ചോക്ലേറ്റുകൾ അലിയുന്നു...
മഞ്ഞണിയുന്ന ഡിസംബർ രാവുകൾക്ക് വല്ലാത്തൊരു സൗന്ദര്യമുണ്ട്. അതിൽ പ്രണയവും, ഭക്തിയും ഒക്കെ ഒരുപോലെ ഇഴുകിചേരുന്നു. വൃശ്ചികത്തിന്റെ കൊടുംതണുപ്പിലും കരിമല ചവുട്ടി ശബരിമലയിലേയ്ക്ക് ശരണം വിളിച്ചു പോകുന്ന സ്വാമിമാർക്കും, സാന്റാക്ലോസിനൊപ്പം ദൈവപുത്രന്റെ തിരുപിറവി ഉദ്ഘോഷിച്ച് പാട്ടുകളോടെ ക്രിസ്തുമസ് രാവുകളിൽ വീടുവീടാന്തരം കയറി ഇറങ്ങുന്ന കാരോൾ സംഘങ്ങൾക്കുമൊക്കെ ഒരേ രൂപവും, ഭാവവുമാണ്്. അതിൽ അടങ്ങിയിരിക്കുന്നത് ഭക്തിയുടെ വികാരങ്ങളാണ്. കൊടും തണുപ്പിനെ പോലും അവഗണിച്ച് മഞ്ഞിനെ എടുത്തണിഞ്ഞ് കൊണ്ട് ആ ദിനങ്ങളെ ആഘോഷമാക്കുന്ന മനുഷ്യശരീരങ്ങൾ. ക്രിസ്തുമസ്സ് കഴിഞ്ഞാൽ പിന്നെ ന്യൂഇയർ ആഘോഷങ്ങളാണ്. ഇത് മുതിർന്നവരിൽ മിക്കവർക്കും പ്രണയാതുരമായ ആഘോഷമാണ്. ഈ ആഘോഷങ്ങളിലൊക്കെ തന്നെ ഒഴിവാക്കാൻ സാധിക്കാത്ത ഒരു കാര്യമാണ് മധുരപലഹാരങ്ങൾ. കേക്കുകളിൽ തുടങ്ങി വിവിധ തരം ചോക്ലേറ്റുകളുടെ ഉത്സവം കൂടിയാണ് ഈ വിശേഷദിവസങ്ങൾ.
ഇന്ന് വിപണിയിൽ നിരവധി ചോക്ലേറ്റുകൾ ലഭ്യമാണ്. പലതരം രൂപത്തിലും, ഷെയ്പ്പിലുമൊക്കെ ഏത് പ്രായത്തിലുള്ളവരും ചൊക്ലേറ്റുകൾ നുണയുന്നു. ശുഭകാര്യങ്ങൾക്ക് മുന്പ് മധുരം നുണയാനാണ് നമ്മൾ പഠിച്ചിരിക്കുന്നത്. ടെലിവിഷൻ പരസ്യങ്ങളിൽ ചോക്ലേറ്റിന്റെ പരസ്യം വരുന്പോൾ നമ്മുടെ നാവിലും വെള്ളമോടും. കുട്ടികാലത്ത് ഓരോ തവണയും ചോക്ലേറ്റ് കഴിക്കുന്പോൾ പല്ല് മോശമാകുമെന്ന മുന്നറിയിപ്പുകളെ നമ്മളൊക്കെ നിഷ്കരുണം തള്ളികളഞ്ഞിട്ടുണ്ട്. വാശിപിടിച്ച് കരയുന്പോഴും നമ്മളെ മയക്കാൻ ഉപയോഗിച്ചിരുന്ന മാന്ത്രിക വാക്കായിരുന്നു ചോക്ലേറ്റ്. കൂടുതൽ ചോക്ലേറ്റ് കഴിച്ചാൽ ആരോഗ്യത്തിന് ഹാനികരമാണെന്ന റിപ്പോർട്ടുകളൊന്നും നമ്മൾ കണ്ടെന്ന് നടിക്കാറില്ല. ബന്ധങ്ങൾ ആരംഭിക്കാൻ ഒരു ചോക്ലേറ്റ് കഷ്ണത്തിനപ്പുറത്തേയ്ക്ക് മറ്റൊരു നല്ല വസ്തുവില്ലെന്നും പറയാറുണ്ട്.
