പടിക്കലെത്തുന്ന കാപാലികന്മാർ
ചില നേരങ്ങളിൽ മൗനം എടുത്ത് അണിയേണ്ടി വരുന്ന വെറും മനുഷ്യ ശരീരങ്ങൾ മാത്രമായി നമ്മൾ ചുരുങ്ങി പോകാറുണ്ട്. ചുറ്റും നടക്കുന്ന കാര്യങ്ങൾ കണ്ടും, കേട്ടും, വായിച്ചും മനസ് വിറങ്ങലിക്കുന്പോൾ ശരീരവും മരവിച്ചു പോകുന്നു. ആണുങ്ങൾ കരയാൻ പാടില്ല എന്നത് ബാല്യം മുതൽ കേട്ടു തഴന്പിച്ച കാര്യമാണ്. അണ പൊട്ടി വരുന്ന കണ്ണുനീർത്തുളികൾ മനസിന്റെ ആരും കാണാത്ത, എത്തിപിടിക്കാൻ സാധിക്കാത്ത കോണിൽ പൂട്ടി വെക്കേണ്ടവരാണ് ഉത്തമ പുരുഷന്മാർ. കരയുന്ന പുരുഷന്മാർ വെറും അശക്തരാണ് നമുക്ക്.
ശരിയാണ്, ഞാനും അശക്തനാണ്. അതുകൊണ്ടായിരിക്കുമല്ലോ ഇന്നലെ ഞാൻ കരഞ്ഞു പോയത്. ആ വെറും കരച്ചിൽ ആണല്ലോ എന്നെ ആശ്വസിപ്പിച്ചത്.
ഓസ്ട്രേലിയിലെ സിഡ്നി മുന്പ് എനിക്കൊരു പരിചയവും ഇല്ലാത്ത നാടായിരുന്നു. അവിടെ എന്റെ സഹോദരി കുടുംബസമേതം താമസം ആക്കിയപ്പോഴാണ് ആ നാട് എന്റെയും നാടായി തോന്നിത്തുടങ്ങിയത്. അതുകൊണ്ടായിരിക്കണം കഴിഞ്ഞ ദിവസം സിഡ്നിയിലെ ലിന്റ് കഫെയിൽ ഭീകരാക്രമണം ഉണ്ടായപ്പോൾ എന്റെ നെഞ്ച് ഒന്ന് പിടച്ചത്. സഹോദരി താമസിക്കുന്ന ഇടത്തിൽ നിന്നും പത്തു മിനിറ്റ് അകലെയാണ് ഈ സ്ഥലം എന്ന് കൂടി കേട്ടതോടെ ഭയം വർദ്ധിച്ചു. സ്വന്തം വീട്ടു മുറ്റത്തു ഒരാൾ തോക്കുമായി നിൽക്കുന്നത് മാതിരി. ഇടയ്ക്കിടെ വാട്സ് ആപിൽ ചേച്ചി അയച്ചു തന്ന സന്ദേശങ്ങൾ ഞങ്ങളെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു. ഒടുവിൽ രാത്രിയോടെ എല്ലാം ശരിയായി എന്ന സന്ദേശം വന്നപ്പോഴാണ് ഞങ്ങൾ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ശ്വാസം വീണത്.
പാകിസ്ഥാനിലെ പെഷവാറിൽ എന്റെ അകന്ന ബന്ധത്തിൽ പെട്ടവർ പോലും ആരുമില്ല. അതായിരിക്കണം ഇന്നലെ രാവിലെ അവിടെ ഏതോ ഒരു സ്കൂളിൽ ആക്രമണം നടന്നു എന്ന വാർത്ത വന്നപ്പോൾ ആദ്യം എന്റെ മനസ് പരിഭ്രമിക്കാതിരുന്നത്. ഒരു ആവറേജ് ദേശസ്നേഹിയായ ഇന്ത്യക്കാരന്റെ രക്തം ഞരന്പിൽ ഓടുന്നത് കൊണ്ടാകണം ക്രിക്കറ്റിലും ഹോക്കിയിലും പാകിസ്ഥാൻ തോറ്റു പോകുന്പോൾ എന്റെ ചെറിയ മനസ് ആഹ്ലാദിക്കാറുണ്ട്. കുട്ടികൾക്ക് വേണ്ടിയുള്ള ക്യാന്പിൽ പങ്കെടുക്കുന്പോൾ ആയിരുന്നു വാർത്തകൾ വന്നത്. പതിയെ കാര്യങ്ങൾ മാറിത്തുടങ്ങി. കൂട്ടക്കുരുതിയാണ് ലീഡായി എടുക്കുന്നതെന്ന് ന്യൂസ് ഡസ്കിൽ നിന്ന് പറഞ്ഞപ്പോൾ ചിന്തകൾ മാറിത്തുടങ്ങി.
എന്താണ് നമ്മുടെ ഈ ലോകത്തിനു സംഭവിക്കുന്നത്. എന്നും രാവിലെ മക്കളെ അണിയിച്ചൊരുക്കി സ്കൂളിലേക്ക് അയക്കുന്പോൾ എന്തെന്തു സ്വപ്നങ്ങൾ ആണ് ഓരോ മാതാപിതാക്കളും കാണുന്നുണ്ടാകുക. കുഞ്ഞിക്കാൽ വളരുന്നതും കൊഞ്ചി പുഞ്ചിരിക്കുന്നതും, ഇച്ചിരി പല്ലുകൾ മുളയ്ക്കുന്നതും എത്ര മാത്രം ആഹ്ലാദത്തോടെ ആണ് അവർ കണ്ടിരിക്കുക. ആ സന്തോഷം ഒക്കെ ഒരു പ്രഭാതം കരിച്ചു കളയുന്പോൾ നശിച്ചു പോകും ഏതു താലിബാൻ ആയാലും എന്നല്ലാതെ മനസിന്റെ അടിത്തട്ടിൽ നിന്നും ശപിക്കാൻ അല്ലാതെ നാം വെറും മനുഷ്യൻ എന്ത് ചെയ്യാൻ.
നാളെ ഇവർ നമ്മുടെ പടിവാതിൽക്കലും എത്തുമെന്ന ഭയം മാത്രം ബാക്കിയാകുന്നു. നല്ല സ്വപ്നങ്ങൾ വഴി മാറുന്പോൾ, അസ്വസ്ഥതയുടെ കാർമേഘക്കൂട്ടങ്ങൾ പരക്കുന്പോൾ ജീവിതത്തിന്റെ സൗന്ദര്യം നഷ്ടമാകുന്നു. മരണത്തിന്റെ കരിഞ്ഞ മണം മാത്രം ബാക്കിയാകുന്നു.
എന്റെ ഒരു സുഹൃത്ത് ഇന്ന് ഫേസ് ബുക്കിൽ കുറിച്ചിട്ട വരികൾ മാത്രം കുറിക്കട്ടെ, അറിവ് പലപ്പോഴും ദുഃഖത്തിന്റെ ആരംഭമാണ്... മുറിവുകളാണ് ഏറ്റവും വലിയ അറിവുകൾ.
പ്രദീപ് പുറവങ്കര