇതോടെ മലക്കം മറിഞ്ഞിരിക്കുന്നു. തുടക്കത്തിൽ ഗാന്ധി തൊപ്പിയും വെച്ച് കാണിച്ച ആവേശം ഖദറിട്ട നേതാക്കൾക്കും ഇല്ലാതായി. വൈകീട്ട് ഒരു പരിപാടിയും നടക്കാതെ വന്നപ്പോൾ അവരും തീരുമാനിച്ചു കാര്യങ്ങൾ ഇങ്ങിനെ പോയാൽ ശരിയാകില്ലെന്ന്. ഇതിനിടിയിൽ മദ്യരഹിത കേരളം എന്ന രോമാഞ്ചം നിറയ്ക്കുന്ന മുദ്രാവാക്യവുമായി ജനപക്ഷ യാത്ര നടത്തി ബാറുമുതലാളിമാരുടെ അടക്കം സംഭാവന വാങ്ങിയ സുധീരൻ കെ.പി.സി.സിയെ അത്യാവശ്യം നല്ല കാശുള്ള സംഘടനയാക്കി മാറ്റുകയും ചെയ്തു. നിലവിൽ മദ്യനയത്തിൽ വെള്ളം ചേർത്തിരിക്കുന്നത് കഴിഞ്ഞ മാർച്ചിൽ നിലവാരമില്ലാത്തതിന്റെ പേരിൽ പൂട്ടിയ 418 ബാറുകളിൽ ബിയർ- വൈൻ പാർലർ ലൈസൻസ് അനുവദിക്കാമെന്ന രീതിയിലാണ്. കൂടാതെ ഞായറാഴ്ചകളിലെ ഡ്രൈ ഡേ സംവിധാനം എടുത്തുമാറ്റാനും തീരുമാനമായിട്ടുണ്ട്. ബാക്കിയുള്ളതും സമയോചിതമായി പുനരവതരിപ്പിക്കുമായിരിക്കും. ബിയറും, വൈനും ലഹരി കുറഞ്ഞ പാനീയങ്ങളായത് കൊണ്ടാണ് അതിന് അനുമതി നൽകിയിരിക്കുന്നത്. സന്പൂർണ മദ്യനിരോധനം തന്നെയാണ് തങ്ങളുടെ നയമെന്ന് മുസ്ലീം ലീഗ് നേതാക്കൾ പറയുന്പോൾ പ്രതിപക്ഷം മദ്യനിരോധനം നടക്കാത്ത സ്വപ്നമാണെന്ന് നേരത്തേ തന്നെ പറഞ്ഞുവെച്ചിട്ടുണ്ട്.
നമ്മുടെ നാട്ടിൽ സന്പൂർണ മദ്യനിരോധനം നടപ്പിലാക്കാൻ സാധിക്കാത്ത ഒരു കാര്യമായിരുന്നുവെങ്കിൽ പിന്നെ എന്തിനായിരുന്നു ഈ കോലാഹലങ്ങൾ എന്നതിന്റെ ഉത്തരമാണ് എന്നിലെ സാധാരണക്കാരൻ ഇന്നന്വേഷിക്കുന്നത്. മുന്പ് തോന്ന്യാക്ഷരത്തിൽ തന്നെ ഇതിനെ പറ്റി സൂചിപ്പിച്ചിരുന്നു. തന്റെ കച്ചവടം പൂട്ടി പോകുമെന്ന ഭീതിയിൽ സാധാരണക്കാരായ ബാർ മുതലാളിമാർ ഈ കഴിഞ്ഞ മാസങ്ങളിൽ പല ബാറുകളുടേയും വിൽപ്പന പോലും നടത്തിയിരിക്കാം. നഗരകേന്ദ്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട മേഖലയിൽ പ്രവർത്തിച്ച ഇത്തരം ബാറുകൾ വളരെ ചെറിയ വിലയ്ക്ക് കൈവശപ്പെടുത്തിയവർ മിക്കവരും രാഷ്ട്രീയ നേതാക്കളുടെ ബന്ധുക്കളോ, സുഹൃത്തുക്കളോ ആയിരിക്കും. ഈ കൈമാറ്റങ്ങൾ പൂർണ്ണമായും കഴിഞ്ഞിൽ സന്പൂർണ മദ്യവിൽപ്പനയും ആരംഭിക്കും. ഇതാണ് ഈ രാഷ്ട്രീയ നാടകത്തിന്റെ പിന്നിലെ യഥാർത്ഥമായ കളിയെന്നാണ് എന്റെ തോന്നൽ. അത് തന്നെയാണ് മുന്പ് മദ്യരാജാവായ വിജയ് മല്യയുടെ പിതാവും കർണ്ണാടകത്തിൽ ചെയ്തിരുന്നത്. എന്തായാലും ഇതിനിടയിൽ തന്റെ മുഖ്യമന്ത്രി കസേരയ്ക്ക് ഭീഷണിയാകുമെന്ന് കരുതിയ കെ.എം. മാണിക്ക് ഒരു പണി കൊടുക്കാനും, ആ സ്വപ്നത്തെ തല്ലിതകർക്കാനും ശ്രീ ഉമ്മൻ ചാണ്ടിക്ക് സാധിച്ചിട്ടുണ്ട്. ഇത്രയധികം പ്രശ്നങ്ങളിലൂടെ കടന്നുപോകുന്പോഴും അധികാരത്തിന്റെ കസേര വിട്ടുകൊടുക്കാതെ പിടിച്ചുനിൽക്കുന്ന കഴിവിനെ സമ്മതിച്ചേ പറ്റൂ. ഒപ്പം ഒന്നു ഊതിയാൽ തെറിച്ചുപോകുന്ന ഗവൺമെന്റിനെ പിടിച്ചുനിർത്തുന്ന പ്രതിപക്ഷത്തെയും സമ്മതിച്ചിരിക്കുന്നു. നിങ്ങളാണ് മക്കളെ ശരിക്കും നമ്മൾ പറഞ്ഞ നടന്മാർ...
പ്രദീപ് പുറവങ്കര