എന്നാൽ ഈ സ്ഥിതിക്ക് അടുത്തു തന്നെ മാറ്റം വരുമെന്നാണ് പുതിയൊരു പഠനം തെളിയിക്കുന്നത്. ഇതിന് കാരണമായിരിക്കുന്നത് ലോക വിപണിയിൽ തന്നെ ചോക്ലേറ്റ് ഉണ്ടാക്കാനുള്ള കൊക്കൊയുടെ ഉത്പാദനം കുറഞ്ഞതാണ്. കൊക്കൊയുടെ എഴുപത് ശതമാനം ഉത്പാദനവും നടക്കുന്നത് ഘാന, നൈജീരിയ, കാമറൂൺ, ഐവറി കോസ്റ്റ് തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിലാണ്. ഇവിടെ 90 ശതമാനം കൊക്കൊ കൃഷിയും നടത്തിവരുന്നത് ചെറുകിട കുടുംബങ്ങളാണ്. മുന്പേ പിന്തുടരുന്ന മാർഗ്ഗങ്ങളാണ് ഇവർ തങ്ങളുടെ കൃഷിയിൽ കൈക്കൊള്ളുന്നത്. ഇതിനോടൊപ്പം കീടനാശിനികളുടെ അമിത ഉപയോഗവും, മറ്റ് വിളകളുടെ അമിതോൽപ്പാദനവും ഇവിടെയുള്ള കൊക്കൊ കൃഷിയെ ബാധിച്ചിട്ടുണ്ട്. അതോടൊപ്പം എബോള ഭീഷണിയും ഈ മേഖലയെ ദോഷകരമായി ബാധിച്ചിരിക്കുന്നു.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കൊക്കൊ വളരെ അപൂർവ്വമായി ലഭിക്കുന്ന ഇനമാകുെമന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ലോകത്തിലെ തന്നെ ഏറ്റവും വലിയ ചോക്ലേറ്റ് ഉത്പാദകരായ സ്വിറ്റ്സർലാന്റിലെ ബാരി കാലെബറ്റ് ഗ്രൂപ്പ് അധികൃതർ പറയുന്നത് 2020ഓടു കൂടി കൊക്കൊയില്ലാത്ത ചോക്ലേറ്റുകൾ കഴിക്കാൻ ചോക്ലേറ്റ് പ്രേമികൾ തയ്യാറെടുക്കണം എന്നാണ്. 2008 മുതൽ ലോകമെന്പാടും കൊക്കൊയുടെ ആവശ്യം വർദ്ധിച്ചുവെന്നാണ് അവർ പറയുന്നത്. ചൈന, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളിലുള്ള മധ്യവർഗ്ഗ കുടുംബങ്ങളുടെ ഇടയിൽ ചോക്ലേറ്റുകളുെട അമിതമായ ഉപയോഗം നടന്നത് കൊണ്ടാണത്രെ ഇത്തരമൊരു ക്ഷാമം നേരിടുന്നത്.
അതുപോലെ തന്നെ ഉള്ള കൊക്കൊയുടെ വില ക്രമാതീതമായി വർദ്ധിക്കുകയാണ്. കഴിഞ്ഞ വർഷം മാത്രം 25 ശതമാനം വില വർദ്ധനവാണ് കൊക്കൊ മേഖലയിൽ ഉണ്ടായതത്രെ. ഇതേ രീതിയിൽ കാര്യങ്ങൾ മുന്പോട്ട് പോവുകയാണെങ്കിൽ സ്വാഭാവികമായും ചോക്ലേറ്റുകൾ എന്നത് വിലപിടിപ്പുള്ള ഏർപ്പാടായി മാറും. മുന്പ് സ്വിറ്റ്സർലാന്റ്, ബെൽജിയം, മെക്സികോ തുടങ്ങിയ രാജ്യങ്ങളായിരുന്നു ചോക്ലേറ്റ് വിൽപ്പന രംഗത്തെ വന്പന്മാർ. എന്നാൽ സമീപകാലത്ത് നമ്മുടെ കൊച്ച് കേരളത്തിൽ വരെ ചോക്ലേറ്റ് ഉണ്ടാക്കി തുടങ്ങിയിരിക്കുന്നു എന്നതാണ് യാഥാർത്ഥ്യം. അതു കൊണ്ട് തന്നെ വലിയൊരു തൊഴിൽ മേഖലയുടെ തകർച്ചയാണ് വരും വർഷങ്ങളിൽ കാത്തിരിക്കുന്നത്.
ഇത് കൂടാതെ ചോക്ലേറ്റ് എന്നാൽ നമുക്ക് കൊക്കൊ കലർന്ന കാപ്പി നിറമുള്ള മധുരപലഹാരമാണ്. എന്നാൽ കൊക്കൊ ഇല്ലാതായാൽ ഉണ്ടാകാൻ പോകുന്നത് വെള്ള ചോക്ലേറ്റുകളായിരിക്കുമത്രെ. അതിൽ വെണ്ണയാണ് ഏറ്റവുമധികം ഉണ്ടാവുക. ഇങ്ങിനെയൊക്കെ സംഭവിച്ചാൽ ചിലപ്പോൾ ഒരു തലമുറ കൊഴിഞ്ഞുപോകുന്പോൾ ചോക്ലേറ്റിന്റെ ഇന്നത്തെ രൂപം പോലും മാറി പോകുമെന്നാണ് ചോക്ലേറ്റ് പ്രേമികളുടെ ആശങ്ക.
വാൽകഷ്ണം: ഇനി ചോക്ലേറ്റുകൾ കിട്ടുന്പോൾ പതിയെ നുണയുക. ആക്രാന്തം കാട്ടാതിരിക്കുക.
പ്രദീപ് പുറവങ്കര